Kerala
ഇ കെ വിഭാഗത്തില്‍ പുതിയ വിവാദം; മുശാവറ പുറത്താക്കിയ ഹക്കീം ഫൈസി ആദൃശ്ശേരി കീഴ്ഘടകത്തിൻ്റെ പരിപാടിയിൽ
സ്വാദിഖലി തങ്ങള്‍ക്ക് നല്‍കിയ യാത്രയയപ്പിലാണ് ആദൃശ്ശേരിയെ പങ്കെടുപ്പിച്ചത്

മലപ്പുറം | ഇ കെ വിഭാഗത്തിന്റെ മലപ്പുറത്തെ പരിപാടിയില്‍ പണ്ഡിതസഭ പുറത്താക്കിയ സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയെ പങ്കെടുപ്പിച്ചത് വിവാദമാകുന്നു. ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്ന ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങള്‍ക്ക് ഇ കെ വിഭാഗം യുവജന വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ആദര്‍ശ വ്യതിയാനത്തെ തുടര്‍ന്ന് പണ്ഡിതസഭ പുറത്താക്കിയ ഹക്കീം ഫൈസിയെയും പങ്കെടുപ്പിച്ചത്. സി ഐ സി- ഇ കെ വിഭാഗം പ്രശ്‌നം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്ന ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പരിപാടിയില്‍ സംബന്ധിച്ചു.
പാണക്കാട് പൂക്കോയ തങ്ങള്‍ വലിയ അളവില്‍ എല്ലാവരെയും ഉള്‍ക്കൊണ്ടുവെന്ന് പരിപാടിയില്‍ ഹകീം ഫൈസി പറഞ്ഞു. ഈ ഉള്‍ക്കൊള്ളല്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വികാസം കൊണ്ട് സ്വാദിഖലി തങ്ങളുടെ കാലത്ത് പാരമ്യത്തിലെത്തിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹക്കീം ഫൈസിയെ ഇ കെ വിഭാഗം യുവജന സംഘടനയുടെ ജില്ലാ കമ്മിറ്റി തന്നെ പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ അണികള്‍ കടുത്ത അതൃപ്തിയിലാണ്. സുന്നി വിശ്വാസങ്ങള്‍ക്കെതിരായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഹക്കീം ഫൈസിയെ പുറത്താക്കിയത്. തുടര്‍ന്ന് ഹക്കീം ഫൈസി ജന. സെക്രട്ടറിയായ സി ഐ സിയുമായി ബന്ധമില്ലെന്ന് ഇ കെ വിഭാഗം വ്യക്തമാക്കിയിരുന്നു.