Kerala
മനുഷ്യത്വ ഹീനമായ നടപടികളുടെ നടത്തിപ്പുകാരാവാന്‍ എങ്ങനെ കോണ്‍ഗ്രസ്സിന് കഴിയുന്നു?; തെലങ്കാന ബുള്‍ഡോസര്‍ രാജിനെതിരെ മുഖ്യമന്ത്രി
മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേര്‍ത്തുനിര്‍ത്തി, പുതിയ മാതൃക തീര്‍ത്ത ഘട്ടത്തിലാണ് തെലങ്കാനയിലെ സര്‍ക്കാര്‍ പട്ടയമുള്ളവരെപ്പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്.
തിരുവനന്തപുരം | കര്‍ണാടകക്കു ശേഷം തെലങ്കാനയിലും ബുള്‍ഡോസര്‍ രാജ് അരങ്ങേറിയത് ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം മനുഷ്യത്വ ഹീനമായ നടപടികള്‍ക്ക് നേതൃത്വം നല്‍കാനും നടത്തിപ്പുകാരാവാനും എങ്ങനെ കോണ്‍ഗ്രസ്സിന് കഴിയുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
ഖമ്മം ജില്ലയിലെ വെളുഗുമറ്റ്ല ഗ്രാമത്തിലുള്ള ഭൂദാന്‍ ഭൂമിയിലെ 700 വീടുകളാണ് പോലീസ് അകമ്പടിയില്‍ അടിച്ചുനിരത്തപ്പെട്ടത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഫെബ്രുവരി 25ന് പുലര്‍ച്ചെയാണ്, എല്ലാ തിരിച്ചറിയല്‍ രേഖകളുമുള്ള മൂവായിരത്തോളം പേരെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഭവനരഹിതരാക്കിയത്.
ആചാര്യ വിനോബ ഭാവെ നേതൃത്വം നല്‍കിയ ഭൂദാന്‍ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിത കുടുംബങ്ങള്‍ക്ക് അനുവദിച്ച വിനോബ നഗറിലെ വീടുകളാണ് പൊളിച്ചുനീക്കിയത്. ഭൂദാന്‍ പ്രസ്ഥാനത്തിന്റെ പരിമിതമായ ലക്ഷ്യങ്ങളെപ്പോലും തെലങ്കാനയിലെ കോണ്‍ഗ്രസ്സിന് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നത് ആശ്ചര്യകരമാണെന്നും പിണറായി പറഞ്ഞു.
യലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന്റെ ഇരകള്‍ ഇപ്പോഴും തെരുവില്‍ ജീവിതം തള്ളി നീക്കുകയാണ്. തങ്ങളാണ് ഇടതുപക്ഷം എന്ന് പറയുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഇതിനു മറുപടി പറയണം. തെലങ്കാന സര്‍ക്കാരിന്റെ കൂറ്റന്‍ പരസ്യങ്ങള്‍ കൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ നിറയ്ക്കുന്ന കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്തമാണത്.
മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേര്‍ത്തുനിര്‍ത്തി, അവര്‍ക്ക് പുതിയ വീടുകള്‍ നല്‍കി പുനരധിവാസ-പുനര്‍നിര്‍മാണത്തിന്റെ പുതിയ മാതൃക തീര്‍ത്ത ഘട്ടത്തിലാണ് തെലങ്കാനയിലെ സര്‍ക്കാര്‍ പട്ടയമുള്ളവരെപ്പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ പട്ടയമില്ലാത്തവര്‍ക്ക് പട്ടയം നല്‍കി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുമ്പോഴാണ് തെലങ്കാനയിലെ ഈ കുടിയൊഴിപ്പിക്കല്‍. ഉത്തരേന്ത്യന്‍ ബി ജെ പി സര്‍ക്കാരുകളുടെ തനിപ്പകര്‍പ്പാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കുടിയൊഴിപ്പിക്കലിന്റെയും ആട്ടിപ്പായിക്കലിന്റെയും കുടില രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സ് മുന്നോട്ടു വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

