Connect with us

From the print

നിര്‍ത്തൂ അതിക്രമം; അമേരിക്കക്കാര്‍ ആക്രമണത്തെ എതിര്‍ക്കുന്നുവെന്ന് സര്‍വേ

ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ അംഗീകാര റേറ്റിംഗ് 39 ശതമാനമായി കുറഞ്ഞു.

Published

|

Last Updated

വാഷിംഗ്ടണ്‍ | ട്രംപിന്റെ ഇറാന്‍ ആക്രമണത്തെ അനുകൂലിക്കുന്നത് 25 ശതമാനം അമേരിക്കക്കാര്‍ മാത്രമെന്ന് റോയിട്ടേഴ്സ് ഇപ്സോസ് സര്‍വേ. നാലില്‍ ഒരാള്‍ മാത്രമാണ് യു എസിന്റെ ആക്രമണത്തെ അനുകൂലിക്കുന്നത്. 49 ശതമാനം പേര്‍ ആക്രമണം നിര്‍ത്തണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 29 ശതമാനം പേര്‍ തീര്‍പ്പിലെത്താനാകുന്നില്ലെന്നാണ് രേഖപ്പെടുത്തിയത്. റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികളാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തെ ന്യായീകരിച്ചത്.

പാര്‍ട്ടിയിലെ 55 ശതമാനം പേര്‍ യുദ്ധത്തെ അനുകൂലിച്ചപ്പോള്‍ 13 ശതമാനം പേര്‍ എതിരാണ്. 32 ശതമാനം പേര്‍ ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താന്‍ തയ്യാറായില്ല. ഭൂരിപക്ഷം പേര്‍ക്കും യുദ്ധത്തോട് താത്പര്യമില്ലെന്നാണ് മൊത്തം സര്‍വേഫലം തെളിയിക്കുന്നത്.

ഉപാധികളോടെ
ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ ഉപാധികളോടെയാണ് ആക്രമണത്തെ പിന്തുണക്കുന്നത്. പശ്ചിമേഷ്യയിലെ യു എസ് സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ തങ്ങളുടെ അഭിപ്രായം മാറുകയും ട്രംപിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് 42 ശതമാനം റിപബ്ലിക്കന്‍മാരും വ്യക്തമാക്കുന്നു.

ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ അംഗീകാര റേറ്റിംഗ് ഫെബ്രുവരി 18- 23 തീയതികളില്‍ നടത്തിയ റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിനെ അപേക്ഷിച്ച് ഒരു ശതമാനം താഴ്ന്ന് 39 ശതമാനമായി.

യു എസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യ പ്രൈമറികള്‍ക്ക് മൂന്ന് ദിവസം മുമ്പാണ് ഇറാനെതിരായ ആക്രമണം ആരംഭിച്ചത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് റിപബ്ലിക്കന്‍ പാര്‍ട്ടി യു എസ് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം നിലനിര്‍ത്തുമോ എന്ന് നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വോട്ടര്‍മാരുടെ പ്രധാന ആശങ്ക വിദേശകാര്യങ്ങളേക്കാള്‍ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

എണ്ണ വില
പ്രകൃതി വാതക, എണ്ണ വില വര്‍ധിക്കുന്നതിന് ഇറാന്‍ ആക്രമണം കാരണമാകുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ ആക്രമണത്തെ പിന്തുണക്കുന്നവരുടെ എണ്ണം പിന്നെയും ഇടിയും. വിലവര്‍ധനയാണ് ഫലമെങ്കില്‍ ട്രംപിന്റെ ഇറാന്‍ നയത്തെ പിന്തുണക്കില്ലെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ തന്നെ വ്യക്തമാക്കുന്നു.

 

Latest