From the print
അവര്‍ എവിടെ? ഒരു ഫോണ്‍ വിളിയെങ്കിലും..
രക്ഷിതാക്കള്‍ കണ്ണീരണിഞ്ഞ് പ്രാര്‍ഥനയില്‍.
ന്യൂഡല്‍ഹി | പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഇറാനില്‍ ഉപരിപഠനത്തിനായി പോയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയില്‍. യുദ്ധം ആരംഭിച്ചതോടെ ഇവരുമായി ബന്ധപ്പെടാന്‍ കഴിയാതെ വരികയും ഇറാനില്‍ നിന്ന് സംഘര്‍ഷത്തിന്റെ വലിയ വാര്‍ത്തകള്‍ തുടര്‍ച്ചയായി എത്തുകയും ചെയ്തതോടെയാണ് രക്ഷിതാക്കള്‍ ആശങ്കയിലായിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചെങ്കിലും വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുവരാന്‍ സൗകര്യങ്ങളില്ലെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
ഇറാനില്‍ കഴിയുന്ന തങ്ങളുടെ സഹോദരിയുമായി ഇപ്പോള്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് തെഹ്‌റാനില്‍ എം ബി ബി എസ് ബിരുദ വിദ്യാര്‍ഥിയായ കശ്മീര്‍ സ്വദേശി സോബിയ ഖാന്റെ സഹോദരന്‍ പറഞ്ഞു.
‘സഹോദരിയെക്കുറിച്ച് ഒരു വിവരവും ഇല്ല. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ അവര്‍ ഒന്നോ രണ്ടോ മിനുട്ട് വിളിച്ചു സംസാരിച്ചു. അവര്‍ കരയുകയായിരുന്നു. സ്ഫോടന ശബ്ദം കേള്‍ക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. സഹോദരിയെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ മാതാവ് കരയുകയാണ്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ സര്‍ക്കാറും അവരെ നാട്ടിലെത്തിക്കാന്‍ സഹായിക്കണം. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ’- സോബിയ ഖാന്റെ സഹോദരന്‍ ഗദ്ഗദമടക്കി പറയുന്നു.
ഇറാനില്‍ പഠിക്കുന്ന സഹോദരനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കശ്മീര്‍ സ്വദേശിയായ ഫര്‍ഹാന്‍ പരേയും പറഞ്ഞു.
തന്റെ സഹോദരന്‍ അഫ്നാനും മറ്റ് വിദ്യാര്‍ഥികളും അവരുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ശനിയാഴ്ച അവരുമായി സംസാരിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷത്തിനിടെ ഫോണ്‍ കോള്‍ വിച്ഛേദിക്കപ്പെട്ടു. അതിനുശേഷം ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫര്‍ഹാന്‍ പരേ പറഞ്ഞു.
യുദ്ധം ആരംഭിച്ചതോടെ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,200 ഓളം പേരുണ്ടെന്ന് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഫൈസാന്‍ നബി പറഞ്ഞു.




