Kerala
2014ന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കും
ഇവരുടെ പേരില്‍ മറ്റെങ്ങും ഭൂമി ഇല്ലെന്ന വ്യവസ്ഥയോടെയായിരിക്കും പട്ടയം നല്‍കുക.
തിരുവനന്തപുരം | 2014 ന് മുമ്പ് കുടിയേറി വീട് വെച്ചോ കൃഷി ചെയ്‌തോ കൈവശം വെച്ചുവരുന്ന മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇവരുടെ പേരില്‍ മറ്റെങ്ങും ഭൂമി ഇല്ലെന്ന വ്യവസ്ഥയോടെയായിരിക്കും പട്ടയം നല്‍കുക. അതേസമയം, 1971 ആഗസ്റ്റ് ഒന്നിന് മുമ്പുള്ള കൈവശക്കാരെയും അത്തരം കൈവശക്കാരില്‍ നിന്ന് മുദ്രപത്രത്തിലുള്ള കരാര്‍ പ്രകാരം ഭൂമി കൈമാറ്റം ചെയ്ത് കിട്ടിയതും ഈ ഭൂമി കൃഷി ചെയ്‌തോ, വീട് വെച്ചോ കൈവശം വെച്ച് വരുന്നവര്‍ക്കും പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ 2.5 ലക്ഷത്തില്‍ കൂടുതല്‍ കുടുംബ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സൗജന്യ ഭൂമി പതിവിന് അര്‍ഹതയുണ്ടായിരിക്കില്ല. എന്നാല്‍, ഇവര്‍ക്ക് മറ്റെവിടെയും ഭൂമി ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കൈവശഭൂമി പതിച്ച് നല്‍കാനാകും. പത്തനംതിട്ട പെരുമ്പെട്ടി വില്ലേജില്‍ ബ്ലോക്ക് 34ല്‍ വനഭൂമിയല്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ട്, 649 കൈവശാവകാശകാര്‍ക്ക് വരുമാന പരിധി നോക്കാതെ ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. താഴെ പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും കൈമാറ്റം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വാര്‍ഷിക കണക്കുകള്‍ ഫസലി വര്‍ഷത്തിന് പകരമായി സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി തയ്യാറാക്കുന്നതിനായി, 1951 ലെ മദ്രാസ് ഹിന്ദുമത ധര്‍മസ്ഥാപന നിയമത്തിലെ വിവിധ സെക്ഷനുകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
കാട്ടാക്കട കള്ളിക്കാട്ട് ബ്രഹ്മോസിന് ഭൂമി പതിച്ചു നല്‍കും
തിരുവനന്തപുരം | ജില്ലയിലെ കാട്ടാക്കട താലൂക്കില്‍ കള്ളിക്കാട് വില്ലേജില്‍ 180 ഏക്കര്‍ ഭൂമി ബ്രഹ്മോസ് എയ്‌റോ സ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് സൗജന്യമായി പതിച്ചു നല്‍കും. ഭൂമി അഡ്വാന്‍സ് മിസൈല്‍ ആന്‍ഡ് അതര്‍ സ്ട്രാറ്റജിക് യൂനിറ്റ് നിര്‍മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയോടെയായിരിക്കും ഭൂമി പതിച്ചു നല്‍കുക. 2022 ലെ 22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി രണ്ട് മെഡലുകള്‍ നേടിയ കുമാരി ട്രീസ ജോളിക്ക്, സംസ്ഥാന ചരക്കുസേവന നികുതി വകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നല്‍കും.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി 24 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 11 തസ്തികകള്‍ പുതിയതായി റവന്യൂ വകുപ്പിലും 13 തസ്തികകള്‍ ദിവസ വേതനാടിസ്ഥാനത്തിലും സൃഷ്ടിക്കും. ഇതിനായി പുതിയ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍ എ യൂനിറ്റ് ഒരു വര്‍ഷത്തേക്ക് രൂപവത്കരിക്കാനും മന്ത്രിസഭ അനുമതി നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസങ്ങളില്‍ അവരുടെ ജീവിത സന്ധാരണത്തിനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ‘സമ്പാദ്യ സമാശ്വാസ പദ്ധതി’ ആനുകൂല്യം 4,500 രൂപയില്‍ നിന്നും 6,000 രൂപയായി ഉയര്‍ത്തി.


