Kerala
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രമേഷ് പിഷാരടി
പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് പാര്‍ട്ടി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
കോട്ടയം | നടനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സന്ദര്‍ശനം. ചാണ്ടി ഉമ്മന്‍ എം എല്‍ എ, നിര്‍മാതാവ് ആന്റോ ജോസഫ്, ദിയ പുളിക്കക്കണ്ടം ഉള്‍പ്പെടെയുള്ളവര്‍ പിഷാരടിക്കൊപ്പം ഉണ്ടായിരുന്നു. ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്.
പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് പാര്‍ട്ടി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്.
സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത കൂടുതലുണ്ടെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.



