Connect with us

nurse issue

കുവൈത്തിൽ ജി ടി സി അൽ ശുകൂർ കമ്പനിയിൽ നഴ്‌സുമാരുടെ ശമ്പളം തടഞ്ഞു; പ്രതികാര നടപടി

മുന്നൂറിൽ പരം നഴ്സുമാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ബേങ്ക്‌ അധികൃതർ തടഞ്ഞു വെച്ചിരിക്കുകയാണ്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ 250ൽ പരം മലയാളികൾ ഉൾപ്പെടെ 400ഓളം നഴ്സുമാരെ നിയമ വിരുദ്ധമായി ജോലിയിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ജി ടി സി അൽ ശുക്കൂർ കമ്പനിയിൽ നഴ്സുമാർക്കെതിരെ പ്രതികാര നടപടിയും. നിലവിൽ ലോൺ ഉള്ളവരുടെ ശമ്പളം തടയാൻ ബേങ്ക്‌ അധികൃതർക്ക്‌ കമ്പനി രഹസ്യമായി നിർദേശം നൽകി. തുടർന്ന്  മുന്നൂറിൽ പരം നഴ്സുമാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ബേങ്ക്‌ അധികൃതർ തടഞ്ഞു വെച്ചിരിക്കുകയാണ്.

ഇതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും കൈയിൽ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് പലരും. വെള്ള കടലാസിൽ ഒപ്പിട്ട്‌ നൽകണമെന്ന് നേരത്തേ കമ്പനി ആവശ്യപ്പെട്ടിരുന്നതായും പിരിച്ചു വിട്ട നഴ്സുമാർ പറയുന്നു. എന്നാൽ, മുൻകാല അനുഭവങ്ങൾ മുൻനിർത്തി ഇത് കമ്പനി ദുരുപയോഗം ചെയ്യും എന്ന കാരണത്താൽ ആരും ഇതിനു തയ്യാറായിട്ടില്ല. ഇതിനായി തങ്ങൾക്ക്‌  മേൽ സമ്മർദം ചെലുത്തുന്നതിനാണ് ശമ്പളം തടഞ്ഞുവെക്കാൻ ബേങ്ക്‌ അധികൃതർക്ക്‌ രഹസ്യനിർദേശം നൽകിയിരിക്കുന്നത്‌ എന്നാണു നഴ്സുമാർ പറയുന്നത്‌.

ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380ഓളം നഴ്‌സുമാർ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജി ടി സി അൽ ശുകൂർ കമ്പനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കപ്പെട്ട ഇവരിൽ 250 ഓളം പേർ മലയാളികളാണ്. ഈ മാസം 26ന് തൊഴിൽ കരാർ അവസാനിക്കുകയാണെന്ന് ജനുവരി 24നാണ് കമ്പനി അധികൃതർ ഇവരെ അറിയിക്കുന്നത്. നാല് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ഈടാക്കിയാണ് വിവിധ കാലങ്ങളിൽ ഭൂരിഭാഗം നഴ്‌സ്മാർക്കും കമ്പനി നിയമനം നൽകിയത്.

അവധിയിൽ നാട്ടിലേക്ക് പോകണമെന്നും പുതിയ കരാർ ലഭിച്ചാൽ വീണ്ടും ജോലി നൽകാം എന്നുമാണ്  കമ്പനി ഇവരെ ധരിപ്പിച്ചിരിക്കുന്നത്. റിലീസ് നൽകിയാൽ  ഇവർക്ക് ഉയർന്ന ശമ്പളത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ തന്നെ നേരിട്ട് നിയമനം ലഭിച്ചേക്കും. എന്നാൽ,  പണം വാങ്ങി പുതിയ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത കമ്പനിക്ക് നഷ്ടമാകും എന്നതാണ്  കമ്പനി അധികൃതർ ഇതിനു തയ്യാറാകാത്തത്‌.

Latest