Connect with us

Kuwait

കുവൈത്ത് സാധാരണ ജീവിതത്തിലേക്ക്; എന്‍ട്രി വിസ അനുവദിക്കുന്നതിന് ഇനിയും കാത്തിരിക്കണം

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍, എന്‍ട്രി വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കുന്നതിനും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ ശേഷിയിലേക്ക് മാറുന്നതിനും ഇനിയും രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ക്രമേണ പൂര്‍ണ ശേഷിയിലേക്ക് മാറ്റുവാന്‍ സിവില്‍ വ്യോമയാന അധികൃതര്‍ ഇതിനകം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി
വിമാനത്താവളത്തിലെ ഗ്രൗണ്ട് സര്‍വീസുകള്‍, എയര്‍ലൈന്‍ കമ്പനികള്‍ എന്നിവയുമായി ഏകോപനം നടത്തി വരികയാണ്. എന്നാല്‍ ഇവ പൂര്‍ണമായി നടപ്പിലാക്കുവാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

അതേസമയം, രാജ്യത്തെ അംഗീകൃത വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് എല്ലാ തരത്തിലുമുള്ള എന്‍ട്രി വിസകള്‍ നല്‍കുവാനുള്ള തീരുമാനം നടപ്പിലാക്കുവാന്‍ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. മാനവ ശേഷി സമിതിയുമായി ഏകോപനം നടത്തി ഇതിനായി ഒരു പ്രത്യേക സംവിധാനം വികസിപ്പിക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു യോഗം ചേരുന്നുണ്ട്. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് സംവിധാനം വഴിയാണ് ഇടപാടുകള്‍ നടത്തിയത്.

ഈ രംഗത്ത് കൈവരിച്ച നേട്ടം, ഡിജിറ്റല്‍ സംവിധാനം ഇനിയും തുടരുവാനും ഈ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുവാനും അധികൃതരെ പ്രേരിപ്പിക്കുന്നു. രാജ്യത്തെ താമസക്കാരുടെ അപേക്ഷകളില്‍ ‘ഓണ്‍ലൈന്‍” വിസകള്‍ നല്‍കുവാനുള്ള പദ്ധതിയും തയാറായി വരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഒക്കെ കൃത്യമായി അവലോകനം ചെയ്ത ശേഷം മാത്രമാണ് എല്ലാവിധ പുതിയ എന്‍ട്രി വിസകളും പുറപ്പെടുവിക്കുക. ഇതിനായി അടുത്ത മാസം ആദ്യം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.