Kuwait
പെരുന്നാള്‍ സമ്മാനമായി ഈദിയ നല്‍കുന്നതിന് മാളുകളില്‍ പ്രത്യേക എ ടി എം സംവിധാനമൊരുക്കി കുവൈത്ത് സെന്‍ട്രല്‍ ബേങ്ക്
പെരുന്നാള്‍ കാലത്ത് പുതിയ നോട്ടുകള്‍ക്ക് സ്വദേശികള്‍ക്കിടയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഈ താത്ക്കാലിക എ ടി എമ്മുകള്‍ ഒരുക്കിയിരിക്കുന്നത്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് കുട്ടികള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും പെരുന്നാള്‍ സമ്മാനമായി ഈദിയ നല്‍കുന്നതിനായി വിവിധ മൂല്യങ്ങളുള്ള പുതിയ കറന്‍സി ലഭ്യമാക്കുന്ന പ്രത്യേക എ ടി എം സംവിധാനം കുവൈത്ത് സെന്‍ട്രല്‍ ബേങ്ക് തയ്യാറാക്കി. പെരുന്നാള്‍ കാലത്ത് പുതിയ നോട്ടുകള്‍ക്ക് സ്വദേശികള്‍ക്കിടയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പ്രമുഖ ഷോപ്പിംഗ് മാളുകളില്‍ ഈ താത്ക്കാലിക എ ടി എമ്മുകള്‍ ഒരുക്കിയിരിക്കുന്നത്.
ബേങ്കിംഗ് അസോസിയേഷന്‍, കെ നെറ്റ്, മാള്‍ മാനേജ്‌മെന്റ് എന്നിവയുമായി സഹകരിച്ചാണ് സെന്‍ട്രല്‍ ബേങ്ക് ഈ സേവനം പൊതുജനങ്ങള്‍ക്കായി നല്‍കുന്നത്. രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങളായ ദി അവന്യൂസ്, 360മാള്‍, ഫാഹീലെ അല്‍ കൂത്ത് മാള്‍, കാപിറ്റല്‍ മാള്‍ എന്നിവിടങ്ങളില്‍ മെയ് 21 മുതല്‍ പെരുന്നാള്‍ അവസാനദിവസം വരെയും ഈ എ ടി എമ്മുകള്‍ സേവനസജ്ജമായിരിക്കും.
സാധാരണ എ ടി എമ്മുകളില്‍ ലഭിക്കാത്ത ചെറിയ തുകയുടെ നോട്ടുകള്‍ (കാല്‍ ദിനാര്‍, അര ദിനാര്‍, ഒരു ദിനാര്‍, അഞ്ച് ദിനാര്‍) തുടങ്ങിയ പുതിയ കറന്‍സി നോട്ടുകള്‍ ഈ മെഷീനുകളിലൂടെ ലഭിക്കും. മുന്‍ വര്‍ഷങ്ങളിലും ഈ പദ്ധതിക്ക് പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്നും ബേങ്കുകളില്‍ പോയി പുതിയ നോട്ടുകള്‍ മാറാനുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും സെന്‍ട്രല്‍ ബേങ്ക് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.







