OBITUARY
കെ എസ് ആര്‍ ടി സി ബസിടിച്ച് പത്തനംതിട്ട ഡി സി സി ജന. സെക്രട്ടറി മരിച്ചു
ബസ് വരുന്നത് കണ്ട് ഭാര്യാ സഹോദരിയുടെ മകളെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രന് രക്ഷപ്പെടാനായില്ല.

പത്തനംതിട്ട | കെ എസ് ആര്‍ ടി സി ബസിടിച്ച് പത്തനംതിട്ട ഡി സി സി ജന. സെക്രട്ടറി മരിച്ചു. അടൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതില്‍ ആനന്ദപ്പള്ളി സുരേന്ദ്രന്‍ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30ന് ആനന്ദപ്പള്ളിയില്‍ എസ് ബി ഐക്കു സമീപത്തെ വളവിലായിരുന്നു അപകടം. കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന ഭാര്യാ സഹോദരിയുടെ മകളെ വാഹനത്തില്‍ കയറ്റിവിടാന്‍ ആനന്ദപ്പള്ളി ജംഗ്ഷനിലേക്ക് നടന്നുപോകുമ്പോഴാണ് അപകടം.
പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബസ് വരുന്നത് കണ്ട് ഭാര്യാ സഹോദരിയുടെ മകളെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രന് രക്ഷപ്പെടാനായില്ല. ഗുരുതരമായി പരുക്കേറ്റ സുരേന്ദ്രനെ ആദ്യം അടൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡി. കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സേവാദള്‍ മുന്‍ ജില്ലാ ചീഫ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ആനന്ദപ്പള്ളി സുരേന്ദ്രന്‍. സേവാദള്‍ സംസ്ഥാനത്ത് നടത്തിയ 15 ക്യാമ്പുകളിലും അഖിലേന്ത്യാ തലത്തില്‍ നടത്തിയ ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന എ ഐ സി സി സമ്മേളനത്തില്‍ സേവാദള്‍ വളണ്ടിയറായി പ്രവര്‍ത്തിച്ചു. സേവാദള്‍ സംസ്ഥാന ഇന്‍സ്ട്രക്ടര്‍, അടൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍, മലയാലപ്പുഴ മൂര്‍ത്തീകാവ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജ്യോതി സുരേന്ദ്രനാണ് ഭാര്യ. അനന്ദു (ബാംഗ്ലൂര്‍), അഞ്ജലി (വിദ്യാര്‍ഥി) എന്നിവര്‍ മക്കളാണ്. മൃതദേഹം ശനിയാഴ്ച രാവിലെ 10ന് അടൂര്‍ നഗരസഭ കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം 11ന് വീട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍. പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനത്ത് സുരേന്ദ്രന്റെ ഭൗതിക ശരീരത്തിന് അന്ത്യോപചാരം നല്‍കി.