Connect with us

bus accident

കൊണ്ടോട്ടി കോളജ് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയ ബസ് അപകടത്തില്‍ പെട്ടു; 20 പേര്‍ക്കു പരിക്ക്

ഇന്ന് പുലര്‍ച്ചെ 2.15നാണ് അപകടമുണ്ടായത്

Published

|

Last Updated

കൊച്ചി | എറണാകുളം പെരുമ്പാവൂരില്‍ കോളജ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്.

കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നു വിനോദയാത്രപോയ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ 2.15നാണ് അപകടമുണ്ടായത്. 38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇതിനുപുറമെ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ഉണ്ടായിരുന്നു.

മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞു കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ പെരുമ്പാവൂര്‍ സിംഗ്നല്‍ ജംങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ച ബസ് മറിഞ്ഞു. പരിക്കേറ്റ 20 പേരില്‍ ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാര്‍ഥികളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

മറ്റുള്ളവരെ പെരുമ്പാവൂരിലേ ആശുപത്രിയിലാണുള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാത്രിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും വിനോദ യാത്ര പോകുന്നതിനു സംസ്ഥാനത്ത് വിലക്ക് നിലനില്‍ക്കെയാണ് അതിരാവിലെയുള്ള യാത്രക്കിടെ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്.

 

 

---- facebook comment plugin here -----