Kerala
കൊല്ലം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ; ഭൂഉടമകളുടെ ആശങ്ക പരിശോധിക്കാമെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ്
വിഷയത്തെകുറിച്ച് പഠിച്ചതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര സഹമന്ത്രി ഉറപ്പുനൽകി.
കൊല്ലം | കൊല്ലം-ചെങ്കോട്ട (എൻഎച്ച്-744) ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിനായി ഭൂമിയെടുക്കൽ നടപടികളിൽ ഭൂമിയുടെ ഉടമസ്ഥർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി കേന്ദ്ര ഉപരിതല സഹമന്ത്രി ഹർഷ് മൽഗോത്രയെ മന്ത്രി ജെ. ചിഞ്ചുറാണി നേരിൽ കണ്ടു.
ഡൽഹിയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ എത്തി നേരിൽ കണ്ടാണ് വസ്തുതകൾ ബോധ്യപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്തത്. ഇതോടൊപ്പം കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് സെക്രട്ടറി വി.ഉമാശങ്കറിനെയും നേരിൽ കണ്ടു വിവരങ്ങൾ ബോദ്ധ്യപ്പെടുത്തി. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് & ഹൈവേസ് ലാന്റ് അക്വിസ്ഷൻ മാനുവൽ 2018-ലെ 3.5.4 (11) പരാമർശ പ്രകാരം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള ഘടനകളുടെ മൂല്യനിർണയത്തിനിടയിൽ അവയുടെ കാലപ്പഴക്കം മൂലമുള്ള മൂല്യശോഷണം കണക്കാക്കേണ്ടതായുണ്ട്.
അങ്ങനെ ചെയ്താൽ ഭൂമി ഉടമകൾക്ക് അർഹതപ്പെട്ട മൂല്യം ലഭിക്കാതെ വരും. ആയതിനാൽ കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ ഭൂമിയിലെ ജംഗമങ്ങൾക്ക് കാലപ്പഴക്കം കണക്കിലെടുക്കാതെ മൂല്യനിർണയം നടത്തുകയും, ഭൂഉടമകൾക്ക് അർഹമായ മൂല്യം നൽകണമെന്ന് കാര്യകാരണസഹിതം ബോധ്യപ്പെടുത്തുകയും ചെയ്തു. വിഷയത്തെകുറിച്ച് പഠിച്ചതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര സഹമന്ത്രി ഉറപ്പുനൽകി.