International
ഇറാനിൽ അമേരിക്കൻ ഇടപെടലുണ്ടായാൽ തീർത്താൽ തീരാത്ത പ്രത്യാഘാതം നേരിടേണ്ടിവരും; മുന്നറിയിപ്പുമായി ഖാംനഈ
ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും അറിയുന്ന വിവേകശാലികൾ ഒരിക്കലും ഭീഷണിയുടെ ഭാഷയിൽ ഈ രാജ്യത്തോട് സംസാരിക്കില്ലെന്നും ഖാംനഈ

ടെഹ്റാൻ | ഇറാനിൽ അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ തീർത്താൽ തീരാത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ. ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിലാണ് ഖാംനഈ നിലപാട് വ്യക്തമാക്കിയത്. ഖമേനി നേരിട്ടല്ല, ടി വി അവതാരകനാണ് പ്രസ്താവന വായിച്ചത്.
അമേരിക്കയുടെ ഏത് തരത്തിലുള്ള സൈനിക ഇടപെടലും തീർച്ചയായും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും അറിയുന്ന വിവേകശാലികൾ ഒരിക്കലും ഭീഷണിയുടെ ഭാഷയിൽ ഈ രാജ്യത്തോട് സംസാരിക്കില്ല. കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇസ്റാഈലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഖാംനഈയുടെ മുന്നറിയിപ്പ്. ഇറാൻ നിരുപാധികം കീഴടങ്ങണം എന്ന് എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടലിന് സാധ്യതയുണ്ടെന്ന സൂചനകൾക്കിടെയാണ് ഖാംനഈയുടെ ശക്തമായ മറുപടി.