Connect with us

Kerala

ഓപ്പറേഷന്‍ പാര്‍പ്പിടം; തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി

ആറ് കോര്‍പ്പറേഷനുകള്‍, 30 മുന്‍സിപ്പാലിറ്റികള്‍, 24 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധന അര്‍ദ്ധരാത്രി വരെ നീണ്ടു.

Published

|

Last Updated

തിരുവനന്തപുരം സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി . കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍, ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍, അനധികൃത നിര്‍മാണങ്ങള്‍ എന്നിവയിലാണ് വഴിവിട്ട ഇടപെടലുകള്‍ കണ്ടെത്തിയത്. അഴിമതി നടന്നതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

‘ഓപ്പറേഷന്‍ പാര്‍പ്പിടം’ എന്ന പേരില്‍ ബുധനാഴ്ച സംസ്ഥാനത്തെ 68 ഓഫീസുകളിലായാണ് പരിശോധന നടത്തിയത്. ആറ് കോര്‍പ്പറേഷനുകള്‍, 30 മുന്‍സിപ്പാലിറ്റികള്‍, 24 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധന അര്‍ദ്ധരാത്രി വരെ നീണ്ടു. കെട്ടിടങ്ങളുടെ പ്ലാന്‍ തയ്യാറാക്കുന്നതിലും അനുമതിക്കായി സമര്‍പ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, കരാറുകാര്‍, ഏജന്റുമാര്‍ എന്നിവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി 45 ലക്ഷം രൂപ കൈപ്പറ്റിയതായാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.

കരാറുകാരും കണ്‍സള്‍ട്ടന്റുമാരും ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന നിരവധി ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുന്നംകുളം മുന്‍സിപ്പാലിറ്റി സെക്രട്ടറിയുടെ ബേങ്ക് അക്കൗണ്ടിലേക്ക് ഇടനിലക്കാര്‍ വഴി 21.5 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയെന്നും എന്നാല്‍ ഈ ഇടപാടുകളെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്നും വിജിലന്‍സ് പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷന്റെ ഫോര്‍ട്ട് കൊച്ചി സോണല്‍ ഓഫിസിലെ രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, ഒരു ഓവര്‍സിയര്‍, ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ ചേര്‍ന്ന് കരാറുകാരില്‍ നിന്ന് ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി ആകെ 12.69 ലക്ഷം രൂപ കൈപ്പറ്റി. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ സര്‍വേയറുടെ സ്വകാര്യ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 45,000 രൂപ കണ്ടെത്തി. നെയ്യാറ്റിന്‍കര, വര്‍ക്കല മുന്‍സിപ്പാലിറ്റികള്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് തുടങ്ങി നിരവധി തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഇടപാടുകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കെട്ടിട പെര്‍മിറ്റുകള്‍, ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, കെട്ടിട നമ്പറുകള്‍, നികുതി നിര്‍ണയം എന്നിവ നല്‍കുന്നതില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നതായി പരിശോധനയില്‍ കണ്ടെത്തി. അനധികൃത നിര്‍മാണത്തിന് കൂട്ടുനില്‍ക്കുകയും കൈക്കൂലി വാങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകളും കെട്ടിട നമ്പറുകളും നല്‍കിയെന്നും ആരോപണമുണ്ട്.

.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍, തീരദേശ പരിപാലന ചട്ടങ്ങളുടെ ലംഘനം, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കല്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ പരിശോധനയില്‍ പുറത്തുവന്നതായി പ്രസ്താവനയില്‍ പറയുന്നു.

Content Highlights: Vigilance conducted state-wide raids across 68 local body offices under Operation Parpidam. Officers unearthed over 45 lakh rupees illicitly collected for issuing building permits and occupancy certificates. Severe irregularities and illegal online financial transactions were found involving officials.

---- facebook comment plugin here -----

Latest