Kerala
ആരോഗ്യമേഖല തകര്‍ന്നുവെന്ന് വരുത്താന്‍ ശ്രമം: അമേരിക്ക പോലും വിറങ്ങലിച്ചു നിന്നപ്പോള്‍ കേരളം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു: എം വി ഗോവിന്ദന്‍
കേരളത്തിലെ ആതുര ശുശ്രൂഷാ മേഖല വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടില്‍ നിന്നും പ്രതിപക്ഷവും മാധ്യമങ്ങളും പിന്തിരിയണം.

തിരുവനന്തപുരം | ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെ പര്‍വ്വതീകരിച്ച് വിചാരണ നടത്തുന്നുവെന്ന് സിപിഎം.ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന് വരുത്തിതീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ലോകോത്തര നിലയില്‍ പ്രവര്‍ത്തിക്കുന്ന, ജനകീയ ആരോഗ്യപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള ആതുര ശുശ്രൂഷാ മേഖല വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടില്‍ നിന്നും പ്രതിപക്ഷവും അതിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും പിന്തിരിയണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയില്‍ അമേരിക്കപോലും വിറങ്ങലിച്ചുനിന്നപ്പോള്‍ ശരിയായ നിലപാട് സ്വീകരിച്ച ലോകത്തെ ഒരു കേന്ദ്രമാണ് കേരളം. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് ഏതെങ്കിലും ഒരു മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമമോ മറ്റു പ്രശ്‌നങ്ങളോ വന്നാല്‍ അതോടുകൂടി കേരളത്തിലെ ജനകീയാരോഗ്യപ്രസ്ഥാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.നൂറുകണക്കിന് ആശുപത്രികളും മെഡിക്കല്‍ കോളജും ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ ഉള്ള സംസ്ഥാനത്ത് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പരിഹരിക്കുകയും ചെയ്യും.
മുഖ്യമന്ത്രി വിമര്‍ശിച്ചപ്പോഴും, ആരോഗ്യമന്ത്രി ഡോ. ഹാരിസിന് പിന്തുണച്ച കാര്യം മാധ്യ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ , ചൂണ്ടിക്കാണിക്കുക എന്നതു തന്നെ സര്‍ക്കാര്‍ വിരുദ്ധമായ നിലപാട് സ്വീകരിച്ചുകൊണ്ടാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന രീതിയിലുള്ള ഒരു പരാമര്‍ശം വന്നാല്‍ സ്വാഭാവികമായും അവരുടേതായ നിലയിലുള്ള പ്രതികരണം ഉണ്ടാകും. ലോകോത്തരമായ രീതിയിലുള്ള കേരളത്തിലെ ആരോഗ്യമേഖലയെ വല്ലാതെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിനാണ് അത് ഉപയോഗിച്ചത്. അത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മാധ്യമങ്ങളോടും പറയാനുള്ളതെന്നും എംം വി ഗോവിന്ദന്‍ പറഞ്ഞു.
ടീം യുഡിഎഫ് എന്നൊന്നില്ല. ടീമില്ലാത്തതുകൊണ്ടല്ലേ ക്യാപ്റ്റനും മേജറും തുടങ്ങി മിലിട്ടറിയിലെ റാങ്കുകള്‍ മുഴുവനായി ഓരോരുത്തര്‍ക്കും കൊടുത്തിരിക്കുന്നത്. സിപിഎമ്മിന് ഒരു ക്യാപ്റ്റനും ഉണ്ടായിരുന്നില്ല. . ഞങ്ങള്‍ അങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.