Connect with us

Kerala

'കപ്പല്‍ മുങ്ങിയാലും കപ്പിത്താന്‍ ചത്താല്‍ മതി'; സൈബറിടങ്ങളും പത്തനംതിട്ടയില്‍ സി പി എമ്മിന് തലവേദനയാവുന്നു

മന്ത്രി വീണാ ജോര്‍ജിനെ അനുകൂലിച്ച് സ്ഥിരമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന ഫേസ്ബുക്ക് പേജാണ് ചെമ്പട

Published

|

Last Updated

പത്തനംതിട്ട |  ആറന്‍മുളയും സൈബറിടങ്ങളും പത്തനംതിട്ടയില്‍ സി പി എമ്മിന് തലവേദനയാവുന്നു. ആറന്മുളയുടെ ‘ചെമ്പട’എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരേ സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍ സനല്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പുളിക്കീഴ് പൊലീസ് കേസെടുത്തു. മന്ത്രി വീണാ ജോര്‍ജിനെ അനുകൂലിച്ച് സ്ഥിരമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന ഫേസ്ബുക്ക് പേജാണ് ചെമ്പട. ഇതിലാണ് വീണാ ജോര്‍ജിനെ അനുകൂലിച്ചും സനല്‍കുമാറിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയും നിരവധി പോസ്റ്റുകളാണ് ‘ആറന്മുളയുടെ ചെമ്പട’യെന്ന ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞയിടെ പ്രത്യക്ഷപ്പെട്ടത്്.

ആറന്മുള സീറ്റ് ലക്ഷ്യമിട്ട് സനല്‍കുമാര്‍ വീണാ ജോര്‍ജിനെതിരേ നീക്കങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ചെമ്പടയുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രിമാരായ സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവരെ ടാഗ് ചെയ്താണ് സനല്‍കുമാറിനെതിരായ വിമര്‍ശനങ്ങള്‍ വന്നിരുന്നത്. ഇതിനു പിന്നാലെ സനല്‍കുമാര്‍ തിരുവല്ല ഡി വൈ എസ് പിക്കു പരാതി നല്‍കുകയായിരുന്നു. കപ്പല്‍ മുങ്ങിയാലും കപ്പിത്താന്‍ ചത്താല്‍ മതി എന്ന തലക്കെട്ടോടെ പ്രചാരണം നടത്തി, സനല്‍കുമാര്‍ ആരോഗ്യമന്ത്രിക്കെതിരാണെന്ന് ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് എഫ് ഐ ആറില്‍ പറയുന്നത്. മന്ത്രി വീണാ ജോര്‍ജിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടെന്ന പേരില്‍ ജില്ലയിലെ രണ്ട് സി പി എം നേതാക്കള്‍ക്കെതിരേ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന ഏരിയാ കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. സി ഡബ്ല്യു സി മുന്‍ ചെയര്‍മാനും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എന്‍ രാജീവിനെ സി പി എമ്മില്‍നിന്നു തരംതാഴ്ത്തിയപ്പോള്‍ ഇലന്തൂരില്‍ ലോക്കല്‍ കമ്മിറ്റിയംഗം പി ജെ ജോണ്‍സണെ സി പി എം സസ്പെന്‍ഡ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും ഫേസ് ബുക്ക് പോസ്റ്റിട്ടത്. ജോണ്‍സണ്‍ മന്ത്രിയെ നേരിട്ടു വിമര്‍ശിച്ചപ്പോള്‍ രാജീവിന്റെ പോസ്റ്റില്‍ മന്ത്രിയെ പേരെടുത്തു പരാമര്‍ശിച്ചിരുന്നില്ല. പിന്നീട് പിന്‍വലിക്കുകയും ചെയ്തു.

ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റി അംഗമായ എന്‍ രാജീവിനെതിരേ വള്ളംകുളം ലോക്കല്‍ കമ്മിറ്റി അംഗമായിട്ടാണ് തരംതാഴ്ത്തിയിരിക്കുന്നത്. ഇരുവര്‍ക്കുമെതിരേയുള്ള നടപടി ആവശ്യം സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും പരിഗണിച്ച് കീഴ്ഘടകങ്ങളിലേക്കു വിടുകയായിരുന്നു. സിഡബ്ല്യുസി ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജീവിനെ മാറ്റി ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ് ബുക്ക് പോസ്റ്റ് വന്നത്. മന്ത്രി വീണാ ജോര്‍ജിന്റെ ചുമതലയിലുള്ള വനിതാ ശിശുക്ഷേമ വകുപ്പിനു കീഴിലാണ് സി ഡബ്ല്യുസി. പോക്സോ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്ന ഗുരുതര ആരോപണം ഉയര്‍ത്തിയാണ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു രാജീവിനെ മാറ്റിനിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് റിപ്പോര്‍ട്ടും ഉണ്ടായി. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുള്ളതായും ആരോപണമുണ്ട്. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് താന്‍ രേഖാമൂലം വിശദീകരണം നല്കിയിട്ടുണ്ടെന്നും അത് പരിഗണിക്കാതെയുള്ള നടപടിയാണെന്നും രാജീവ് യോഗത്തില്‍ പറഞ്ഞതായാണ് സൂചന. വിശദീകരിക്കാന്‍ അവസരം നല്‍കുന്നില്ലെങ്കില്‍ പൊതുമധ്യത്തില്‍ പലതും വിളിച്ചു പറയേണ്ടിവരുമെന്നും അദ്ദേഹം പാര്‍ട്ടി യോഗത്തെ അറിയിച്ചു. എന്തു നടപടി സ്വീകരിച്ചാലും കമ്യൂണിസ്റ്റുകാരനായി തന്നെ താന്‍ പൊതുസമൂഹത്തില്‍ ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു.

ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന പി ജെ ജോണ്‍സണ്‍ എംജി സര്‍വകലാശാല മുന്‍ ചെയര്‍മാനും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു. വീണാ ജോര്‍ജിനെ പേരെടുത്തു വിമര്‍ശിച്ച് ജോണ്‍സന്റെ ഫേസ്ബുക്ക് സംബന്ധിച്ചാണ് നടപടി. ഏരിയാ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് സസ്പെന്‍ഷന്‍ നടപടി

 

---- facebook comment plugin here -----

Latest