Kerala
അസംബ്ലിക്കിടെ വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ചു; അധ്യാപകനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിര്‍ദ്ദേശം

കാസര്‍കോട് | കാസര്‍കോട് കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണ്ണപടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം അശോകന്‍ അവധിയില്‍ പ്രവേശിയ്ക്കാന്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിര്‍ദ്ദേശം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കും വരെ അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചത്.
സംഭവത്തില്‍ എം അശോകനെതിരെ പോലീസ് കേസെടുത്തിരുന്നു . ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. രജിസ്ട്രര്‍ ബേഡകം പോലീസാണ് കേസെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി മധുസൂദനന്‍ ഇന്നലെ കുണ്ടംകുഴി സ്‌കൂളിലെത്തി ഹെഡ്മാസ്റ്റര്‍ എം അശോകന്റെയും പരുക്കേറ്റ വിദ്യാര്‍ത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം ഹെഡ്മാസ്റ്റര്‍ അടിച്ച് പൊട്ടിച്ചത്. കുട്ടിയെ അസംബ്ലിയില്‍ വച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛര്‍ദിയും തലകറക്കവുമുണ്ടായെന്ന് മാതാവ് പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വിശദമായ പരിശോധന ഉണ്ടാകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.