Connect with us

Kerala

2025 ഓടെ കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും: മന്ത്രി പി പ്രസാദ്

രാജ്യത്തെ അതി ദരിദ്രരുടെ അളവ് 25 ശതമാനമാണ്. കേരളത്തില്‍ ഇത് 0.7 ശതമാനം മാത്രമാണെന്നും മന്ത്രി

Published

|

Last Updated

പത്താനാപുരം | 2025 നവംബര്‍ ഒന്നാവുമ്പോഴേക്കും കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നവകേരള സദസ്സിന്റെ ഭാഗമായി പത്താനപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യം മറച്ചു വെക്കേണ്ടതല്ലതെന്നും മാറ്റി എടുക്കപ്പെടേണ്ടതാണെന്നും പറഞ്ഞ മന്ത്രി, ജി-20 വേദിയായ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നയത്തെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.

ലോകരാഷ്ട്തലവന്മാര്‍ ജി-20 വേദിയായ ഡല്‍ഹിയില്‍ എത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍ വസിക്കുന്ന അതിദരിദ്രരെ ബോര്‍ഡുകളും മതിലുകളും ഉപയോഗിച്ച് മറച്ചുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച മന്ത്രി കേരളത്തിലുള്ള സര്‍ക്കാര്‍ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്നും കൈപിടിച്ചു ഉയര്‍ത്തുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു.

രാജ്യത്തെ അതി ദരിദ്രരുടെ അളവ് 25 ശതമാനമാണ്. കേരളത്തില്‍ ഇത് 0.7 ശതമാനം മാത്രമാണ്. നവകേരളമെന്നാല്‍ ഭൂരഹിതര്‍ ഇല്ലാത്ത കേരളമെന്നാണ് അര്‍ത്ഥമെന്നും കഴിഞ്ഞ ഏഴരവര്‍ഷം കൊണ്ട് 356108 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീടു വെച്ച് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.