bjp kerala
കേരളം ഭരിക്കുമെന്ന പ്രസ്താവന തിരിച്ചടിയായി; ശബരിമല ഗുണം ചെയ്തില്ലെന്നും ബിജെപി റിപ്പോര്‍ട്ട്
കേരളം ഭരിക്കുമെന്ന അവകാശവാദം ബിജെപി - കോണ്‍ഗ്രസ് ധാരണ ഉണ്ടെന്ന ചിന്ത കുതിരക്കച്ചവടം എന്ന സംശയം ജനങ്ങളിലുണ്ടാക്കി
തിരുവനന്തപുരം | തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പഠിക്കാന്‍ ബിജെപി നിശ്ചയിച്ച സമതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന വലിയ ദോഷം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ശബരിമല വിഷയവും ഗുണം ചെയ്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന വലിയ ദോഷമാണ് ഉണ്ടാക്കിയത്. 35 സീറ്റ് നേടിയാല്‍ കേരളം ഭരിക്കുമെന്ന അവകാശവാദം ബിജെപി – കോണ്‍ഗ്രസ് ധാരണ ഉണ്ടെന്ന ചിന്ത കുതിരക്കച്ചവടം എന്ന സംശയം ജനങ്ങളിലുണ്ടാക്കി.
ജനകീയ വിഷയങ്ങള്‍ക്ക് പകരം ശബരിമല പോലെ മതപരമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് തിരിച്ചടിയായി. ഇതെല്ലാം കേരളത്തില്‍ ന്യൂനപക്ഷങ്ങളെ എല്‍ഡിഎഫിന് അനുകൂലമാക്കി. കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചെങ്കിലും രണ്ടിടത്തും ശ്രദ്ധ കിട്ടിയില്ല. മാത്രമല്ല അദ്ദേഹം വിജയിച്ചു കഴിഞ്ഞാല്‍ മണ്ഡലം കൈവിടും എന്ന പ്രതീതിയും ഉണ്ടാക്കി. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് സാധ്യതയുണ്ടായിരുന്നുവെങ്കിലും ശ്രദ്ധ കുറഞ്ഞു.ഏക ബിജെപി സീറ്റായിരുന്ന നേമം. മണ്ഡലം നഷ്ടപ്പെട്ടതിന് കാരണം മുന്‍ എംഎല്‍എ ആയിരുന്ന ഒ രാജഗോപാലിന് ജനകീയനാകാന്‍ സാധിച്ചില്ല എന്നതാണ്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ശബരിമല മാത്രം പ്രചാരണ വിഷയമാക്കിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.





