Connect with us

From the print

ചൈനയെ വെല്ലാന്‍ കെല്‍പ്പുള്ള ഏക സംസ്ഥാനം കേരളം: അമര്‍ത്യ സെന്‍

'ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കട്ടെ.'

Published

|

Last Updated

തിരുവനന്തപുരം | വിദ്യാഭ്യാസം, ആരോഗ്യ രംഗങ്ങളില്‍ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരു പക്ഷേ, തോല്‍പ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ പ്രൊഫ. അമര്‍ത്യ സെന്‍. കേരളീയം ഉദ്ഘാടന വേദിയില്‍ വീഡിയോ വഴി ആശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

കേരളം രാജ്യത്തിന് മാതൃക: കമല്‍ ഹാസന്‍
തിരുവനന്തപുരം രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം തേടിയിരുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍. മികച്ച നേട്ടങ്ങളുണ്ടാക്കാനായി നിരന്തരം പരിശ്രമിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കമല്‍ ഹാസന്‍ പറഞ്ഞു. കേരളത്തിന്റെ പ്രത്യേകത അത്രയധികം സവിശേഷമായതാണെന്നും കേരള മോഡല്‍ വികസനം തന്നെ രാഷ്ട്രീയമായി സ്വാധീനിച്ചെന്നും കേരളീയം 2023 മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

കേരളം തന്റെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണ്. തന്റെ കലാജീവിതത്തെ എന്നും പ്രോത്സാഹിപ്പിച്ച ജനതയാണ് കേരളത്തിലുള്ളത്. എന്നും കേരളത്തില്‍ താന്‍ വരുന്നത് പുതുതായി എന്തെങ്കിലും പഠിക്കാനോ, അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനോ ആണ്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കേരള മോഡല്‍ വികസനം പ്രചോദനമായിട്ടുണ്ട്. കേരളം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്ന് അധികാര വികേന്ദ്രീകരണം നടത്തിയത് രാജ്യത്തിന് മാതൃകയായി.

കേരളീയം ലോക സാഹോദര്യത്തിന്റെ വികാരമായി മാറും: മമ്മൂട്ടി
തിരുവനന്തപുരം കേരള ചരിത്രത്തിലെ മഹാ സംഭവമായി കേരളീയം മാറട്ടെയെന്ന് നടന്‍ മമ്മൂട്ടി ആശംസിച്ചു. കേരളീയം കേരളത്തിന്റെ മാത്രം വികാരമല്ല. ലോക സാഹോദര്യത്തിന്റെ വികാരമായി മാറും. നമ്മള്‍ ലോകത്തിന് തന്നെ മാതൃകയാകും. സ്നേഹത്തിനും സൗഹാര്‍ദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെ. നമ്മുടെ രാഷ്ട്രീയം, മതം, ജാതി എല്ലാം വേറെവേറെയാണ്. എന്നാല്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന വികാരം കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ് എന്നാണ് കേരളീയം മുന്നോട്ടുവെക്കുന്ന സന്ദേശം. എല്ലാ വ്യത്യാസങ്ങളെയും മറികടന്ന് ലോകത്തെ ശ്രദ്ധാകേന്ദ്രമായി, എല്ലാവരും ആദരിക്കുന്ന ജനതയായി മാറട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു.

നാളത്തെ കേരളം
എങ്ങനെ എന്ന ചിന്തയാണ് കേരളീയം: മോഹന്‍ലാല്‍
തിരുവനന്തപുരം്യു നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ട് വെച്ചിട്ടുള്ളതെന്ന് നടന്‍ മോഹന്‍ലാല്‍. സ്വാഭാവികമായും സാംസ്‌കാരിക കേരളത്തെക്കുറിച്ചുള്ള ഭാവി ചിന്തനവും അതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയുംപോലെ പല കാര്യങ്ങളും ആദ്യം നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ നമുക്ക് ഇത്തരമൊരു നീക്കത്തിനും വഴികാട്ടികളാകാമെന്ന് അദ്ദേഹം പറഞ്ഞു.

മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നു. ഇത് തന്റെ നഗരമാണ്. മലയാളി ആയതിലും കേരളത്തില്‍ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം പുരാതനകാലം മുതലുള്ളത്: റോമില ഥാപ്പര്‍
തിരുവനന്തപുരം്യു കേരളത്തിന്റെ കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം പുരാതന കാലം മുതല്‍ ഉള്ളതെന്ന് പ്രശസ്ത ചരിത്രകാരി പ്രൊഫ. റോമില ഥാപ്പര്‍.
കടല്‍ വഴി വിദേശികളുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളിലൂടെ പണ്ടുമുതല്‍ക്കേ കേരളം അത്തരം ആധുനിക സംസ്‌കാരം വെച്ചുപുലര്‍ത്തി.കേരളീയം പരിപാടിക്ക് ആശംസ നേര്‍ന്ന് ഉദ്ഘാടന വേദിയില്‍ വീഡിയോ വഴി സംസാരിക്കുകയായിരുന്നു അവര്‍. അന്യസംസ്ഥാനക്കാര്‍ വന്ന് കേരളത്തെ തങ്ങളുടെ ഇടമാക്കുന്നത് സംസ്ഥാനത്തിന്റെ
സാംസ്‌കാരികതയെ പരിപോഷിപ്പിക്കുന്നു.

സാക്ഷരതയിലെ ഉയര്‍ന്ന നിലവാരം കൂടുതല്‍ യുക്തിപൂര്‍വം ചിന്തിക്കാനും തുറന്ന മനസ്സോടെ ഇടപഴകാനും സഹായിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

 

Latest