Articles
അപകട മുനമ്പിലാണ് കേരളം, പക്ഷേ..
പല നിലകളില്‍ ഔന്നത്യം പുലര്‍ത്തുന്ന മുസ്ലിം സമുദായത്തെ എളുപ്പം തകര്‍ക്കാനാകില്ലെന്ന് സംഘ്പരിവാറിലെ സൃഗാലബുദ്ധികള്‍ക്കറിയാം. അതിന് അവര്‍ കണ്ടെത്തിയത് രണ്ട് മാര്‍ഗങ്ങളാണ്. ഒന്ന്, ക്രൈസ്തവരെ മുസ്ലിംകള്‍ക്ക് എതിരാക്കുക. അതിലവര്‍ ഏറെക്കുറെ വിജയിച്ചു എന്നുപറയാം. രണ്ട്, മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കലാണ്. അത് അത്ര എളുപ്പമല്ല എന്ന് ഹിന്ദുത്വര്‍ക്കറിയാം.

ഗുജറാത്ത് വംശഹത്യ നടന്നിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ആ കൂട്ടക്കൊലക്ക് മുമ്പ് ഗുജറാത്തില്‍ ഹിന്ദുത്വശക്തികള്‍ വ്യാപകമായി നടത്തിയ കൊടിയ മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ കേരളത്തിലും സംഭവിക്കുകയാണോ? എന്തേ ഇപ്പോഴിങ്ങനെ സംശയിക്കാന്‍ എന്നാണോ? കാരണമുണ്ട്.
തിരുവനന്തപുരത്തെ ഹിന്ദു മഹാസമ്മേളനത്തില്‍ അനേകം ‘പി സി ജോര്‍ജുമാര്‍’ നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാലറിയാം കേരളം ഒരപകട മുനമ്പിലാണ് നില്‍ക്കുന്നതെന്ന്. ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന വര്‍ഗീയതയുടെ ബോംബിനു മുകളിലാണ് മലയാളികള്‍ ചമ്രം പടിഞ്ഞിരുന്ന് ഏമ്പക്കം വിടുന്നതെന്നു പറഞ്ഞാല്‍ ഭയപ്പെടുത്തുകയാണെന്നേ ആരും ചിന്തിക്കൂ. കാരണം നമുക്ക് ആശ്വസിക്കാന്‍ ചില ഘടകങ്ങള്‍ കേരളത്തിലുണ്ട്. ബി ജെ പി ഇപ്പോഴും കേരളത്തില്‍ രാഷ്ട്രീയ ശക്തിയല്ല എന്നത് അതിലൊന്ന്. സംസ്ഥാനം ഭരിക്കുന്നത് സി പി എം ആണെന്നത് മറ്റൊരാശ്വാസം. കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇതര സംസ്ഥാനങ്ങളിലെപ്പോലെ ഹിന്ദുത്വാഭിമുഖ്യം പുലര്‍ത്തുന്നില്ല എന്നത് വേറൊരാശ്വാസം. ഇവിടെ ന്യൂനപക്ഷങ്ങള്‍ സംഘടിതരും സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിക്കപ്പെട്ടവരുമാണ് എന്നതാണ് ഇതിനെയൊക്കെ കടത്തിവെട്ടുന്ന മഹാആശ്വാസം. പക്ഷേ, കേരളം വന്നുനില്‍ക്കുന്ന വര്‍ഗീയതയുടെ കഠിനകാലത്ത് ഇതൊന്നും ശരിയായ ആശ്വാസമേയല്ല എന്നതാണ് കാര്യം. ത്രിപുരയില്‍ ഒരൊറ്റ തിരഞ്ഞെടുപ്പ് കൊണ്ട് ഇടതുപക്ഷം തൂത്തെറിയപ്പെട്ട അനുഭവം മുന്നിലുണ്ട്. ഗള്‍ഫ്പണം ഇനിയെത്രകാലം കേരളത്തിലേക്കെത്തും, അത് നല്‍കിയ സാമ്പത്തികാഭിവൃദ്ധി ഇനിയെത്രകാലം എന്ന ആശങ്കയുമുണ്ട്. ‘മോഡിഫൈഡ്’ ഇന്ത്യയില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് കേരളത്തിലെ കോണ്‍ഗ്രസ്സ് മാത്രമായിരിക്കാന്‍ എക്കാലവും കഴിയുമോ എന്ന ചോദ്യത്തെയും അഭിമുഖീകരിക്കേണ്ടതുണ്ട്. ആകയാല്‍ ആശ്വാസങ്ങളെ വെറുതെ വിടുക. നമുക്ക് യാഥാര്‍ഥ്യങ്ങളെ കുറിച്ച് സംസാരിക്കാം.
പൊളിയുന്ന വന്‍മതില്‍
കേരളം എന്തുകൊണ്ട് ബി ജെ പിക്ക് ബാലികേറാമലയായി? ഇവിടെ ഇടതു പുരോഗമനാശയങ്ങള്‍ക്ക് ആഴത്തില്‍ വേരുള്ളതുകൊണ്ട് എന്നാകും ഉത്തരം. ആ ഉത്തരം ഭാഗികമായി ശരിയാണ്. പക്ഷേ, അതുമാത്രമല്ല ഉത്തരം. ഇവിടെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ നിലനിന്ന മൈത്രി ആയിരുന്നു ബി ജെ പിക്ക് മുന്നിലെ വന്‍മതില്‍. ആ മതില്‍ പൊളിഞ്ഞിരിക്കുന്നു. ബി ജെ പി പൊളിച്ചു എന്ന് പറയുന്നതാണ് ശരി. മുസ്ലിംകളോട് നിതാന്ത ശത്രുത പുലര്‍ത്തുന്ന തരത്തിലേക്ക് ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗത്തെ ബി ജെ പി ഇതിനകം പരിവര്‍ത്തിപ്പിച്ചിരിക്കുന്നു. പി സി ജോര്‍ജിനെ തള്ളിപ്പറയാന്‍ ഒരേയൊരു മാര്‍ വര്‍ഗീസ് കൂറിലോസ് മാത്രമേ ഉണ്ടായുള്ളൂ എന്നത് നടുക്കമുള്ള യാഥാര്‍ഥ്യമാണ്. മാത്രമോ, ജോര്‍ജിന് ജാമ്യം കിട്ടിയതിനെത്തുടര്‍ന്ന് വീട്ടില്‍ ചെന്ന് സന്തോഷം പറയുന്ന പുരോഹിതന്മാരെയും കേരളം ഈ നാളുകളില്‍ കണ്ടു. കാലത്തിന്റെ കണ്ണാടിയില്‍ തെളിഞ്ഞ അശ്ലീലമായ ഒരു കാഴ്ചയായല്ല, കേരളത്തിലെ കത്തോലിക്കാ ക്രൈസ്തവരിലൊരുപക്ഷം ഹിന്ദുത്വവര്‍ഗീയതയെ നിര്‍ലജ്ജം പുണരുന്നതിന്റെ തെളിവായാണ് അതിനെ വരുംകാലം അടയാളപ്പെടുത്തുക.
ഇടത് ക്രൈസ്തവത
ക്രൈസ്തവ വര്‍ഗീയതയോടുള്ള ഇടതുപക്ഷത്തിന്റെ അസാധാരണമായ രഞ്ജിപ്പാണ് കേരളത്തെ അപകട മുനമ്പില്‍ നിര്‍ത്തുന്ന മറ്റൊരു പ്രധാന പ്രശ്നം. കാസ പോലുള്ള തീവ്ര ക്രൈസ്തവ ഗ്രൂപ്പുകള്‍ പടച്ചുവിടുന്ന, അത്യന്തം പ്രകോപനപരമായ മുസ്ലിംവിരുദ്ധ ആഖ്യാനങ്ങള്‍ക്ക് കൈയും കണക്കുമില്ല. നിയമം കൊണ്ട് അത് തടയാനാകുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഇവിടെയൊരു ഭരണകൂടം? എന്തിനാണ് പോലീസ്? പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പ്രസ്താവനയോട് ഇടതുപക്ഷം ആദ്യഘട്ടത്തില്‍ സ്വീകരിച്ച സമീപനം ഓര്‍ക്കുക. അന്ന് പിണറായി വിജയന്‍ കൃത്യമായ നിലപാട് വൈകിയെങ്കിലും സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഒരു വാസവന്‍ മന്ത്രി മാത്രമല്ല, അനേകം മന്ത്രിമാര്‍ ബിഷപ് ഹൗസിന്റെ തിണ്ണനിരങ്ങുമായിരുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ക്രൈസ്തവ അതിവാദങ്ങള്‍ക്ക് ഇടതു മുന്നണിയും സര്‍ക്കാറും പൂര്‍ണമായും കീഴ്പ്പെട്ടു. മുസ്ലിംകള്‍ക്ക് കിട്ടേണ്ടതില്‍ ഒരു കുറവും വരില്ലെന്ന പ്രസ്താവന പാഴ്്വാക്കായി. പട്ടില്‍ പൊതിഞ്ഞ പാഴ് വാക്കുകള്‍ മുസ്ലിംകള്‍ക്കും ആനുകൂല്യങ്ങള്‍ സഭാമക്കള്‍ക്കും എന്ന നിലയിലായി കാര്യങ്ങള്‍. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സ്ഥാപിച്ച ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ കേരള കോണ്‍ഗ്രസ്സ് മുഖേന സഭക്ക് സമ്മാനിച്ചു. പാലോളി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം മുസ്ലിം മുന്നേറ്റത്തിന് വേഗം കൂട്ടാന്‍ വേണ്ടി തുടങ്ങിയ ആ സ്ഥാപനം മുസ്ലിംകളെ പടിക്ക് പുറത്താക്കിയിട്ടും മുസ്ലിംകള്‍ എന്തെല്ലാമോ കൊണ്ടുപോകുന്നേ എന്ന് ചില ക്രൈസ്തവ ഗ്രൂപ്പുകള്‍ ഒച്ചയിടുകയാണ്; സര്‍ക്കാര്‍ അതുകേട്ട് മിണ്ടാതിരിക്കുകയും! ന്യൂനപക്ഷ വകുപ്പ് കെ ടി ജലീല്‍ കൈകാര്യം ചെയ്ത കാലത്ത് മുസ്ലിംകള്‍ക്ക് അവിഹിതമായി എന്തൊക്കെയോ കൊടുത്തു എന്ന് കൊണ്ടുപിടിച്ച പ്രചാരണം നടത്തിയതില്‍ ക്രൈസ്തവ സഭകളുടെ തലപ്പത്തിരിക്കുന്നവരുമുണ്ടായിരുന്നു. എന്നിട്ട് സര്‍ക്കാര്‍ പക്ഷത്തു നിന്ന് വ്യക്തതയുള്ളൊരു വിശദീകരണം പോലുമുണ്ടായില്ല. കുറച്ചു കാത്തിരുന്ന ശേഷം കെ ടി ജലീല്‍ തന്നെ ഫേസ്ബുക്കില്‍ കുറിപ്പിട്ടുകൊണ്ട് തന്റെയും മുസ്ലിം സമുദായത്തിന്റെയും ‘നിരപരാധിത്വം’ വിളിച്ചുപറയേണ്ടിവന്നു. പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തില്‍ എന്ത് നടപടിയെടുത്തു എന്ന് ആരെങ്കിലും ചോദിച്ചാല്‍ ‘ഞങ്ങള്‍ കേസെടുത്തു’ എന്ന് പറയാന്‍ മാത്രമുള്ള കേസായി അത് ചുരുങ്ങിയതില്‍ സര്‍ക്കാറിന് ധാര്‍മികമായ ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണോ? കോടഞ്ചേരിയിലെ ഡി വൈ എഫ് ഐ നേതാവിന്റെ പ്രണയ വിവാഹത്തില്‍ ലവ് ജിഹാദ് ആരോപിക്കപ്പെട്ടത് സമീപ കാലത്താണല്ലോ.
കോണ്‍ഗ്രസ്സ് എന്ത് ചെയ്യുന്നു?
ഇനി കേരളത്തിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ നില എന്താണ്? മേല്‍ പരാമര്‍ശിച്ച വിഷയങ്ങളില്‍ (നാര്‍കോട്ടിക് ജിഹാദ്, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്, ലവ് ജിഹാദ്, പി സി ജോര്‍ജ്, ക്രൈസ്തവ വര്‍ഗീയത..) കൃത്യമായ ഒരു നിലപാട് പറയാന്‍ കഴിയുന്ന എത്ര പേരുണ്ട് ആ പാര്‍ട്ടിയില്‍? ഉമ്മന്‍ ചാണ്ടി മുതല്‍ ഡൊമിനിക് പ്രസന്റേഷന്‍ വരെയുള്ളവര്‍ക്ക് സഭക്ക് മുകളില്‍ ഒരു നിലപാട് പറയാന്‍ കഴിയില്ല! മുമ്പ് പി ടി തോമസ് ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സുകാരനായ തോമസിന്റെ ‘ധൈര്യം’ ഇന്ന് ഇടതുപക്ഷത്ത് നിന്ന് പോലും പ്രതീക്ഷിക്കാന്‍ വയ്യെന്നായി!
സമുദായ നേതൃത്വം തള്ളിപ്പറയട്ടെ
കേരളത്തിലെ ക്രൈസ്തവ സമൂഹത്തില്‍ മാത്രമാണോ ഈ വര്‍ഗീയ ധ്രുവീകരണം സംഭവിക്കുന്നത്? നിശ്ചയമായും അല്ല. ഹിന്ദു സമുദായത്തില്‍ സംഘ്പരിവാര്‍ ഒരു നൂറ്റാണ്ടായി ഈ പണി എടുക്കുന്നുണ്ട്. മുസ്ലിം സമുദായത്തില്‍ ബാബരി മസ്ജിദ് തകര്‍ച്ചക്ക് പിറകെ ഇത്തരം ചിന്തകള്‍ മുളപൊട്ടിയിട്ടുണ്ട്. പക്ഷേ, വര്‍ഗീയ ചിന്തകളെ തല്‍ക്ഷണം തള്ളിപ്പറയുന്നതാണ് കേരളത്തിലെ മുസ്ലിം പണ്ഡിത പാരമ്പര്യം. പി സി ജോര്‍ജ് തിരുവനന്തപുരത്ത് നടത്തിയതു പോലൊരു വിദ്വേഷ പ്രസംഗം മുസ്ലിം സമുദായത്തില്‍ നിന്ന് ആരെങ്കിലും മറ്റു സമുദായങ്ങള്‍ക്കെതിരെ നടത്തി എന്നിരിക്കട്ടെ, അതിനെ ആദ്യം തള്ളിപ്പറയുന്നത് കേരളത്തിലെ മുസ്ലിം മത നേതൃത്വമായിരിക്കും. പോപ്പുലര്‍ ഫ്രണ്ടിനും എസ് ഡി പി ഐക്കുമെതിരെ ഏറ്റവും കൂടുതല്‍ പ്രസ്താവനകളും വിമര്‍ശങ്ങളുമുണ്ടായത് മുസ്ലിം മുഖ്യധാര എന്നുവിളിക്കാവുന്ന സുന്നി സംഘടനകളില്‍ നിന്നാണ്. വര്‍ഗീയതയെ പുറന്തള്ളാനുള്ള മതകീയമായ ഒരു ആന്തരിക ചോദന കേരളീയ മുസ്ലിം ജീവിതത്തിലുടനീളമുണ്ട്. ഹൈന്ദവ-ക്രൈസ്തവ സമുദായത്തില്‍ ഈ പുറന്തള്ളല്‍ സംഭവിക്കുന്നുണ്ടോ എന്ന് അതത് സമുദായ നേതാക്കള്‍ ആത്മപരിശോധന നടത്തട്ടെ. ആര്‍ എസ് എസ് നടത്തുന്ന അതിക്രമങ്ങള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല, അതല്ല ഹിന്ദുയിസം എന്ന് ഹിന്ദുമത നേതാക്കളും സംഘടനകളും പറയട്ടെ. പി സി ജോര്‍ജുമാരും കാസയും നടത്തുന്ന ആക്രോശങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയല്ലെന്ന് മതമേലധ്യക്ഷന്മാരും ക്രൈസ്തവ സംഘടനകളും പരസ്യമായി പറയട്ടെ. അങ്ങനെയേ ഈ വര്‍ഗീയ ധ്രുവീകരണം അവസാനിപ്പിക്കാനാകൂ.
സാമ്പത്തിക ബഹിഷ്‌കരണം
ഗുജറാത്തില്‍ ആര്‍ എസ് എസ് പരീക്ഷിച്ചുവിജയിച്ച, ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷിച്ചുകൊണ്ടിരിക്കുന്ന വജ്രായുധമാണ് മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കുകയെന്നത്. കേരളത്തില്‍ ക്രൈസ്തവ ഗ്രൂപ്പുകളുടെ പിന്തുണയോടെ അത് നടപ്പാക്കാനാണ് സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത് എന്നുവേണം അനുമാനിക്കാന്‍. സമൂഹ മാധ്യമങ്ങളില്‍ ആ ആഹ്വാനം (സാമ്പത്തിക ബഹിഷ്‌കരണം) മുഴങ്ങുന്നുണ്ട്. പി സി ജോര്‍ജ് തിരുവനന്തപുരത്തെ സംഘ് വേദിയില്‍ പറഞ്ഞതും മറ്റൊന്നല്ല. പാലാ ബിഷപ് മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു ഭാഷയില്‍ പറഞ്ഞുവെച്ചതും മുസ്ലിം കടകള്‍ ബഹിഷ്‌കരിക്കണം എന്നുതന്നെ ആയിരുന്നല്ലോ. മുസ്ലിംകള്‍ ബിരിയാണിയില്‍ മന്ത്രിച്ചു തുപ്പുന്നു എന്ന് കെ സുരേന്ദ്രന്‍ വ്യാജ വീഡിയോയിട്ട് സ്ഥാപിക്കാന്‍ ശ്രമിച്ചത് മുസ്ലിംകളെ സാമ്പത്തികമായി തകര്‍ക്കുകയെന്ന ആര്‍ എസ് എസ് അജന്‍ഡയുടെ ഭാഗമായിരുന്നു എന്ന് ഇനിയും തിരിയാത്തവരുണ്ടോ?
കേരളത്തിലെ മുസ്ലിം സമുദായം ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ച് സാമ്പത്തികമായി ഭേദപ്പെട്ട അവസ്ഥയിലാണ്. ഗള്‍ഫ് പണം നല്‍കിയ സമൃദ്ധിയാണ് അതിന്റെ കാരണം. അതുകൊണ്ടുതന്നെ അവരുടെ ജീവിത നിലവാരവും മെച്ചപ്പെട്ട നിലയിലാണ്. വ്യാപാര സ്ഥാപനങ്ങളും വ്യവസായശാലകളും കൂറ്റന്‍ മാളുകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും നിര്‍മിക്കാന്‍ മാത്രമുള്ള ശേഷി കൈവരിച്ചവരാണ് മലയാളി മുസ്ലിംകള്‍. അതിനൊത്ത രാഷ്ട്രീയ ബോധവും അവര്‍ പങ്കിടുന്നുണ്ട്. അതുമാത്രമോ, മുസ്ലിം സമുദായം വിദ്യാഭ്യാസ മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് നാല് പതിറ്റാണ്ടിനിടെ നടത്തിയിരിക്കുന്നത്. ഉന്നതോദ്യോഗസ്ഥരില്‍ മുസ്ലിംകളുടെ എണ്ണം തുലോം വര്‍ധിച്ചിരിക്കുന്നു. മുന്‍ കാലങ്ങളില്‍ കീ പോസ്റ്റുകള്‍ കൈയടക്കിവെച്ചിരിക്കുന്ന പലര്‍ക്കും മുസ്ലിംകളോട് കഠിന വിദ്വേഷം ഉണ്ടായതില്‍ ഇതെല്ലാം കാരണങ്ങളാണ്. മുസ്ലിംകള്‍ കുടിയാന്മാരായിരുന്ന കാലത്തും അഭിമാനികളായിരുന്നു എന്ന ചരിത്രം അവരെ ഓര്‍മിപ്പിക്കുക മാത്രമാണ് മറുപടി. പല നിലകളില്‍ ഔന്നത്യം പുലര്‍ത്തുന്ന മുസ്ലിം സമുദായത്തെ എളുപ്പം തകര്‍ക്കാനാകില്ലെന്ന് സംഘ്പരിവാറിലെ സൃഗാലബുദ്ധികള്‍ക്കറിയാം. അതിന് അവര്‍ കണ്ടെത്തിയത് രണ്ട് മാര്‍ഗങ്ങളാണ്. ഒന്ന്, ക്രൈസ്തവരെ മുസ്ലിംകള്‍ക്ക് എതിരാക്കുക. അതിലവര്‍ ഏറെക്കുറെ വിജയിച്ചു എന്നുപറയാം. അതിനു വേണ്ടിയാണ് ലവ് ജിഹാദ് കളത്തിലിറക്കിയത്. അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്ന മുസ്ലിമിനെ പേടിക്കേണ്ടതുണ്ട് എന്ന് ചില സഭാനേതാക്കള്‍ പോലും ചിന്തിക്കുന്നു. വില്ലേജ് ഓഫീസര്‍ മുതല്‍ സീനിയര്‍ സെക്രട്ടറി ഉള്‍പ്പെടെ പ്രധാന പോസ്റ്റുകളില്‍ മുസ്ലിം പേരുകാര്‍ വരുന്നതിലുള്ള അസഹിഷ്ണുതയും ഒരു ഘടകമാണ്. രണ്ട്, മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കലാണ്. അത് അത്ര എളുപ്പമല്ല എന്ന് ഹിന്ദുത്വര്‍ക്കറിയാം. കാരണം കുഗ്രാമങ്ങളിലെ പെട്ടിക്കട മുതല്‍ മെട്രോ സിറ്റികളിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വരെ പടര്‍ന്നുനില്‍ക്കുന്നതാണ് മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍. മുസ്ലിം സമുദായത്തിന്റെ വ്യാപാര മണ്ഡലം തകര്‍ക്കുക അത്ര എളുപ്പമല്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ടാകും സുരേന്ദ്രന്റെ ‘ബിരിയാണിയില്‍ തുപ്പലും’ പി സി ജോര്‍ജിന്റെ ‘ഫില്‍റ്റര്‍ വാദവും’ സംഘ്പരിവാറും കൃസംഘികളും ഏറ്റെടുത്തത്? വെറുപ്പുത്പാദിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാനുള്ള കൗശലമാണത്. ജീവനോപാധി മുട്ടിപ്പോകുന്ന മനുഷ്യരെ വരുതിയില്‍ നിര്‍ത്താന്‍ എളുപ്പമാണെന്ന വ്യര്‍ഥവിചാരവും കൂട്ടിനുണ്ട്. അങ്ങനെ മുട്ടിലിഴഞ്ഞിരുന്നുവെങ്കില്‍ ബ്രിട്ടീഷ് അധിനിവേശത്തിനു പിറകെ മലബാറില്‍ ഒരൊറ്റ മുസ്ലിം കുടുംബവും ബാക്കി കാണുമായിരുന്നില്ല എന്ന ചരിത്രാനുഭവം ഇവര്‍ മറക്കുകയാണ്.
ഈ വക അസഹിഷ്ണുതകളെ മുസ്ലിം സമുദായം എങ്ങനെ ചെറുക്കുമെന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനമായ ചോദ്യം. വിശാലമായ മതബോധ്യത്തെ മുന്‍നിര്‍ത്തി മുസ്ലിംകള്‍ ഈ കാലത്തെയും കടന്നുപോകും. കാരണം, ആ മതബോധ്യങ്ങള്‍ ഇസ്ലാമിന്റെ മാനവിക ബോധ്യങ്ങള്‍ കൂടിയാണ്. വെറുപ്പല്ല, സൗഹൃദമാണ് മുസ്ലിമിന്റെ മുഖമുദ്ര. അനീതികളോട് ഒത്തുതീര്‍പ്പില്ലാതെ തന്നെ, വെറുപ്പിന്റെയും നുണയുടെയും വ്യാപാരത്തെ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും മതപാഠങ്ങള്‍ കൊണ്ട് പരാജയപ്പെടുത്തുകയാണ് മലയാളി മുസ്ലിമിന്റെ മുന്നിലെ ശരിമാര്‍ഗം. ദുഷ്പ്രചാരണങ്ങളുടെ നഷ്ടം മുസ്ലിമിനാകും എന്ന ഭീതിയല്ല ഈ നിലപാടിന് ആധാരം. ഒരു വെറുപ്പിനെ തോല്‍പ്പിക്കാന്‍ മറ്റൊരു വെറുപ്പിനാകില്ലെന്ന രാഷ്ട്രീയമായ തിരിച്ചറിവും സമാധാനത്തിലേക്കുള്ള വഴികള്‍ കഠിനമെങ്കിലും അത് താണ്ടിക്കടക്കുകയാണ് അഭികാമ്യം എന്ന പ്രമാണപ്രോക്തമായ മാനവിക ബോധ്യവുമാണ് ഈ നിലപാടിന്റെ അടിത്തറ.