Connect with us

Editorial

കടത്തില്‍ മുങ്ങിത്താഴുന്ന കേരളം

ചെലവും വരവും തമ്മിലുള്ള വലിയ അന്തരം കുറച്ചില്ലെങ്കില്‍ സംസ്ഥാനം കടത്തില്‍ മുങ്ങിത്താഴുമെന്നും ചെലവുകളുടെ കാര്യത്തില്‍ കൂടുതല്‍ യുക്തിസഹമായ ചിന്തയും നിയന്ത്രണവുമാണ് പരിഹാരമെന്നും സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Published

|

Last Updated

കേരളം ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ട്രഷറി നിയന്ത്രണം വേണ്ടിവരില്ലെന്നും ധനമന്ത്രി പറയുന്നുണ്ടെങ്കിലും അതിരൂക്ഷമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി. ഓണാഘോഷം, സൗജന്യ ഓണക്കിറ്റ് വിതരണം, രണ്ട് മാസത്തെ സാമൂഹിക പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍, കെ എസ് ആര്‍ ടി സി ശമ്പളവും പെന്‍ഷനും തുടങ്ങിയവയാണ് സ്ഥിതി രൂക്ഷമാക്കിയത്. ഓണച്ചെലവുകള്‍ക്കായി പൊതുഖജനാവില്‍ നിന്ന് ചെലവിട്ടത് 15,000 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6,500 കോടി രൂപ അധികം. കെ എസ് ആര്‍ ടി സിയില്‍ ശമ്പളത്തിനും പെന്‍ഷനുമായി 300 കോടി രൂപ നല്‍കി. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിലൂടെ 23,000 കോടി രൂപയുടെ ബാധ്യത വന്നു. റിസര്‍വ് ബേങ്ക് റിപോര്‍ട്ടനുസരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കടബാധ്യത വരുമാനത്തിന്റെ 35 ശതമാനം കവിഞ്ഞ നാല് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. കേരളത്തിന്റെ പൊതുകട ബാധ്യത ഈ വര്‍ഷം വരുമാനത്തിന്റെ 37.2 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കാമെന്നാണ് മറ്റു ചില പഠനങ്ങള്‍ കാണിക്കുന്നത്.

പൊതുഖജനാവിന്റെ ശോഷണം പൊടുന്നനെയുണ്ടായ ഒരു പ്രതിഭാസമല്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും പൊതുധനകാര്യ നടത്തിപ്പും ആശങ്കാകുലമാണെന്ന് 1990കളില്‍ തന്നെ വിദഗ്ധരും സി എ ജിമാരും വിവിധ സമിതികളും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പക്ഷേ തുടര്‍ന്നു വന്ന സര്‍ക്കാറുകളൊന്നും ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ല. അതിന്റെ തിക്തഫലമാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നത്. മൊത്തം വരുമാനത്തിന്റെ 90 ശതമാനവും ഭരണപരമായ ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. കടമെടുത്ത പണത്തിന് പലിശ നല്‍കാന്‍ മാത്രം റവന്യൂ വരുമാനത്തിന്റെ 18.8 ശതമാനം ചെലവിടുന്നു. കടമെടുപ്പിന് റിസര്‍വ് ബേങ്ക് നിശ്ചയിച്ച പരിധി മറികടക്കാന്‍ കിഫ്ബി പോലുള്ള ഊടുവഴികള്‍ കണ്ടെത്തി പിന്നെയും കടമെടുപ്പ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. എങ്ങനെയും കടമെടുത്ത് ചെലവുകള്‍ നിര്‍വഹിക്കുകയെന്ന ഈ രീതിയാണ് സംസ്ഥാനത്തെ ഈ ദയനീയ സ്ഥിതിയിലേക്കെത്തിച്ചത്. മഹാപ്രളയവും കൊവിഡും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും അതിന് ആക്കം കൂട്ടുകയും ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വിതരണത്തിനായി സംസ്ഥാനം ചെലവഴിച്ചത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 58 ശതമാനം കൂടുതല്‍ തുകയാണ്. പെന്‍ഷന്‍ വിതരണത്തിനായി അധികമായി കണ്ടെത്തേണ്ടി വന്നത് 42 ശതമാനവും. 2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതു കടം 78,673 കോടി രൂപയായിരുന്നു. 2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വരുമ്പോള്‍ 1,57,370 കോടിയും. 2021ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ അത് 3,27,654 കോടിയായി ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷാവസാനത്തില്‍ (22-23) പൊതുകടം 3,71,692 കോടിയിലെത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. അടുത്ത വര്‍ഷം ഇത് 4,11,053 കോടിയും 2024-25ല്‍ 4,55,728 കോടിയുമാകും. കടം വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും പലിശ നിരക്കും ഉയരും. വികസന പദ്ധതികള്‍ക്കെന്ന പേരിലാണ് സര്‍ക്കാര്‍ കടം വാങ്ങിക്കൂട്ടുന്നതെങ്കിലും നേരത്തേ എടുത്ത കടം വീട്ടാനും പലിശ നല്‍കാനുമാണ് അത് വിനിയോഗിക്കുന്നതെന്നാണ് സി എ ജി പറയുന്നത്.

ഒരു മാസത്തെ സംസ്ഥാനത്തിന്റെ ആകെ ശരാശരി ചെലവ് 13,733.00 കോടിയാണ്. എന്നാല്‍ 11,205.00 കോടി മാത്രമാണ് ശരാശരി വിവിധ മാര്‍ഗങ്ങളില്‍ കൂടി സംസ്ഥാന ഖജനാവിലേക്കെത്തുന്നത്. ചെലവും വരവും തമ്മിലുള്ള ഈ വലിയ അന്തരം കുറച്ചില്ലെങ്കില്‍ സംസ്ഥാനം കടത്തില്‍ മുങ്ങിത്താഴുമെന്നും ചെലവുകളുടെ കാര്യത്തില്‍ കൂടുതല്‍ യുക്തിസഹമായ ചിന്തയും നിയന്ത്രണവുമാണ് പരിഹാരമെന്നും സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഭരണ, ഉദ്യോഗസ്ഥ മേഖലകളിലെ അമിതച്ചെലവും ധൂര്‍ത്തും അവസാനിപ്പിക്കുക, സര്‍വീസ് മേഖലയില്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുക, നികുതി കൃത്യമായി പിരിച്ചെടുക്കുകയും നികുതിയേതര വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പരിഹാര മാര്‍ഗങ്ങള്‍. 1975-86 കാലത്ത് സര്‍ക്കാര്‍ വരുമാനത്തിന്റെ 12.5 ശതമാനവും നികുതിയില്‍ നിന്നായിരുന്നു. എന്നാല്‍ കൊവിഡിനു മുമ്പുള്ള വര്‍ഷം ഇത് 8.5 ആയി കുറഞ്ഞു. അടുത്തിടെ നികുതി വെട്ടിപ്പു സംബന്ധിച്ച ഒരു അന്വേഷണത്തില്‍ കണ്ടെത്തിയത് ജി എസ് ടി നല്‍കേണ്ട സ്ഥാപനങ്ങളില്‍ 45 ശതമാനവും ബില്‍ നല്‍കാതെ നികുതി വെട്ടിക്കുന്നുവെന്നാണ്. കൊവിഡിന്റെ മറവിലും വ്യാപകമായി നികുതി വെട്ടിപ്പ് നന്നായി നടന്നു.
സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ജീവനക്കാരുടെ എണ്ണം വളരെക്കൂടുതലാണ്. തെലങ്കാനയിലെ കൃഷിഭൂമി നമ്മുടേതിന്റെ നാലിരട്ടി വരും. കര്‍ണാടകയിലേത് പത്തിരട്ടിയും. എന്നാല്‍ കേരളത്തിലെ കൃഷിവകുപ്പിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. അതേസമയം കാര്‍ഷികോത്പാദനത്തിലാകട്ടെ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വന്‍ കുറവുമാണ് രേഖപ്പെടുത്തിയത്. മറ്റു വകുപ്പുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. സര്‍ക്കാര്‍ ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്കരിച്ചതോടെ അധികം വന്ന ജീവനക്കാരെ പുനര്‍വിന്യസിച്ച് ചെലവ് കുറക്കാനുള്ള നടപടികള്‍ ഉണ്ടായില്ല.

മന്ത്രിമാര്‍ക്ക് 30 സ്റ്റാഫിനെ വരെയാണ് നല്‍കിയിരിക്കുന്നത്. എന്തിനാണ് ഇത്ര കൂടുതല്‍ പേഴ്‌സനല്‍ സ്റ്റാഫ്? മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും വാഹനങ്ങള്‍ വാങ്ങുന്നത് യാതൊരു മാനദണ്ഡവുമില്ലാതെ തോന്നിയ പോലെയാണ്. പല ജൂനിയര്‍ ഉദ്യോഗസ്ഥരും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീടുകളില്‍ നിന്ന് ഓഫീസില്‍ എത്താനും മടങ്ങിപ്പോകാനും ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതും പതിവാണ്. പല പദ്ധതികളുടെയും നടത്തിപ്പില്‍ വരുന്ന സമയനഷ്ടവും ധനനഷ്ടവും പങ്കുപറ്റല്‍ സംസ്‌കാരവും വേറെയും. കെ ഫോണ്‍, സില്‍വര്‍ ലൈന്‍ പദ്ധതികള്‍ ഉദാഹരണം. കെ ഫോണ്‍ പദ്ധതിക്ക് സംസ്ഥാനത്ത് ഉടനീളം കേബിള്‍ ശൃംഖല സ്ഥാപിക്കാന്‍ നല്‍കിയ കരാറുകളില്‍ മറിഞ്ഞത് കോടികളാണ്. സില്‍വര്‍ ലൈനിനു കല്ലിടാനായി കോടികള്‍ ചെലവിട്ടു. അവസാനം അത് നിര്‍ത്തിവെക്കേണ്ടി വന്നു. സാമ്പത്തിക വിനിയോഗത്തില്‍ ഇനിയെങ്കിലും ഒരു പുനരാലോചനക്ക് സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്.