Connect with us

Articles

കുരുന്നുകള്‍ക്ക് മേല്‍ വേണം ജാഗ്രതയുടെ കണ്ണ്

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നമ്മള്‍ വരുത്തുന്ന നേരിയ അശ്രദ്ധ പോലും വലിയ ദുഃഖങ്ങള്‍ക്ക് കാരണമാകുമെന്നതിന്റെ ഒരുപാട് ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് ഓമയൂരിലെ സംഭവം. പിഞ്ചുകുഞ്ഞുങ്ങള്‍ വീടിനകത്തായാലും പുറത്തായാലും അവര്‍ക്ക് മേല്‍ കണ്ണ് വേണം. കുട്ടികളുടെ സുരക്ഷ ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്വമാണ്. അതിലുപരി രക്ഷിതാക്കള്‍ തന്നെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Published

|

Last Updated

കേരളം ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയിലായിരുന്നു കഴിഞ്ഞ ദിവസം. കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറ് വയസ്സുകാരിയെ ജീവനോടെ സുരക്ഷിതമായി തിരിച്ചുകിട്ടണമെന്ന് മനസ്സാക്ഷിയുള്ളവരെല്ലാം ആത്മാര്‍ഥമായി ആഗ്രഹിച്ചു. ഒടുവില്‍ അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തിരിക്കുന്നു. അബിഗേല്‍ സുരക്ഷിതയായി മാതാപിതാക്കളുടെ അടുത്ത് തിരിച്ചെത്തിയിരിക്കുന്നു. നവംബര്‍ 27ന് വൈകിട്ട് സ്‌കൂള്‍ വിട്ട് വന്ന ശേഷം ജ്യേഷ്ഠന്‍ നാലാം ക്ലാസ്സുകാരനായ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് അബിഗേലിനെ സ്ത്രീ അടക്കമുള്ള നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് മാത്രമാണ് ഇതെഴുതുമ്പോഴും ലഭ്യമായ വിവരം. കൂടുതല്‍ അന്വേഷണ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതേയുള്ളൂ. കുട്ടിയെ വിട്ടുകൊടുക്കാന്‍ 10 ലക്ഷം രൂപ സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടുവെങ്കിലും ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള അടവായിരുന്നുവോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യം മറ്റെന്തെങ്കിലുമാണോ എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കണം.

കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതും പോലീസിന് കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയുന്നതിന് മുമ്പ് തന്നെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് നമ്മള്‍ കേള്‍ക്കാറുള്ളത്. കുട്ടികളെ ഭിക്ഷാടന മാഫിയകള്‍ യാചകവൃത്തിക്കായി തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും ഏറെയും നടക്കാറുള്ളത് ഉത്തര്‍ പ്രദേശും ഗുജറാത്തും ബിഹാറും അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ. ഇത്തരം മാഫിയകളുടെ പ്രവര്‍ത്തനം കേരളത്തിലും സജീവമാണ്. ഭിക്ഷാടന മാഫിയാ സംഘത്തില്‍ പെട്ടവര്‍ കുട്ടികളെ പിടിച്ചുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ പല ഭാഗങ്ങളിലും തമ്പടിച്ചിട്ടുണ്ട്.

അങ്കമാലിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ആക്രമിക്കുകയും ഒന്നര വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തത് സമീപ കാലത്താണ്. ഈ സംഭവത്തില്‍ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വടശേരിക്കേര കണ്ണമ്പള്ളിയില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ചുകടന്ന മുഖംമൂടി ധാരികളായ സംഘം പത്തും നാലും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതും അടുത്തിടെയാണ്. രണ്ട് കുട്ടികളെയും വീട്ടിലാക്കി രക്ഷിതാക്കള്‍ അടുത്തുള്ള ആരാധനാലയത്തില്‍ പോയ സമയത്തായിരുന്നു ഈ സംഭവം നടന്നത്. കുട്ടികള്‍ അലറിവിളിച്ച് അയല്‍ വീട്ടിലേക്ക് ഓടിപ്പോയതോടെ സംഘം വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. തൊടുപുഴയില്‍ വീട്ടില്‍ കയറി ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ആന്ധ്രാപ്രദേശ് സ്വദേശിനി പിടിയിലായത് രണ്ട് വര്‍ഷം മുമ്പാണ്. ഇതുപോലെ നിരവധി സംഭവങ്ങള്‍ മുമ്പ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പട്ടാപ്പകല്‍ ആറ് വയസ്സുള്ള ഒരു കുഞ്ഞിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വിലപേശുന്ന സംഭവം സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

ഇതേ ദിവസം തന്നെ ഓയൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നുവെന്നത് ആശങ്കക്ക് ആക്കം കൂട്ടുന്നു. സൈനികനായ ബിജുവിന്റെ വീട്ടില്‍ അജ്ഞാത സംഘമെത്തിയാണ് കുട്ടിയെ ബലമായി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട മാതാവ് ബഹളം വെച്ചതോടെയാണ് സംഘം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിച്ചത്.
കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റില്‍പ്പെട്ട നാല്പേര്‍ അറസ്റ്റിലായത് അബിഗേലിനെ തട്ടിക്കൊണ്ടുപോയ ദിവസം തന്നെയാണ്. ബെംഗളൂരുവില്‍ നിന്ന് 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാറില്‍ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് കര്‍ണാടക പോലീസിന്റെ പിടിയിലായത്. അബിഗേലിനെ തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാകണമെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം.

എന്തിന്റെ പേരിലായാലും കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ല എന്നത് ഭയപ്പെടുത്തുന്ന കാര്യം തന്നെയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം കേരളത്തിലുമുണ്ടാകുന്നത് ഇവിടുത്തെ നിയമ വ്യവസ്ഥക്ക് മുന്നിലെ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന സംഘങ്ങള്‍ എവിടെയൊക്കെയോ അവസരം കാത്ത് നിലയുറപ്പിച്ചിരിക്കുന്നു. ആലപ്പുഴയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം കേരളത്തെ ആകമാനം നടുക്കിയിരുന്നു. മൂന്ന് മാസം മുമ്പാണ് ക്രൂരവും പൈശാചികവുമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സംഭവം നടന്നത്. ഇതര സംസ്ഥാന കുടുംബത്തില്‍പ്പെട്ട അഞ്ച് വയസ്സുകാരിയെ ഇതര സംസ്ഥാനക്കാരനായ യുവാവാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണ നടപടികള്‍ വേഗത്തിലാക്കുകയും വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. പൊതുസമൂഹത്തിന്റെ ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ ആലുവയില്‍ അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയാകുകയോ കൊല്ലപ്പെടുകയോ ചെയ്യുമായിരുന്നില്ല എന്നത് മലയാളി മനസ്സില്‍ ഇപ്പോഴും നീറിപ്പുകയുന്ന കുറ്റബോധമായി അവശേഷിക്കുന്നുണ്ട്. കുട്ടിയെ പ്രതി എവിടേക്കൊ കൊണ്ടുപോകുന്നത് കണ്ടിട്ടും അതില്‍ അസ്വാഭാവികത തോന്നാതിരുന്നതിന്റെ പരിണത ഫലമായിരുന്നു ഒടുവില്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച കൊലപാതകം.

അബിഗേലിനെ കണ്ടെത്താന്‍ പോലീസ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നമ്മള്‍ വരുത്തുന്ന നേരിയ അശ്രദ്ധ പോലും വലിയ ദുഃഖങ്ങള്‍ക്ക് കാരണമാകുമെന്നതിന്റെ ഒരുപാട് ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് ഓമയൂരിലെ സംഭവം. പിഞ്ചുകുഞ്ഞുങ്ങള്‍ വീടിനകത്തായാലും പുറത്തായാലും അവര്‍ക്ക് മേല്‍ കണ്ണ് വേണം. കേരളത്തില്‍ കുട്ടികളെ കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ വലിയൊരു ശതമാനവും ഇതര സംസ്ഥാനക്കാരാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പുരുഷന്‍മാരെ കൂടാതെ സ്ത്രീകളും പങ്കാളികളാകുന്നു. കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 146 കുട്ടികളാണെന്നാണ് ഔദ്യോഗിക കണക്ക്. ചില കുട്ടികള്‍ കൊല്ലപ്പെട്ടത് ലൈംഗിക പീഡനത്തിനിടയിലാണെങ്കില്‍ മറ്റുചില കുട്ടികള്‍ കൊലചെയ്യപ്പെട്ടത് ലഹരിക്കടിപ്പെട്ടവരുടെ അക്രമങ്ങള്‍ മൂലമാണ്. 2022ല്‍ കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 5,315 കേസുകളാണ്. കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസുകളും പെരുകുകയാണ്. കുടുംബങ്ങളില്‍ ദമ്പതികള്‍ തമ്മിലുള്ള കലഹങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടമാകുന്ന കുട്ടികളുമുണ്ട്. കുട്ടികളുടെ സുരക്ഷ ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്വമാണ്. അതിലുപരി രക്ഷിതാക്കള്‍ തന്നെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമൂഹത്തിനും നിയമ സംവിധാനങ്ങള്‍ക്കും പരിധികളും പരിമിതികളുമുണ്ട്. പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടികളെ സദാ നിരീക്ഷിക്കുക തന്നെ വേണം. കുഞ്ഞുങ്ങളെ റാഞ്ചാന്‍ മനുഷ്യപ്പരുന്തുകള്‍ എല്ലായ്‌പ്പോഴും അവര്‍ക്കുചുറ്റും വട്ടമിടുന്ന കാലമാണിതെന്ന തിരിച്ചറിവ് രക്ഷിതാക്കള്‍ക്കുണ്ടാകണം.