Kerala
സുരേഷ് ഗോപി അപമാനിച്ച വയോധികക്ക് 10,000 രൂപ തിരിച്ചുനല്‍കി കരുവന്നൂര്‍ ബേങ്ക്
ബേങ്കില്‍ നിന്ന് കിട്ടാനുള്ളത് 1.75 ലക്ഷം രൂപ.

തൃശൂര്‍ | കരുവന്നൂര്‍ ബേങ്കില്‍ നിന്ന് വയോധികക്ക് കിട്ടാനുണ്ടായിരുന്ന 1.75 ലക്ഷം രൂപയില്‍ 10,000 രൂപ വാങ്ങിനല്‍കി സി പി എം പ്രവര്‍ത്തകര്‍. കൊടുങ്ങല്ലൂര്‍ കലുങ്ക് സൗഹൃദ സദസ്സില്‍ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അപമാനത്തിന് ഇരയായ ആനന്ദവല്ലിക്കാണ് പണം ലഭിച്ചത്. ബേങ്കിലെ നിക്ഷേപം തിരികെ കിട്ടാന്‍ സഹായം തേടിയായിരുന്നു ആനന്ദവല്ലി സുരേഷ് ഗോപിയുടെ സൗഹൃദ സദസ്സിലെത്തിയത്.
‘നിക്ഷേപം തിരികെ കിട്ടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ‘ചേച്ചി അധികം വര്‍ത്തമാനം പറയേണ്ടെന്നും ഇ ഡി പിടിച്ചെടുത്ത പണം കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റില്ലെന്ന് ആനന്ദവല്ലി പറഞ്ഞപ്പോള്‍ ‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
‘നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത്’ എന്ന് സുരേഷ് ഗോപി ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങള്‍’ എന്ന് വയോധിക തിരിച്ച് ചോദിച്ചു. ‘അല്ല, താന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണെ’ന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മറുപടി നല്‍കിക്കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും പറഞ്ഞ് സുരേഷ് ഗോപി ആനന്ദവല്ലിയെ മടക്കിയയക്കുകയായിരുന്നു.