Kerala
കരുനാഗപ്പള്ളി വിഭാഗീയത: സി പി എം സംസ്ഥാന നേതൃത്വം ഇടപെടുന്നു
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നാളെ ജില്ലയിലെത്തുകയും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലും ജില്ലാ കമ്മറ്റിയോഗത്തിലും പങ്കെടുക്കും
കൊല്ലം | കരുനാഗപ്പള്ളിയില്‍ സി പി എം ലോക്കല്‍ സമ്മേളനത്തില്‍ ഉണ്ടായ ചേരിതിരിവില്‍ സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നാളെ ജില്ലയിലെത്തുകയും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലും ജില്ലാ കമ്മറ്റിയോഗത്തിലും പങ്കെടുക്കും.
പരസ്യമായി രംഗത്തുവന്ന വിഭാഗവുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയും ആരായുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന സമ്മേളനംകൊല്ലത്തു നടക്കുന്നതിനാല്‍ ഇവിടെ പാര്‍ട്ടിക്കുള്ളില്‍ തലപൊക്കിയ അപശബ്ദത്തെ പാര്‍ട്ടി ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. സമ്മേളന കാലയളവില്‍ ഏതെങ്കിലും അച്ചടക്ക നടപടികളിലേക്കു പോകേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ധാരണ.
കരുനാഗപ്പള്ളിയില്‍ കുലശേഖരപുരം ലോക്കല്‍ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. തെറ്റായ പ്രവണതആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. സംഘടാ തലത്തില്‍ തന്നെ നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ വിവിധ ലോക്കല്‍ സമ്മേളനങ്ങളും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലേക്ക് പോയതോടെയാണ് കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിലും ബഹളമുണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാല്‍, കെ.സോമപ്രസാദ് എന്നിവരെ അടക്കം തടഞ്ഞുവെച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാല്‍, കെ സോമപ്രസാദ് എന്നിവരെ തടഞ്ഞുവെച്ചു. സമ്മേളനത്തില്‍ ഔദ്യോഗിക പാനല്‍ തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തനെതിരെയാണ് ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടിക്കൊപ്പമുള്ളവരും പി ആര്‍ വസന്തനെ അനുകൂലിക്കുന്നവരുമാണ് ചേരികളായി തിരിഞ്ഞത്. കരുനാഗപ്പള്ളിയില്‍ പലയിടങ്ങളിലും സേവ് സി പി എം എന്ന പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വിഭാഗീയതയും പ്രതിഷേധങ്ങളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാകും തുടര്‍ നടപടി.