Connect with us

Alappuzha

കാര്‍ത്തികപ്പള്ളി ജുമുഅ മസ്ജിദ് ഉദ്ഘാടനം ചെയ്തു

ആരാധനാലയങ്ങള്‍ സമാധാനഗേഹങ്ങള്‍: ഖലീല്‍ തങ്ങള്‍

Published

|

Last Updated

ഹരിപ്പാട് | ആരാധനാലയങ്ങള്‍ സമാധാനഗേഹങ്ങളാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. ഭൂമിയില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ നാഥന്‍ വീട് നല്‍കുമെന്നും തങ്ങള്‍ ഓർമപ്പെടുത്തി.
നവീകരിച്ച കാര്‍ത്തികപ്പള്ളി ജുമുഅ മസ്ജിദിന്റെ ഉദ്ഘാടനത്തിനുശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ അസര്‍ നിസ്‌കാരം നടത്തിയാണ് പള്ളി ഉദ്ഘാടനം നടത്തിയത്. ചടങ്ങിന് മുന്നോടിയായി നടന്ന മാനവ സൗഹാര്‍ദ്ദ സമ്മേളനം അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ഒരുതരത്തിലുള്ള വര്‍ഗീയതയും ഏശാത്ത സംസ്ഥാനമാണ് കേരളമെന്ന് എം പി പറഞ്ഞു.

കാര്‍ത്തികപ്പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഡോ. ഹമീദ് ഷാലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, തിരുവനന്തപുരം ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്സി, കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ സോനു ജോര്‍ജ് എന്നിവര്‍ മുഖ്യ അതിഥികളായി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹസീം ഹുസൈന്‍, കാര്‍ത്തികപ്പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഡോ. ഹമീദ് ഷാലി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഇമാം എച്ച്. ഇമാമുദ്ദീന്‍ ഉമരി, മുന്‍ കാര്‍ത്തികപ്പള്ളി മഹല്ല് ഇമാം ഷഫീഖ് കാമില്‍ സഖാഫി, വന്ദിക പള്ളി ചീഫ് ഇമാം ഷമീര്‍ അസ്ലമി, പാനൂര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം. ഇബ്രാഹിംകുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിയാസ്, ഓമന, ഹുദാ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.  ഒ. ബഷീര്‍, വന്ദികപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ കലാം, ചിങ്ങോലി മുക്കുവശ്ശേരി ഹനഫി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എം. നിസാര്‍ എന്നിവര്‍ സംസാരിച്ചു. മുക്കുവശ്ശേരി ഹനഫി ജുമുഅ മസ്ജിദ് ഇമാം സയ്യിദ് ഹാമിദ് കോയ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കാര്‍ത്തികപ്പള്ളി ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി ഷഫീഖ് സ്വാഗതവും വൈസ് പ്രസിഡന്റ് അജീര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.