Connect with us

Hijab Row in Karnataka

മതചിഹ്നങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഡിഗ്രി കോളജുകളില്‍ ബാധകമല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

ഇന്നും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ തടഞ്ഞു.

Published

|

Last Updated

ബെംഗളൂരു | വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അടക്കമുള്ള മത ചിഹ്നങ്ങള്‍ വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഡിഗ്രി കോളജുകളില്‍ ബാധകമല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. നിശ്ചിത യൂനിഫോം ബാധകമായ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ഉത്തരവ് ബാധകമെന്നും അദ്ദേഹം പറഞ്ഞു.

ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയാണ് ഇക്കാര്യം ഉന്നയിച്ചത്. കോടതി ഉത്തരവ് ഡിഗ്രി കോളജുകള്‍ക്ക് ബാധകമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി എന്‍ അശ്വത് നാരായണ്‍ ചൊവ്വാഴ്ച പറഞ്ഞതിനുള്ള വിശദീകരണം എന്ന നിലക്കായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ശിരോവസ്ത്രം കൂടാതെയുള്ള യൂനിഫോം ഉള്ള പ്രി യൂനിവേഴ്‌സിറ്റി കോളജുകളിലാണ് ഉത്തരവ് ബാധകമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഇന്നും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ തടഞ്ഞു. ചിലര്‍ ശിരോവസ്ത്രം അഴിച്ച് അകത്ത് കടന്നപ്പോള്‍ മറ്റു ചിലര്‍ വീട്ടിലേക്ക് പോയി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പലയിടത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ, ഹിജാബ് നിരോധനത്തിനെതിരായ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ടില്ല. നാളെ വീണ്ടും ഹരജി പരിഗണിക്കും.

Latest