National
കര്‍ണാടക മുഖ്യമന്ത്രി പരിപാടിക്ക് കൃത്യസമയത്ത് എത്തിയില്ല; വേദി വിട്ട് ടെന്നീസ് താരം ബ്യോണ്‍ ബോര്‍ഗ്
ചടങ്ങ് തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തിയില്ല.
		
      																					
              
              
            ബെംഗളുരു| കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരിപാടിക്ക് കൃത്യസമയത്ത് എത്താത്തതില്‍ പ്രതിഷേധിച്ച് വേദി വിട്ട് സ്വീഡിഷ് ടെന്നീസ് താരം ബ്യോണ്‍ ബോര്‍ഗ്. മുഖ്യമന്ത്രിക്കുവേണ്ടി രണ്ടു പ്രാവശ്യം സമയം മാറ്റി നിശ്ചയിച്ചതാണ്. തുടര്‍ന്നും മുഖ്യമന്ത്രി കൃത്യസമയത്ത് എത്താത്തതിനാലാണ് ബ്യോണ്‍ ബോര്‍ഗ് വേദി വിട്ടത്.
കര്‍ണാടക ടെന്നീസ് അസോസിയേഷനാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരമായ വിജയ് അമൃത് രാജും ബ്യോണ്‍ ബോര്‍ഗും പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തിയില്ല. രാവിലെ 9.30ന് ആദ്യം പരിപാടി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി വൈകുന്നതോടെ 10.15ലേക്ക് സമയം മാറ്റി നിശ്ചയിച്ചു.
എന്നാല്‍ 11 മണിയ്ക്ക് മകന്‍ ലിയോയുടെ മത്സരം ഉള്ളതിനാല്‍ ബ്യോണ്‍ ബോര്‍ഗ് മത്സരം നടക്കുന്ന സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. പതിനൊന്നേകാലോടുകൂടിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.
ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വൈകിയതെന്ന് സംഘാടകര്‍ പറഞ്ഞു. പതിനൊന്ന് മണിക്ക് ബ്യോണ്‍ ബോര്‍ഗ് മടങ്ങുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
