GOLD SMUGGLING
യാത്രക്കാരനിൽ നിന്ന് ഒരു കോടിയുടെ സ്വർണം കരിപ്പൂർ പോലീസ് പിടികൂടി
മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പാന്‍റ്സിലും ഇന്നര്‍ ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി തേച്ചുപിടിപ്പിക്കുകയായിരുന്നു.

കരിപ്പൂർ | വിദേശത്തുനിന്നെത്തിയ യാത്രക്കാരനിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം കരിപ്പൂർ പോലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ദുബൈയില്‍ നിന്നെത്തിയ വടകര സ്വദേശി മുഹമ്മദ് സഫ്‍വാനാണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പാന്‍റ്സിലും ഇന്നര്‍ ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി തേച്ചുപിടിപ്പിക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന പോലീസ് സഫ്‍വാനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 1.75 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വര്‍ണം കണ്ടെത്തിയത്.
വിപണി വിലയനുസരിച്ച് ഇതിന് ഒരു കോടിയോളം വിലവരും. ഈ വര്‍ഷം മാത്രം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പോലീസ് പിടികൂടുന്ന പന്ത്രണ്ടാമത്തെ കേസാണിത്. കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തുന്ന യാത്രക്കാരെയാണ് ഇങ്ങനെ സ്വർണവുമായി പിടികൂടുന്നത്.