From the print
കണ്ണൂർ: ആധിപത്യം നിലനിര്‍ത്താന്‍ എൽ ഡി എഫ്; കരുത്ത് വര്‍ധിപ്പിക്കാന്‍ യു ഡി എഫ്
വോട്ടെടുപ്പിന് മുന്നേ പതിനാലിടത്ത് എതിരില്ലാ വിജയം നേടി ഇടത് മുന്നണി ഇത്തവണയും ആധിപത്യം തുടരുമെന്ന നിലയിലാണ്
കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ എക്കാലത്തും ഇടത് ആധിപത്യമാണ്. വോട്ടെടുപ്പിന് മുന്നേ പതിനാലിടത്ത് എതിരില്ലാ വിജയം നേടി ഇടത് മുന്നണി ഇത്തവണയും ആധിപത്യം തുടരുമെന്ന നിലയിലാണ്. ആന്തൂര്‍ നഗരസഭയില്‍ അഞ്ചിടത്തും മലപ്പട്ടം പഞ്ചായത്തില്‍ മൂന്നിടത്തും കണ്ണപുരം പഞ്ചായത്തില്‍ ആറിടത്തുമാണ് എതിരില്ലാ വിജയം.
ഇടത് മേധാവിത്വം
ലോക്സഭാ തിരഞ്ഞെടുപ്പിലൊഴികെ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിനൊപ്പമാണ് ജില്ല. ജില്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എൽ ഡി എഫിന് തന്നെ ആധിപത്യം. കണ്ണൂര്‍ കോര്‍പറേഷൻ ഭരണം പിടിക്കുന്നു എന്നതാണ് യു ഡി എഫിന്റെ ആശ്വാസം.
ആകെയുള്ള 71 പഞ്ചായത്തുകളില്‍ 56ഉം എൽ ഡി എഫിനൊപ്പമാണ്. 14 പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫ് ഭരിക്കുന്നത്. ഒന്പത് നഗരസഭകളില്‍ ആറും ഇടത് ഭരണത്തിലാണ്. 11 ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടിടത്ത് മാത്രമാണ് യു ഡി എഫ് ഭരിക്കുന്നത്. ജില്ലാ പഞ്ചായത്ത് നിലവില്‍വന്നത് മുതല്‍ ഭരണം ഇടത് മുന്നണിക്കാണ്. പ്രതിപക്ഷമില്ലാതെ എൽ ഡി എഫ് ഭരിക്കുന്ന ഒരു നഗരസഭയും 11 പഞ്ചായത്തുകളും കണ്ണൂരിലുണ്ട്.
ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്തിൽ നിലവില്‍ എല്‍ ഡി എഫിന് 17 സീറ്റുകളുണ്ട്. യു ഡി എഫിന് ഏഴ് സീറ്റും. ഭരണം നിലനിര്‍ത്താനാണ് ഇടത് പോരാട്ടം. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് യു ഡി എഫ് ശ്രമം. പി പി ദിവ്യ എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രാജിവെച്ചതിനെത്തുടര്‍ന്ന് കെ കെ രത്‌നകുമാരിയാണ് നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പി പി ദിവ്യ ഇത്തവണ മത്സരിക്കുന്നില്ല. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ വലിയ ചര്‍ച്ചയായിട്ടില്ല.
കണ്ണൂര്‍ കോർപറേഷന്‍
പ്രഥമ കണ്ണൂര്‍ കോർപറേഷന്‍ ഭരിച്ചിരുന്നത് എല്‍ ഡി എഫിലെ ഇ പി ലതയായിരുന്നു. കോണ്‍ഗ്രസ്സ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു എല്‍ ഡി എഫ് ഭരണം പിടിച്ചെടുത്തത്. മൂന്നര വര്‍ഷം പിന്നിട്ടപ്പോള്‍ പി കെ രാഗേഷ് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുകയും ഭരണം ഇടത് മുന്നണിക്ക് നഷ്ടമാകുകയുമായിരുന്നു. പിന്നീട് 2020ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്.
നിലവില്‍ യു ഡി എഫിന് 35 സീറ്റുണ്ട്. എൽ ഡി എഫിന് 19ഉം ബി ജെ പിക്ക് ഒരു സീറ്റുമാണുള്ളത്. യു ഡി എഫ് ഭരിക്കുന്ന സംസ്ഥാനത്തെ ഏക കോർപറേഷനായ കണ്ണൂരില്‍ ഭരണം നിലനിര്‍ത്താനാണ് യു ഡി എഫിന്റെ പോരാട്ടം.
പി കെ രാഗേഷും വിമതരും
ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ യു ഡി എഫിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് വിമതരും കോണ്‍ഗ്രസ്സ് മുന്‍ നേതാവും കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ പി കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയുമാണ്. പി കെ രാഗേഷിന്റെ നേതൃത്വത്തിൽ 12 പേരാണ് മത്സരരംഗത്തുള്ളത്. വിമതർ നാല് പേരും. യു ഡി എഫിലെ വിമത ഭീഷണിയും തര്‍ക്കവും അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് എല്‍ ഡി എഫ്.
ഇത് മുന്‍കൂട്ടിക്കണ്ടുള്ള നീക്കങ്ങളാണ് യു ഡി എഫ് നടത്തുന്നത്. ഇതിനായി കെ പി സി സി മുന്‍ പ്രസിഡന്റ്കെ സുധാകരനെ തന്നെ രംഗത്തിറക്കി തടയിടാനാണ് കോണ്‍ഗ്രസ്സ് നീക്കം. പ്രഥമ ഭരണം കൈയില്‍ കിട്ടിയിട്ടും പാതിവഴിയില്‍ ഒഴിയേണ്ടിവന്നതിന്റെയും തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞതിന്റെയും ക്ഷീണം ഇത്തവണ തീര്‍ക്കുമെന്ന വാശിയിലാണ് എൽ ഡി എഫ്. കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി മത്സരരംഗത്തുള്ളത്.
കനത്ത പോര് തളിപ്പറമ്പിൽ
നഗരസഭകളില്‍ കടുത്ത പോരാട്ടം നടക്കുന്നത് തളിപ്പറമ്പിലാണ്. നിലവില്‍ യു ഡി എഫിന് 19ഉം എല്‍ ഡി എഫിന് 12ഉം ബി ജെ പിക്ക് മൂന്നും സീറ്റുകളാണുള്ളത്. ഇത്തവണ ഭരണം പിടിക്കാന്‍ ഇരുമുന്നണികളും ശക്തമായ പോരാട്ടത്തിലാണ്.
ഇഞ്ചോടിഞ്ച് ഇരിട്ടി, എടക്കാട്
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇരിട്ടി, എടക്കാട് എന്നിവിടങ്ങളിലാണ് ഇത്തവണ ശക്തമായ പോരാട്ടം. നിലവിൽ ഇരിട്ടിയില്‍ യു ഡി എഫും എടക്കാട് എല്‍ ഡി എഫും ഒരു സീറ്റിന്റെ പിന്‍ബലത്തിലാണ് ഭരണത്തിലിരിക്കുന്നത്. ഇത്തവണ ഇവിടങ്ങളിൽ ഭരണം പിടിച്ചെടുക്കാനുള്ള ശക്തമായ പോരാട്ടത്തിലാണ് എൽ ഡി എഫും യു ഡി എഫും.
പ്രചാരണായുധം
സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ തന്നെയാണ് ഇടത് മുന്നണിയുടെ പ്രധാന പ്രചാരണായുധം. യു ഡി എഫിലെ രാഹൂല്‍ മാങ്കൂട്ടം ഉള്‍പ്പെടെയുള്ള വിഷയങ്ങളും വര്‍ഗീയ ബന്ധങ്ങളും അവര്‍ മുന്നോട്ടുവെക്കുന്നു. സര്‍ക്കാറിനെതിരായ അഴിമതി ആരോപണം തന്നെയാണ് യു ഡി എഫിന്റെ തുറുപ്പുചീട്ട്. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ശബരിമല സ്വർണക്കൊള്ളയും അവര്‍ ചൂണ്ടിക്കാട്ടുന്നു.


