bomb blast
കണ്ണൂർ ബോംബാക്രമണം: ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തും
ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

കണ്ണൂര്‍ | കണ്ണൂര്‍ തോട്ടടയില്‍ വിവാഹ വീട്ടിലെ തർക്കവുമായി ബന്ധപ്പെട്ട ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തും. കടമ്പൂര്‍ സ്വദേശി അരുണിന്റെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സനാഥിനൊപ്പം വടിവാള്‍ എത്തിക്കാന്‍ കൂട്ടുനിന്നത് അരുണാണ്. അക്രമി സംഘത്തിലും അരുണ്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. ബോംബ് നിര്‍മിക്കാനുപയോഗിച്ച വെടിമരുന്ന് പുറത്തുനിന്നെത്തിച്ചതാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞിരുന്നു. ഇതെത്തിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മിഥുന്‍, അക്ഷയ്, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് മിഥുനിന്റെ പഴയ വീട്ടില്‍ വെച്ചാണ് ബോംബുണ്ടാക്കിയത്.
ഞായറാഴ്ചയാണ് തോട്ടയില്‍ വിവാഹാഘോഷ യാത്രയ്ക്കിടെ ബോംബ് പൊട്ടിത്തെറിച്ച് അക്രമി സംഘത്തിലെ തന്നെ ജിഷ്ണു എന്ന യുവാവ് കൊല്ലപ്പെട്ടത്. വിവാഹ ദിനത്തിൻ്റെ തലേന്ന് വരൻ്റെ വീട്ടിലെ ആഘോഷത്തിനിടെയുണ്ടായ തർക്കവും കൈയാങ്കളിയുമാണ് ബോംബേറിലും ഒരാളുടെ മരണത്തിലും കലാശിച്ചത്.