Kerala
കണ്ണപുരം സ്‌ഫോടനക്കേസ്; അനൂപ് മാലികിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും
മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് കോടതിയില്‍ നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ | കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി അനൂപ് മാലിക്കിനെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. സ്‌ഫോടനം നടന്ന സ്ഥലത്ത് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കണ്ണപുരം കീഴറയിലെ വീട്ടില്‍ ഓഗസ്റ്റ് 30ന് പുലര്‍ച്ചെ രണ്ടോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ അനൂപ് മാലികിന്റെ ബന്ധു കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിച്ചിരുന്നു. ഒളിവില്‍ പോകാന്‍ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പോലീസ് അനൂപിനെ പിടികൂടിയത്. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത അനൂപിനെതിരെ പോലീസ് കേസെടുത്തിരുന്നു. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തത്. 2016ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് .