siraj editorial
കങ്കണയുടെ ജല്‍പ്പനങ്ങളും ഭരണകൂട നിസ്സംഗതയും
1947ല്‍ അല്ല 2014ലാണ് രാജ്യം സ്വതന്ത്രമായതെന്ന കങ്കണയുടെ പ്രസ്താവനക്കെതിരെ ബി ജെ പി നയിക്കുന്ന കേന്ദ്രഭരണ തലങ്ങളില്‍ നിന്ന് നേരിയ പ്രതിഷേധം പോലും ഉയര്‍ന്നില്ല. കങ്കണയുടെ വീക്ഷണങ്ങള്‍ അവരുടേത് മാത്രമല്ല ബി ജെ പി, ആര്‍ എസ് എസ് നേതൃത്വങ്ങളുടേത് കൂടിയാണ്
ബി ജെ പി സഹയാത്രികയായ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ദേശദ്രോഹ പ്രസ്താവനകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ചില ബി ജെ പി നേതാക്കള്‍ക്കു പോലും അസഹനീയവും അരോചകവുമായി തീര്‍ന്നിരിക്കുന്നു ദേശീയ സമരത്തെയും രാഷ്ട്ര പിതാവ് ഗാന്ധിജിയെയും അപമാനിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന അവരുടെ പരാമര്‍ശങ്ങള്‍. ബി ജെ പി നേതാക്കളായ പ്രവീണ്‍ ശങ്കര്‍ കപൂര്‍, വരുണ്‍ ഗാന്ധി, മുക്താർ അബ്ബാസ് നഖ്‌വി തുടങ്ങിയവര്‍ അതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 1947ല്‍ ആയിരുന്നില്ല. അന്ന് രാജ്യത്തിനു ലഭിച്ചത് ബ്രിട്ടീഷുകാര്‍ നല്‍കിയ ഭിക്ഷയാണ്. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതോടെയാണ് എന്നായിരുന്നു ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെ കങ്കണ പറഞ്ഞത്.
മഹാത്മാ ഗാന്ധിയുടെ അഹിംസാ മാര്‍ഗം ഇന്ത്യക്കു നേടിത്തന്നത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയാണ്. ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും മഹാത്മാഗാന്ധി ഒരു വിധേനയും സഹായിച്ചിട്ടില്ല. മാത്രമല്ല, ഭഗത് സിംഗിനെ തൂക്കിലേറ്റാന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു അദ്ദേഹമെന്നും ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ കങ്കണ പറയുന്നു.
മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദലി ജിന്ന എന്നിവരുടെ നേതൃത്വത്തില്‍ നേതാജിയെ കുടുക്കാന്‍ ബ്രിട്ടീഷുകാരുമായി കരാറുണ്ടാക്കി. രാജ്യത്തിനു വേണ്ടി പോരാടിയ ധീര യോദ്ധാക്കളെ അധികാരമോഹികളായ ഒരു കൂട്ടമാളുകള്‍ അധികാരം ലക്ഷ്യമിട്ട് തങ്ങളുടെ “യജമാനന്മാര്‍ക്ക്’ പിടിച്ചു കൊടുക്കുകയാണ് യഥാര്‍ഥത്തില്‍ നടന്നതെന്നാണ് കങ്കണയുടെ ആരോപണം.
കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നാണ് ഇതേക്കുറിച്ച് ബി ജെ പി. എം പി വരുണ്‍ ഗാന്ധിയുടെ ചോദ്യം. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണ് ഈ പ്രസ്താവന വഴി കങ്കണ. ചില സമയത്ത് മഹാത്മാ ഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു, മറ്റു ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൊലയാളിയെ വാഴ്ത്തുകയും ചെയ്യുന്നു. മംഗള്‍ പാണ്ഡെ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് അടക്കം ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളെയാണ് അവര്‍ അപമാനിക്കുന്നത്- വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സ്വാതന്ത്ര്യ സമര നായകരെ അപമാനിച്ച കങ്കണക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബി ജെ പി ഡല്‍ഹി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ ആവശ്യപ്പെടുന്നത്. ഗാന്ധിയെക്കുറിച്ച് കങ്കണ നടത്തുന്ന പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജീവിക്കുന്ന വ്യക്തിയാണെന്നാണ് മറ്റൊരു ബി ജെ പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം.
എന്നാല്‍ വരുണ്‍ ഗാന്ധി സംശയിക്കുന്നതു പോലെ ഭ്രാന്തന്‍ ജല്‍പ്പനങ്ങളല്ല കങ്കണയുടെ പ്രസ്താവനകളൊന്നും. സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായ ആസൂത്രണത്തോടെയാണ് ഇതെല്ലാം. ഹിന്ദുത്വക്ക് പങ്കില്ലാത്തതാണ് ഇന്ത്യന്‍ ദേശീയ സമരവും ബ്രിട്ടീഷുകാരില്‍ നിന്നുള്ള രാജ്യത്തിന്റെ മോചനവും. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം നടന്നപ്പോള്‍ അതിനെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു ആര്‍ എസ് എസ്. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ നടത്തുകയും ദേശീയ പ്രസ്ഥാനത്തെ ദുര്‍ബലമാക്കാനുള്ള അടവുകള്‍ സ്വീകരിക്കുകയും ചെയ്ത ചരിത്രമാണ് അവര്‍ക്കുള്ളത്. ഹിന്ദുത്വത്തിന്റെ ആചാര്യനായ വി ഡി സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര കാലത്ത് രാജ്ഞിക്ക് മാപ്പപേക്ഷ നല്‍കി അവരുടെ പാദസേവകനായി മാറുകയായിരുന്നല്ലോ. ദേശീയ സമരത്തിനിടെ സ്വാതന്ത്ര്യ സമരപ്പോരാളികളും കൊളോണിയല്‍ പോലീസും തമ്മില്‍ പലേടത്തും ഏറ്റുമുട്ടലുകളുണ്ടായെങ്കിലും അവിടങ്ങളിലൊന്നും ദണ്ഡുമായി ഒരൊറ്റ ആര്‍ എസ് എസുകാരനെയും കാണാനുണ്ടായിരുന്നില്ല. 1940-41 കാലത്തെ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിലോ 1942ലെ ക്വിറ്റിന്ത്യാ സമരത്തിലോ 1947ലെ നാവിക കലാപത്തിലോ ഐ എന്‍ എ പോരാളികളെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള സമരത്തിലോ ഒന്നുംതന്നെ ആര്‍ എസ് എസ് സാന്നിധ്യമില്ലായിരുന്നു. ഇതുകൊണ്ട് തന്നെയല്ലേ 47ലെ സ്വാതന്ത്ര്യ ലബ്ധിയോട് അവര്‍ക്ക് വിയോജിപ്പും.
സ്വാതന്ത്ര്യാനന്തരം കല്‍ക്കത്തയില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി നിരാഹാരമിരുന്ന ഗാന്ധിജിയെ, രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്ന നീറോയെന്നായിരുന്നു ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വിശേഷിപ്പിച്ചത്. കലാപത്തില്‍ ഹിന്ദുത്വരെ അനുകൂലിക്കുകയും മുസ്‌ലിംകളെ എതിര്‍ക്കുകയും ചെയ്യാത്തതാണ് ആര്‍ എസ് എസുകാരെ രോഷാകുലരാക്കിയത്. മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍ ആര്‍ എസ് എസുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗ്വാളിയോര്‍, ഭരത്പൂര്‍, ആല്‍വാര്‍ രാജകുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണം ചെയ്തതും ചരിത്രവസ്തുതയാണ്. “ഹിന്ദുരാഷ്ട്രത്തെ നിരന്തരം അപമാനിച്ച ഒരാളെ രാഷ്ട്രത്തിനു വേണ്ടി ഉന്മൂലനം ചെയ്യുകയായിരുന്നു എന്റെ സഹോദരന്‍’ എന്നാണ് ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ പറഞ്ഞത്. ഗാന്ധിജിയോടുള്ള ആര്‍ എസ് എസിന്റെയും ഹിന്ദുത്വരുടെയും മനോഗതിയാണ് ഇതിലൂടെയെല്ലാം പുറത്തു വരുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് കങ്കണയിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്ന ഗാന്ധി നിന്ദയും. ബി ജെ പി രണ്ടാംകിട നേതൃനിരയിലെ ചില ഒറ്റപ്പെട്ടയാളുകളല്ലാതെ പ്രമുഖ നേതാക്കളാരും കങ്കണയുടെ പ്രസ്താവനയെ അപലപിക്കുകയോ അവര്‍ക്കെതിരെ രംഗത്തു വരികയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യം 1947 ആഗസ്റ്റ് 14ന് അര്‍ധരാത്രി കൈവരിച്ച സ്വാതന്ത്ര്യത്തിന്റെ മധുര സ്മരണക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ എട്ട് വര്‍ഷമായി ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നു. എന്നിട്ടും 1947ല്‍ അല്ല 2014ലാണ് രാജ്യം സ്വതന്ത്രമായതെന്ന കങ്കണയുടെ പ്രസ്താവനക്കെതിരെ ബി ജെ പി നയിക്കുന്ന കേന്ദ്രഭരണ തലങ്ങളില്‍ നിന്ന് നേരിയ പ്രതിഷേധം പോലും ഉയര്‍ന്നില്ല. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ബയോവെപ്പണ്‍ (ജൈവായുധം) എന്ന് വിശേഷിപ്പിച്ചതിന് ആഇശ സുല്‍ത്താനക്ക് രാജ്യദ്രോഹക്കുറ്റം ചുമത്തിയ രാജ്യത്തെ നീതിസംവിധാനം കങ്കണയുടെ രാജ്യനിന്ദക്കും ഗാന്ധിനിന്ദക്കും നേരേ മുഖം തിരിക്കുന്നു. കങ്കണയുടെ വീക്ഷണങ്ങള്‍ അവരുടേത് മാത്രമല്ല ബി ജെ പി, ആര്‍ എസ് എസ് നേതൃത്വങ്ങളുടേത് കൂടിയാണ്.



