Connect with us

Kerala

കാക്കനാട് കൂട്ടബലാത്സംഗം; ഒളിവില്‍ കഴിയുന്ന വനിത ലോഡ്ജ് ഉടമയേയും പോലീസ് പ്രതി ചേര്‍ത്തു

ലോഡ്ജ് പോലീസ് സീല്‍ ചെയ്തു.

Published

|

Last Updated

കൊച്ചി | കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വനിതാ ലോഡ്ജ് ഉടമയേയും പോലീസ് പ്രതി ചേര്‍ത്തു. ഇവരടക്കം മൂന്ന് പേര്‍ ഒളിവിലാണ്. മോഡലിന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ചാണ് ക്രൂരതക്കിരയാക്കിയത്.സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ സലിംകുമാറിനെ (33) കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവം നടന്ന ലോഡ്ജ് പോലീസ് സീല്‍ ചെയ്തു.

കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ ലോഡജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ മുമ്പ് നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനം സംബന്ധിച്ചു പരാതി നല്‍കിയത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സംഭവം.

കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലായ യുവതിക്കു മുന്‍ പരിചയക്കാരനായ സലിംകുമാറാണ് താമസിക്കുന്നതിനു ലോഡ്ജ് ശരിയാക്കി നല്‍കിയത്. ഇയാള്‍ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുള്ള ലോഡ്ജില്‍ യുവതി എത്തിയത്.

അവിടെവച്ചു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി സലിംകുമാര്‍, ഷമീര്‍, അജ്മല്‍ എന്നിവര്‍ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ തടവില്‍ പാര്‍പ്പിച്ചു കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ ഇന്നലെ വൈകിട്ട് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. യുവതിക്ക് ഒരു കുഞ്ഞുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം. സലിം കുമാറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

 

Latest