National
സസ്പെൻഷന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവെച്ച് കെ കവിത
ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഞ്ച് മാസത്തിലധികം തിഹാർ ജയിലിൽ കഴിഞ്ഞ കവിത അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

ഹൈദരാബാദ് | മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും, ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ കവിത പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാജി. നിയമസഭാ കൗൺസിൽ അംഗത്വവും അവർ രാജിവെച്ചിട്ടുണ്ട്.
പത്ത് ദിവസത്തെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ കവിത, മുൻ ജലസേചന മന്ത്രി ടി ഹരീഷ് റാവു, മുൻ രാജ്യസഭാംഗം ജോഗിനപ്പള്ളി സന്തോഷ് റാവു എന്നിവർക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് പാർട്ടി അവരെ സസ്പെൻഡ് ചെയ്തത്. കവിതയുടെ ബന്ധുക്കളാണ് ഇരുവരും.
ഇരുവരെയും ‘അഴിമതിയുടെ അനാക്കോണ്ടകൾ’ എന്നാണ് കവിത വിശേഷിപ്പിച്ചത്. കാലേശ്വരം പദ്ധതിയിലൂടെ അവർ കോടികൾ സമ്പാദിച്ചെന്നും, അതിന് തന്റെ പിതാവ് കെ ചന്ദ്രശേഖര റാവുവിനെ ബലിയാടാക്കിയെന്നും കവിത ആരോപിച്ചു. കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്റ്റിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ തെലങ്കാന സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു കവിതയുടെ പ്രതികരണം.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഞ്ച് മാസത്തിലധികം തിഹാർ ജയിലിൽ കഴിഞ്ഞ കവിത അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സഹോദരൻ കെ ടി രാമറാവുവും മറ്റ് ബന്ധുക്കളും പാർട്ടിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച സാഹചര്യത്തിൽ തെലങ്കാന രാഷ്ട്രീയത്തിൽ സ്വന്തം ഇടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കവിത.
മെയ് 2-ന് കവിത കെസിആറിനയച്ച കൈയക്ഷരത്തിലുള്ള ആറ് പേജുള്ള കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളും, ബിജെപിയോടുള്ള കെസിആറിന്റെ മൃദു സമീപനവും കവിത ഈ കത്തിൽ ചോദ്യം ചെയ്തിരുന്നു.