Connect with us

Articles

ജയമോഹന്‍ - തകര്‍ന്നു വീഴുന്ന സിംഹാസനം

വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യയുടെ മൂന്ന് ആഭ്യന്തര ശത്രുക്കളെ പേരിട്ട് വിളിക്കുന്നുണ്ട്. മൂന്ന് എം ആയ മുസ്ലിം, മിഷനറി (ക്രിസ്ത്യന്‍), മാര്‍ക്‌സിസ്റ്റ് എന്നിവരാണവര്‍. ഇവരെക്കൂടാതെ നാലാമത് ഒരു എം കൂടി ഫാസിസ്റ്റുകള്‍ കഴിഞ്ഞ കാലത്ത് ശത്രുപക്ഷത്ത് ചേര്‍ത്തിട്ടുണ്ട്. അതാണ് മലയാളികള്‍. ഈ വാദമാണ് സിനിമക്കെതിരെ എന്ന മട്ടില്‍ ജയമോഹന്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

Published

|

Last Updated

 

 

തമിഴിലും മലയാളത്തിലും എഴുതുന്ന പ്രമുഖനും കൊണ്ടാടപ്പെടുന്നയാളുമാണ് ജയമോഹന്‍. നിരവധി നോവലുകള്‍, കഥാസമാഹാരങ്ങള്‍, തിരക്കഥകള്‍, പുരാണവ്യാഖ്യാനങ്ങള്‍, നാടകങ്ങള്‍, വിമര്‍ശനങ്ങള്‍, ജീവിതാഖ്യാനങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ ഉണ്ട്.

ഈയടുത്ത ദിവസം അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതുകയും തമിഴിലും മലയാളത്തിലുമുള്ള സകലമാന മാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ വിവാദ വാദങ്ങളില്‍ ചിലത് നോക്കുക: ‘മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലെ ചെക്കന്മാരുടെ അതേ മാനസിക നിലയാണ് ദക്ഷിണേന്ത്യയിലൊട്ടുക്കും വിനോദ യാത്രക്ക് വരുന്ന കേരള തെമ്മാടികള്‍ക്ക് ഉള്ളത്. ടൂറിസ്റ്റ് സ്പോട്ടുകളിലേക്ക് മാത്രമല്ല, നിബിഡ വനങ്ങളില്‍ വരെ അവര്‍ എത്തിപ്പെടും. മദ്യപാനം…മദ്യപാനം… അത് മാത്രമേ ഉള്ളൂ. അത് കഴിഞ്ഞ് വാള് വെക്കുക, ഒച്ച കൂട്ടുക, വഴിയില്‍ വീണുകിടക്കുക, നിയമങ്ങള്‍ ലംഘിക്കുക… ഇവയല്ലാതെ മറ്റൊന്നിലും താത്പര്യമില്ല. കോമണ്‍സെന്‍സോ പൗരബോധമോ തൊട്ടു തീണ്ടിയിട്ടില്ല.

ഈ മലയാള തെമ്മാടികള്‍ക്ക് മറ്റ് ഭാഷകളിലെ ഒരു വാക്ക് പോലുമറിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മലയാളത്തിലേ മറുപടി പറയുകയുള്ളൂ. പക്ഷേ അവരുടെ ഭാഷ മറ്റുള്ളവര്‍ അറിഞ്ഞിരിക്കണം എന്നൊരു ധാര്‍ഷ്ട്യവും പ്രകടമാണ്.

എറണാകുളം കേന്ദ്രമാക്കിയ ലഹരി അടിമകളുടെ ഒരു സംഘം ഇന്ന് മലയാള സിനിമയില്‍ വളരെ പ്രാമുഖ്യമുള്ള സ്ഥാനത്തുണ്ട്. അവിടെ രാവും പകലും മദ്യത്തോടും മദ്യത്തേക്കാള്‍ ദോഷം ചെയ്യുന്ന മറ്റ് ലഹരി വസ്തുക്കളോടുമുള്ള അഭിനിവേശമാണ് കാണാന്‍ കഴിയുക. മലയാളത്തിലെ നായക നടന്‍മാര്‍ വരെ മയക്കുമരുന്ന് കേസുകളില്‍ പെടുന്നത് ഇടക്കിടെ വാര്‍ത്തകളില്‍ വരാറുണ്ട്. മലയാളി സമൂഹത്തില്‍ ലഹരിയോടുള്ള ആസക്തിയെ സ്വാഭാവികമായ ഒന്നായി ശീലിപ്പിച്ചെടുക്കുന്നത് ഇവരൊക്കെയാണ്.

ഈ സിനിമയിലൂടെ ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള ജാഗ്രത തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഉണ്ടാകുമെങ്കില്‍ നല്ലത്. പോലീസ് ഇവരെ കുറ്റവാളികളായി തന്നെ കണക്കാക്കണം. ഒരിക്കലും ഒരു രീതിയിലും ഇവരെ പിന്തുണക്കരുത്. ഇടക്ക് എപ്പോഴെങ്കിലും ഇവര്‍ എവിടെയെങ്കിലും കുടുങ്ങി ചത്താല്‍ പോലും നല്ലതാണ്. അത് പ്രകൃതി ഇവര്‍ക്ക് നല്‍കുന്ന സ്വാഭാവിക ശിക്ഷയാണ്’ (മുകേഷ്‌കുമാര്‍ നടത്തിയ പരിഭാഷയില്‍ നിന്നെടുത്തത്).

ജയമോഹന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെക്കുറിച്ച് ചില അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു എന്ന രീതിയില്‍ താരതമ്യേന നിസ്സാരമായ ഒരു പ്രശ്‌നമല്ല ഇത്. ഇത് ജയമോഹന്‍ കാലാകാലമായി പുലര്‍ത്തി വരുന്ന രാഷ്ട്രീയ നിലപാടിന്റെ കൃത്യമായതും മൂര്‍ച്ച കൂട്ടിയതുമായ ആവര്‍ത്തനവുമാണ്. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യയുടെ മൂന്ന് ആഭ്യന്തര ശത്രുക്കളെ പേരിട്ട് വിളിക്കുന്നുണ്ട്. മൂന്ന് എം ആയ മുസ്ലിം, മിഷനറി (ക്രിസ്ത്യന്‍), മാര്‍ക്‌സിസ്റ്റ് എന്നിവരാണവര്‍. ഇവരെക്കൂടാതെ നാലാമത് ഒരു എം കൂടി ഫാസിസ്റ്റുകള്‍ കഴിഞ്ഞ കാലത്ത് ശത്രുപക്ഷത്ത് ചേര്‍ത്തിട്ടുണ്ട്. അതാണ് മലയാളികള്‍. ഈ വാദമാണ് സിനിമക്കെതിരെ എന്ന മട്ടില്‍ ജയമോഹന്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. മലയാളികള്‍ക്കെതിരായ ഫാസിസ്റ്റ് വംശഹത്യാ അജന്‍ഡയുടെ നിഷ്ഠൂരമായ പ്രകടനമായിട്ടേ അതിനെ വിലയിരുത്താന്‍ പറ്റൂ.

മലയാളി, തമിഴ് സൗഹൃദത്തെ പിളര്‍ത്താനായി രണ്ടിടവും അറിയുന്നയാള്‍ അല്ലെങ്കില്‍ തമിഴ് സാഹിത്യകാരനായി വളര്‍ന്ന മലയാളി എന്ന അവസ്ഥയെ എങ്ങനെയാണ് ജയമോഹന്‍ സൗകര്യവും അവകാശവുമായി എടുത്തത് എന്നതാണ് അടിസ്ഥാനപരമായ സാംസ്‌കാരിക പ്രശ്‌നം. മലയാളികള്‍ക്ക് മറ്റു ഭാഷകള്‍ അറിയില്ലെന്നു പറയുന്നത്, കഴിഞ്ഞ നൂറ്റാണ്ടില്‍ നാം കൈവരിച്ച പുരോഗതിയെ അടിയോടെ തള്ളിപ്പറയുന്നതിന് തുല്യമാണ്. കേരള സ്റ്റോറി എന്ന പേരിലിറങ്ങിയ സിനിമയും ഇതു തന്നെയാണ് ചെയ്തത്. എറണാകുളം സിനിമാക്കാരെല്ലാം ലഹരിക്കാരാണെന്ന കാടടച്ച വെടിവെപ്പും ഇതേ അജന്‍ഡയുടെ തുടര്‍ച്ചയാണ്.

വൈക്കം സത്യഗ്രഹത്തില്‍ പെരിയാര്‍ ഇ വി രാമസ്വാമിക്ക് വലിയ പങ്കൊന്നുമില്ലെന്ന് അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. 141 ദിവസങ്ങളാണ് പെരിയാര്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തത്. ഇതില്‍ എഴുപത്തി നാല് ദിവസവും അദ്ദേഹം ജയിലിലായിരുന്നു. അദ്ദേഹത്തിന് വൈക്കം വീരര്‍ എന്ന് വിളിപ്പേര് കിട്ടിയതും ഇതിനെ തുടര്‍ന്നാണ്. കേരള നവോത്ഥാനത്തില്‍ വൈക്കം സത്യഗ്രഹത്തിനുള്ള നിര്‍ണായകമായ പങ്ക് കണക്കിലെടുക്കുമ്പോള്‍ അതില്‍ പെരിയാര്‍ നിര്‍വഹിച്ച ത്യാഗോജ്വലമായ നേതൃപദവി വളരെയധികം മഹത്തരമാണ്. ഇതിനെ ഇകഴ്ത്തുന്നതിലൂടെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ വിശാലമായ മാനവികതാ നിലപാടുകളെയും മലയാളിയുടെ ആധുനികവത്കരണത്തെയും ഒരേ സമയം റദ്ദാക്കാനാണ് ജയമോഹന്‍ ശ്രമിച്ചത്.

കമലാ സുരയ്യ അന്തരിച്ചപ്പോള്‍ ജയമോഹന്‍ എഴുതിയത് ഇപ്രകാരമായിരുന്നു: അവര്‍ സുന്ദരിയല്ല, കറുത്തിട്ട് പൊക്കം കുറഞ്ഞ അവലക്ഷണമുള്ള സ്ത്രീ. സുന്ദരിമാരായ സ്ത്രീകള്‍ ജനിച്ച കുടുംബത്തില്‍ ജനിച്ചതു കാരണം അപകര്‍ഷതാ ബോധം പിടിപെട്ടവര്‍. ആഭാസമായി സംസാരിക്കുന്ന, പരസ്യവെറി പിടിച്ച സ്ത്രീ. അവരുടെ മകന്‍ എം ഡി നാലപ്പാട്ട് മാതൃഭൂമിയുടെ എഡിറ്റര്‍ ആയിരുന്നതു കൊണ്ടാണ് അവര്‍ ഇത്രയധികം കൊണ്ടാടപ്പെട്ടത്.

നൂറു സിംഹാസനങ്ങള്‍ എഴുതിയ ജയമോഹനാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ചില സുഹൃത്തുക്കള്‍ വേദനിക്കുന്നതു കണ്ടു. എന്താണ് നൂറു സിംഹാസനങ്ങളുടെ യഥാര്‍ഥ ‘കഥ’? എസ് ലക്ഷ്മണ പെരുമാള്‍ എഴുതിയ കഥയുടെ മോഷണമാണ് നൂറു സിംഹാസനങ്ങള്‍ എന്ന് പ്രസിദ്ധ തമിഴ് എഴുത്തുകാരനായ ആദവന്‍ ദീക്ഷണ്യ അദ്ദേഹത്തിന്റെ തന്തുഗി എന്ന ബ്ലോഗില്‍ 2016 ആഗസ്റ്റ് നാലിനെഴുതിയ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. ഡോക്ടറൈ കലക്ടറാക്കും രസവാദി അല്ലത് കഥൈ തിരുടന്‍ (ഡോക്ടറെ കലക്ടറാക്കും രസവാദി അഥവാ കഥാമോഷ്ടാവ്) എന്നാണ് ഈ കുറിപ്പിന്റെ ശീര്‍ഷകം.

മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ത നാള്‍ എന്ന മലയാളം നോവലിന് അവതാരിക എഴുതിയത് ജയമോഹനാണ്. ഈ പുസ്തകത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവേ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികം കാലമായി താന്‍ മലയാളം നോവലൊന്നും വായിക്കാറില്ല എന്ന് പറഞ്ഞ അദ്ദേഹം ഏതാനും മിനിട്ടുകള്‍ക്കകം, ഈയിടെ മലയാളത്തില്‍ കൊണ്ടാടപ്പെട്ട ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര വെറും ട്രാഷാ(ചവറ്)ണെന്ന് പ്രസ്താവിക്കുകയും ചെയ്തു.

പ്രമുഖ തമിഴെഴുത്തുകാരനായ മനുഷ്യപുത്രന്‍, വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, എഴുത്തുകാരി അരുന്ധതി റോയ്, ദ്രാവിഡ പ്രസ്ഥാന നേതാവും എഴുത്തുകാരനുമായ കരുണാനിധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെല്ലാം ജയമോഹന്റെ അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളവരാണ്.

സാധാരണക്കാര്‍ക്ക് പറ്റുന്ന ചെറിയ പിഴവുകളെ പര്‍വതീകരിക്കുന്ന ജയമോഹന്‍ വന്‍ അധികാര ശക്തികളുടെ കൊള്ളകളെ കണ്ടില്ലെന്നു നടിക്കുകയോ പരോക്ഷമായി ന്യായീകരിക്കുകയോ ചെയ്യുന്നതും പതിവാണ്. കോയമ്പത്തൂര്‍ ഭാഗത്ത് വനങ്ങള്‍ അനധികൃതമായി കൈയേറിയ ജഗ്ഗിവാസുദേവ് എന്ന കോര്‍പറേറ്റ് ആള്‍ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ജയമോഹന്‍, പെട്ടിക്കടയില്‍ നിന്ന് വാങ്ങിയ അരിമാവ് പുളിച്ചുപോയി എന്നാരോപിച്ച് മധ്യവയസ്‌കയായ കടയുടമക്ക് നേരേ അത് വലിച്ചെറിഞ്ഞയാളുമാണ്.

വിമര്‍ശകനായ രാജേഷ് രാജാമണി ചൂണ്ടിക്കാണിക്കുന്നതു പോലെ; മഞ്ഞുമ്മല്‍ ബോയ്‌സിലെ ‘മലയാള കുടികാര പൊറുക്കികള്‍’ (ജയമോഹന്റെ തമിഴ് പോസ്റ്റിലുള്ള പ്രയോഗം) തമിഴ്‌നാട്ടിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും സൈ്വരജീവിതങ്ങള്‍ തകര്‍ക്കുന്നവരാണെങ്കില്‍, ജയമോഹന്‍ സംഭാഷണമെഴുതിയ മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലെ ചോളരാജാവായ കരികാലന്‍ അമിതമായി മദ്യപിച്ച് അയല്‍ രാജ്യമായ ശ്രീലങ്കയിലേക്ക് പോയി അവിടെ മനുഷ്യരെയും മൃഗങ്ങളെയും കൊന്നൊടുക്കുകയും യുദ്ധം നടത്തുകയുമാണ് ചെയ്യുന്നത്. അതും ചില സ്ത്രീകളാല്‍ പ്രണയം നിഷേധിക്കപ്പെട്ടതിന്റെ ദേഷ്യത്തിന്.

സിനിമകളിലും സാഹിത്യ കൃതികളിലും വിവരിക്കുന്ന കഥകളില്‍, സദാചാര പ്രഘോഷണങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന് ജയമോഹനടക്കമുള്ള ആര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍; ക്രൂരതകളും തെറ്റുകളും പിഴവുകളും സദാചാര ലംഘനങ്ങളും (ആപേക്ഷികം) മറ്റും മറ്റുമാണ് മനുഷ്യകുലത്തിന്റെ ആരംഭം മുതല്‍ക്കുള്ള കഥകളിലെല്ലാമുള്ളത്. ജയമോഹന്റെ കഥകളിലും അത് തന്നെയാണുള്ളത്. കൂടുതല്‍ മനുഷ്യത്വപൂര്‍ണവും സ്‌നേഹസമ്പന്നവുമായ മനോഹര കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് പക്ഷേ, ഈ കഥകളെല്ലാം സാമാന്യമായി മുന്നോട്ടുവെക്കുന്നത്. പാഠത്തില്‍ നിന്നൊരുപക്ഷേ ഒറ്റയടിക്ക് വായിച്ചെടുക്കാനോ കണ്ടെടുക്കാനോ കഴിയാത്തപ്പോഴും പാരായണത്തിലൂടെയും വിശകലനത്തിലൂടെയും നമുക്കത് അനുഭവങ്ങളായും അനുഭൂതികളായും ആസ്വദിച്ചെടുക്കാനാകും. അതു കൊണ്ടാണ് കലാസൃഷ്ടികള്‍ കാലത്തെയും കടന്ന് അനുവാചകരിലേക്ക് വീണ്ടും വീണ്ടുമെത്തുന്നത്.

സാഹിത്യത്തെയും കലയെയും സംബന്ധിച്ച ഈ സാമാന്യ യാഥാര്‍ഥ്യം ജയമോഹനും അറിയാത്തതല്ല. എന്നാല്‍, തുടക്കത്തില്‍ പറഞ്ഞതു പോലെ, രാജ്യത്തെ വെട്ടിമുറിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ ആശയത്തെ ഭാഷയുടെയും രചനാ കൗശലത്തിന്റെയും സൗന്ദര്യാനുഭൂതികളിലും പ്രിവിലേജുകളിലും ഒളിപ്പിക്കാനാണ് അദ്ദേഹം മിക്കപ്പോഴും പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ വെളിപ്പെടലുകളും.

 

Latest