Kozhikode
ഐ.ഐ.എസ്.ടിയിൽ ബഹിരാകാശ എഞ്ചിനീയറിംഗിന് പ്രവേശനം നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥി
ജാമിഅ മദീനതുന്നൂറിനു കീഴിലുള്ള ജൂനിയർ സ്കൂൾ സയൻസ് & ടെക്നോളജി വിഭാഗത്തിൽ എട്ടാം ക്ലാസ്സുമുതലാണ് ഹംസ സ്വാദിഖ് സ്ഥാപനത്തിന്റെ ഭാഗമാകുന്നത്.

മർകസ് ഗാർഡൻ| ജാമിഅ മദീനതുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർത്ഥി ഹംസ സ്വാദിഖ് തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി) യിൽ നാല് വർഷത്തെ ബി.ടെക് എയ്റോസ്‌പേസ് എഞ്ചിനീയറിംഗ് കോഴ്സിന് പ്രവേശനം നേടി. ഏഷ്യയിലെ പ്രധാന ബഹിരാകാശ സ്ഥാപനമാണ് ഐ.ഐ.എസ്.ടി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഐ.ഐ.എസ്.ടി, ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ലോകോത്തര നിലവാരമുള്ള പഠന, ഗവേഷണ സാധ്യതകൾ നൽകുന്ന സ്ഥാപനമാണ്.
ജാമിഅ മദീനതുന്നൂറിനു കീഴിലുള്ള ജൂനിയർ സ്കൂൾ സയൻസ് & ടെക്നോളജി വിഭാഗത്തിൽ എട്ടാം ക്ലാസ്സുമുതലാണ് ഹംസ സ്ഥാപനത്തിന്റെ ഭാഗമാകുന്നത്. പത്താം ക്ലാസിലും പ്ലസ്ടുവിലും ഫുൾ എ-പ്ലസ് കരസ്ഥമാക്കിയ അദ്ദേഹം, പ്ലസ്ടു പരീക്ഷയിൽ 1200-ൽ 1195 മാർക്ക് (99.58%) നേടിയിരുന്നു. ദേശീയ, സംസ്ഥാന തല പ്രവേശന പരീക്ഷകളിലും ഹംസ മികച്ച പ്രകടനം കാഴ്ചവെച്ചു. ജെ.ഇ.ഇ മെയിൻസിൽ 99.10% മാർക്കും, ജെ.ഇ.ഇ അഡ്വാൻസിൽ ഒ.ബി.സി വിഭാഗത്തിൽ 1659 -ാം റാങ്കും (പൊതുവിഭാഗത്തിൽ 7764-ാം റാങ്ക്), കീമിൽ (KEAM) 435-ാം റാങ്കും (99.85%ile) നേടി. കൂടാതെ, ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച 10 ദിവസത്തെ “സയൻസ് ക്വസ്റ്റ്” ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
എട്ടാം ക്ലാസ് മുതൽ സയൻസ് & ടെക്നോളജി വിഭാഗത്തിൽ ജാമിഅ മദീനത്തൂന്നൂർ നൽകുന്ന പ്രത്യേക കോഴ്സ്, വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും ഹംസ സാദിഖിനെ അനുമോദിച്ചു. മലപ്പുറം ജില്ലയിലെ കൊടിഞ്ഞി സ്വദേശി അബ്ദുല്ല-മൈമൂന ദമ്പതികളുടെ മകനാണ് ഹംസ സ്വാദിഖ്.