Educational News
ജാമിഅതുല്‍ ഹിന്ദ് ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സംവിധാനം നടപ്പാക്കുന്നു
പരീക്ഷാ രീതിയില്‍ കാതലായ പരിഷ്‌കരണം

കോഴിക്കോട് | പുതിയ കാലത്തിനനുസരിച്ച് അക്കാദമിക- മൂല്യനിര്‍ണയ രീതികള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സംവിധാനം നടപ്പാക്കുന്നു. ഹയര്‍ സെക്കണ്ടറി ഒന്ന്, രണ്ട്, മൂന്ന് വര്‍ഷങ്ങള്‍, ബകലൂരിയാ അഥവാ ഡിഗ്രി തലത്തിലെ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷങ്ങളിലേക്കാണ് ഈ അധ്യയന വര്‍ഷം മുതല്‍ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സംവിധാനം നടപ്പാക്കുന്നത്. ജാമിഅ രജിസ്ട്രാര്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെനറ്റ് മീറ്റിംഗ് ക്രെഡിറ്റ് സംവിധാനത്തിന് അന്തിമ അംഗീകാരം നല്‍കിയതോടെയാണ് നവീകരണത്തിന് അന്തിമ രൂപമായിരിക്കുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലധികം അഫിലിയേറ്റഡ് കോളേജുകളില്‍ ഈ സംവിധാനം പ്രകാരമായിരിക്കും ഇനി ജാമിഅതുല്‍ ഹിന്ദ് പരീക്ഷകള്‍ നടക്കുക. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഇസ്ലാമിക് യൂണിവേഴ്സിറ്റി ഈ സംവിധാനം നടപ്പാക്കുന്നത്.
അന്താരാഷ്ട്ര അക്കാദമിക രംഗകളില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ട ഈ സംവിധാനം നിലവില്‍വരുന്നതോടെ ധാരാളം ഗുണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിക്കും. അന്താരാഷ്ട്ര രംഗത്ത് അറിയപ്പെട്ട സ്‌കോര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുമെന്നതിലുപരി വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരമായ മികവിനും ശേഷിക്കും അനുസൃതമായി പഠനവേഗത ക്രമീകരിക്കാന്‍ അവസരം നല്‍കുകയും കുറഞ്ഞ കാലംകൊണ്ട് കൂടുതല്‍ പഠിക്കാനും, ആവശ്യമെങ്കില്‍ പഠനകാലം ദീര്‍ഘിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. അഞ്ച് വര്‍ഷത്തെ ബകാലൂരിയ കോഴ്‌സ് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനും ആറ് വര്‍ഷത്തേക്ക് നീട്ടാനും ഇത് പ്രകാരം സാധിക്കുമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കൂടാതെ, കോഴ്സുകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സൗകര്യപ്രദമായ ക്രമം തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുക, കോര്‍ കോഴ്‌സുകള്‍ മുന്‍വര്‍ഷത്തേക്കും മേജര്‍ കോഴ്‌സുകള്‍ മുന്‍വര്‍ഷത്തേക്കും തൊട്ടടുത്ത വര്‍ഷത്തേക്കും മാറ്റിവയ്ക്കാനുമുള്ള സൗകര്യം, ഇതുവഴി കോര്‍ കോഴ്സിലെ കിതാബുകള്‍- ആവശ്യാനുസരണം- രണ്ട് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് പഠിക്കാനുള്ള വഴിയൊരുക്കുക, മേജര്‍ കോഴ്സിലെ കിതാബുകള്‍ മൂന്ന് ബാച്ചുകള്‍ക്ക് ഒരുമിച്ച് പഠിക്കാനും അവസരം സൃഷ്ടിക്കുക തുടങ്ങിയ ഗുണങ്ങളുമുണ്ട്.
ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സംവിധാനം നിലവില്‍ വരുന്നതോടെ ഓരോ സ്ഥാപനങ്ങളിലും പ്രത്യേക സിലബസിലുള്ള കിതാബുകള്‍ പഠിക്കാനും മാര്‍ക്ക് നേടാനും കഴിയുന്നു. ഇതിന് വേണ്ടി, ഓരോ സ്ഥാപനങ്ങളിലെയും കുട്ടികളുടെ അഭിരുചിക്കനുസരിച്ച്, ജാമിഅ നിര്‍ദ്ദേശിക്കുന്ന കോഴ്‌സുകളില്‍ നിന്ന്, സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്ന കിതാബുകള്‍ പ്രോഗ്രാമിന്റെ ഭാഗമാകുന്നു. ഇതിനായി വ്യത്യസ്ത എലക്റ്റീവ് കോഴ്സുകളും നടപ്പാക്കുന്നുണ്ട്. പുറമെ, താത്പര്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഴത്തിലുള്ള അറിവ് നേടാന്‍ അവസരം ഒരുക്കുന്നുമുണ്ട്. കൂടുതല്‍ ശ്രദ്ധയും പഠന സമയവും ആവശ്യമുള്ള കിതാബുകള്‍ക്ക് കൂടുതല്‍ ക്രെഡിറ്റ് നല്‍കി കൂടുതല്‍ പോയിന്റ് നേടാന്‍ കഴിയും.
എക്‌സ്ട്രാ ക്രെഡിറ്റ് സൗകര്യം വഴി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, പ്രാക്ടിക്കല്‍ കോഴ്‌സുകള്‍, ഫീല്‍ഡ് വര്‍ക്കുകള്‍ എന്നിവ കൂടി പഠനത്തിന്റെ ഭാഗമാകുന്ന പുതിയ സംവിധാന പ്രകാരം റിസര്‍ച്ച് പ്രോജക്ടുകള്‍/ ഡിസര്‍ട്ടേഷനുകള്‍ തുടങ്ങിയവക്ക് പ്രത്യേക ക്രെഡിറ്റ് നല്‍കി ഗവേഷണ മികവ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ധാരാളം എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് കോഴ്സുകളും ആവിഷ്‌കരിച്ചിട്ടുണ്ട്.
പരീക്ഷ എഴുതേണ്ട വിഷയങ്ങളെ കോര്‍ കോഴ്‌സ്, മേജര്‍ കോഴ്‌സ്, എലെക്റ്റിവ് കോഴ്‌സ് എന്നിങ്ങനെ മൂന്നായാണ് പുതിയ സംവിധാനം പ്രകാരം തരംതിരിച്ചിരിക്കുന്നത്. കോര്‍ കോഴ്സിനും മേജര്‍ കോഴ്സിനും ജാമിഅ നേരിട്ട് പരീക്ഷ നടത്തുകയും ഓരോ വിദ്യാര്‍ത്ഥിയും പഠിക്കല്‍ നിര്‍ബന്ധമായവയുമാണ്. എലെക്റ്റിവ് കോഴ്സുകള്‍ ഡിഗ്രി തലത്തില്‍ പത്തെണ്ണവും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നാലെണ്ണവും ഒരു വിദ്യാര്‍ത്ഥി തിരഞ്ഞെടുക്കണം. ഇതിന്റെ പരീക്ഷ സ്ഥാപനമാണ് നടത്തേണ്ടത്. പരീക്ഷ ടൈംടേബിള്‍, ചോദ്യപേപ്പര്‍ എന്നിവ ജാമിഅ നല്‍കും. കൂടാതെ, കോര്‍ കോഴ്സുകള്‍ തൊട്ട് മുമ്പുള്ള വര്‍ഷം പഠിക്കാനും മേജര്‍ കോഴ്സുകള്‍ തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കും ശേഷമുള്ള വര്‍ഷത്തേക്കും നീട്ടിവെക്കാനും അവസരമുണ്ട്. എലെക്റ്റിവ് വിഷയങ്ങള്‍ പ്രോഗ്രാം തീരുന്നതിനു മുമ്പ് ഏതുവര്‍ഷവും പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്യാം. കോഴ്സിന്റെ ഭാഗമായി ഏതാനും പ്രാക്ടിക്കല്‍ വിഷയങ്ങളുമുണ്ട്.
ക്രെഡിറ്റ് സംവിധാനം വരുന്നതോടെ എല്ലാ വിഷയത്തിലും ക്രെഡിറ്റ് അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തുക. ഓരോ വിഷയത്തിന്റെയും ക്ലാസ് സമയം, സാമൂഹ്യ- അക്കാദമിക പ്രാധാന്യം എന്നിവ മുന്‍നിര്‍ത്തിയാണ് ക്രെഡിറ്റ് തീരുമാനിച്ചിട്ടുള്ളത്. ഓരോ സെമസ്റ്റര്‍ കഴിയുമ്പോഴും എസ്.ജി.പി. എ യും പ്രോഗ്രാം കഴിയുമ്പോള്‍ സി.ജി.പി.എയും ഗ്രേഡ് കാര്‍ഡില്‍ നല്‍കും. എലെക്റ്റിവ് കോഴ്സുകളുടെ ക്രെഡിറ്റും ഗ്രേഡ് കാര്‍ഡില്‍ നല്‍കുന്നതാണ്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ക്രെഡിറ്റിന് പകരം ഗ്രേഡ് സംവിധാനമാണുണ്ടാകുക. ഇത് പ്രകാരം എ പ്ലസ് മുതല്‍ ഡി പ്ലസ് വരെയുള്ള ഗ്രേഡും മാര്‍ക്കും പ്രത്യേകം മാര്‍ക്ക് ലിസ്റ്റില്‍ കാണിക്കും.
പുതിയ സംവിധാനപ്രകാരം ഓരോ വിദ്യാര്‍ത്ഥിയും പരീക്ഷക്ക് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വിദ്യാര്‍ത്ഥിയുടെ അപേക്ഷ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍ അപ്പ്രൂവ് ചെയ്യണം. എന്നാല്‍, മാത്രമേ വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാനാകൂ. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നടക്കുന്ന സെമസ്റ്റര്‍ പരീക്ഷകള്‍ പൂര്‍ണമായും പൊതുപരീക്ഷ രീതിയിലാണ് നടക്കുക. ആവശ്യമായ ക്രെഡിറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം മാത്രമാണ് പരീക്ഷ എഴുതാന്‍ സാധിക്കുക.
കിടയറ്റ ഇന്റേണല്‍ മാര്‍ക്കിംഗ് സംവിധാനവും ജാമിഅതുല്‍ ഹിന്ദ് ഈ വര്‍ഷം മുതല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബകലൂരിയ (ഡിഗ്രി) നാല്, അഞ്ച് വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു വിഷയങ്ങള്‍ക്ക് ഗവേഷണ പ്രബന്ധം തയ്യാറാക്കുകയാണ് വേണ്ടത്. മറ്റു വര്‍ഷങ്ങളില്‍ അസൈന്മെന്റും സമര്‍പ്പിക്കണം. ഡിഗ്രി കഴിഞ്ഞ് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് നൂറ് പേജില്‍ കുറയാത്ത ഡിസ്സെര്‍ട്ടേഷനും ഓരോ വിദ്യാര്‍ത്ഥിയും സമര്‍പ്പിക്കണം. കൂടാതെ ഏതാനും വിഷയങ്ങള്‍ക്ക് ഓപ്പണ്‍ ബുക്ക് പരീക്ഷയും ഉണ്ടായിരിക്കും. ഇതുപ്രകാരം കിതാബ് കയ്യില്‍ പിടിച്ചാണ് വിദ്യാര്‍ത്ഥി പരീക്ഷ എഴുതേണ്ടി വരിക. ഓരോ വര്‍ഷവും പ്രത്യേകം വൈവയും ഉണ്ടാകും.
ഒരു ആധുനിക മത വിദ്യാര്‍ഥിക്കുണ്ടാകേണ്ട അനിവാര്യമായ എല്ലാ കഴിവുകളും കോഴ്സ് രൂപത്തിലാക്കി നല്‍കുന്ന എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് കോഴ്സുകളും പുതിയ സംവിധാനത്തിലുണ്ട്. എഴുത്ത്, പ്രഭാഷണം, ഗവേഷണം, സംഘാടനം, സാമൂഹ്യ സേവനം, വ്യത്യസ്ത ഭാഷകള്‍ എന്നിവക്ക് പുറമെ, മത- ഭൗതിക സമന്വയ വിദ്യാര്‍ത്ഥികള്‍ അനിവാര്യമായും ആര്‍ജ്ജിക്കേണ്ട കോഴ്സുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഫിലോസഫി, മനഃശാസ്ത്രം, നിയമം തുടങ്ങിയ ഒട്ടനേകം ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര മേഖലകള്‍ ഇസ്ലാമിക വീക്ഷണത്തോടെ പഠിക്കാന്‍ ഇതുവഴി സാധിക്കും.
ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സംവിധാനം വിശദീകരിക്കുന്ന വിശദമായ മാന്വല്‍ ജാമിഅതുല്‍ ഹിന്ദ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടാതെ, ജാമിഅഃയുടെ ഓരോ ദാഇറയും കേന്ദ്രീകരിച്ച് സോണല്‍ ട്രെയിനിംഗ് പ്രോഗ്രമുകളും സംഘടിപ്പിക്കുന്നുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം എന്നീ സോണുകളിലാണ് ട്രൈനിംഗ്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ ജാമിഅ അധ്യാപകര്‍ക്കായി നടക്കുന്ന സോണല്‍ ട്രെയിനിംഗ് ഈ മാസം 27ന് തൃശ്ശൂരില്‍ തുടങ്ങുന്നതോടെ സോണല്‍ ട്രൈനിംഗുകള്‍ക്ക് തുടക്കമാകുമെന്നും അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----