Paramhans Acharya Maharaj
ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി; ആചാര്യ മഹാരാജ് വീട്ടു തടങ്കലില്‍
ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയാവും എന്ന് മഹാരാജ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു

അയോധ്യ | ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജല സമാധി വരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്ന്യാസി ആചാര്യ മഹാരാജ് ജല സമാധിക്ക് തയ്യാറെടുക്കവെ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് സരയൂ നദിയില്‍ ജലസമാധിയാവാനാണ് ആചാര്യ മഹാരാജ് തയ്യാറെടുക്കുന്നത്.
ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയാവും എന്ന് മഹാരാജ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കാരായ എല്ലാ മുസ്ലിംകളുടേയും ക്രിസ്ത്യാനികളുടേയും പൗരത്വം ഔദ്യോഗികമായി റദ്ദാക്കാനും ഇയാള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെ ജലസമാധി നടത്താനുള്ള ഒരുക്കങ്ങളാണ് സരയൂ നദീ തീരത്ത് നടക്കുന്നത്.
എന്നാല്‍ മഹാരാജ് വീട്ടു തടങ്കലിലാണ് എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയിച്ചു. വീട്ടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് ശിഷ്യന്മാര്‍ അറിയിക്കുന്നത്.
മുമ്പ് ഇതേ ആവശ്യവുമായി ഇയാള്‍ രംഗത്തെത്തുകയും വീട്ടു തടങ്കലിലാക്കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. പതിനഞ്ച് ദിവസം നീണ്ടുനിന്ന നിരാഹാരവും ഇയാള്‍ നടത്തിയിരുന്നു. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടല്‍ മൂലം, മരണംവരെ എന്ന് തീരമാനിച്ച നിരാഹാരം പതിനഞ്ചാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.