Connect with us

International

ഗസ്സയില്‍ ഭക്ഷണത്തിന് കാത്തിരുന്നവര്‍ക്ക് നേരെയും ഇസ്‌റാഈല്‍ ക്രൂരത ; നൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നു

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയില്‍ ഭക്ഷണത്തിന് കാത്തിരിക്കുന്നവരെയും വെറുതെവിടാതെ ഇസ്‌റാഈല്‍ ക്രൂരത. ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും 760ല്‍ പരമാളുകള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തു.

ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയുടെ ഭാഗമാണ് ഈ അക്രമമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ അടിയന്തര വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ആശുപത്രിയില്‍ മരുന്നിന്റെ ദൗര്‍ലഭ്യത്തിന് പുറമെ ആവശ്യത്തിന് ഇന്ധനമില്ലാത്തതും തിരിച്ചടിയാകുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെയുള്ള മൂന്ന് ആംബുലന്‍സുകളില്‍ ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാല്‍ ആക്രമത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ കഴിയുന്നില്ലെന്ന് അല്‍ ശിഫ ഹോസ്പിറ്റല്‍ ആംബുലന്‍സ് സര്‍വീസ് മേധാവി ഫാരിസ് അഫാന പറഞ്ഞു.

ഒക്ടോബര്‍ 7 മുതല്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയില്‍ 30,035 കൊല്ലപ്പെടുകയും 70,457 പേര്‍ക്ക് പരുക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.