Connect with us

International

ഗസ്സയില്‍ ആക്രമണം കുറയ്ക്കാന്‍ ഇസ്‌റാഈല്‍ തീരുമാനിച്ചു

ഹമാസ് പ്രതികരണത്തില്‍ ഗസ്സയില്‍ ആഹ്ലാദപ്രകടനങ്ങള്‍ അരങ്ങേറി

Published

|

Last Updated

തെല്‍അവിവ് | അമേരിക്കയുടെ ഇരുപതിന സമാധാന പദ്ധതിയില്‍ ചിലത് ഹമാസ് അംഗീകരിക്കാന്‍ തയ്യാറായതോടെ ഗസ്സയില്‍ ആക്രമണം കുറയ്ക്കാന്‍ ഇസ്‌റാഈല്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ചു രാഷ്ട്രീയ നേതൃത്വം സേനക്ക് നിര്‍ദേശം നല്‍കിയെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി അറിയിച്ചു. ഹമാസ് പ്രതികരണത്തില്‍ ഗസ്സയില്‍ ആഹ്ലാദപ്രകടനങ്ങള്‍ അരങ്ങേറി.

യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെ പല നിര്‍ദേശങ്ങളും ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് ഇസ്‌റാഈലിന്റെ നിര്‍ദേശം. ഹമാസിന്റെ പ്രതികരണം മുന്‍നിര്‍ത്തി ട്രംപിന്റെ ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ നടപ്പാക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസും അറിയിക്കുന്നു. അതേസമയം ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള യഥാര്‍ഥ അവസരമാണിതെന്ന് ഇസ്‌റാഈല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് വ്യക്തമാക്കി.

കരാറിന്റെ വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിനായി ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കുചേരുന്നതായി ഇസ്‌റാഈല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അതേസമയം പല കാര്യങ്ങളിലും ചര്‍ച്ച ഇനിയും വേണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഹമാസ് സമാധാനത്തിന് തയ്യാറാണെന്നും ഇസ്‌റാഈല്‍ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ട്രംപ് നിര്‍ദേശം നല്‍കി. സമാധാന വഴിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.