Connect with us

International

ഫ്ലോട്ടിലയിൽ എത്തിയ ആക്ടിവിസ്റ്റുകളോട് ഇസ്റാഈൽ ക്രൂരത; തുർബർഗിനെ നിലത്തിട്ട് വലിച്ചിഴച്ചു; ഇസ്റാഈൽ പതാക ചുംബിക്കാൻ നിർബന്ധിച്ചു

"അവർ ഞങ്ങളോട് നായ്ക്കളോടെന്ന പോലെ പെരുമാറി. മൂന്ന് ദിവസം പട്ടിണിക്കിട്ടു. വെള്ളം തരാതിരുന്നതുകൊണ്ട് ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം കുടിക്കേണ്ടി വന്നു... കഠിനമായ ചൂടുള്ള ദിവസമായിരുന്നു" - തുർക്കിഷ് ടി.വി അവതാരക ഇക്ബാൽ ഗുർപിനാർ

Published

|

Last Updated

ഇസ്താംബൂൾ | ഗസ്സയിലേക്ക് സഹായമെത്തിക്കാൻ പുറപ്പെട്ട ഫ്ലോട്ടിലയിൽ പങ്കെടുത്ത ശേഷം ഇസ്റാഈൽ തടവിലാക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്ത അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളോട് ഇസ്റാഈലിന്റെ കൊടും ക്രൂരത. കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ തുൻബർഗിനോട് ഇസ്റാഈൽ സേന മോശമായി പെരുമാറിയതായി മറ്റു ആക്ടിവിസ്റ്റുകൾ ആരോപിച്ചു. യു എസ്., ഇറ്റലി, മലേഷ്യ, കുവൈറ്റ്, സ്വിറ്റ്‌സർലൻഡ്, ടുണീഷ്യ, ലിബിയ, ജോർദാൻ, തുർക്കി തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 137 പേർ നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇവർ ശനിയാഴ്ച ഇസ്താംബൂളിൽ എത്തിച്ചേർന്നതായി തുർക്കിഷ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഗ്രേറ്റ തുൻബർഗിനെ ഇസ്റാഈൽ സേന പീഡിപ്പിക്കുന്നത് താൻ നേരിട്ട് കണ്ടതായി തുർക്കിഷ് മാധ്യമപ്രവർത്തകനും ‘ഗസ്സ സുമൂദ് ഫ്ലോട്ടില’ (Gaza Sumud Flotilla) പങ്കാളിയുമായ എർസിൻ സെലിക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തുൻബർഗിനെ നിലത്തിട്ട് വലിച്ചിഴച്ചുവെന്നും ഇസ്റാഈൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

മലേഷ്യൻ ആക്ടിവിസ്റ്റ് ഹസ്വാനി ഹെൽമി, അമേരിക്കൻ പങ്കാളി വിൻഡ്ഫീൽഡ് ബീവർ എന്നിവരും ഇസ്താംബൂൾ എയർപോർട്ടിൽ സമാനമായ കാര്യങ്ങൾ ആരോപിച്ചു. തുൻബർഗിനെ തള്ളിയിടുകയും ഇസ്റാഈൽ പതാകയോടൊപ്പം പ്രദർശിപ്പിക്കുകയും ചെയ്തു എന്നും ഇവർ പറഞ്ഞു.

“അതൊരു ദുരന്തമായിരുന്നു. അവർ ഞങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറിയത്” – തടവിലായിരുന്നവർക്ക് ഭക്ഷണമോ, ശുദ്ധജലമോ, മരുന്നോ നൽകിയില്ലെന്നും ഹെൽമി കൂട്ടിച്ചേർത്തു.

തുൻബർഗിനോട് വളരെ മോശമായി പെരുമാറി എന്നും ബീവർ പറഞ്ഞു. തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ അകത്തേക്ക് പ്രവേശിക്കുമ്പോൾ തുൻബർഗിനെ ഒരു മുറിയിലേക്ക് തള്ളി മാറ്റിയ സംഭവം അദ്ദേഹം ഓർത്തെടുത്തു.

ഫ്ലോട്ടിലയിൽ ഉണ്ടായിരുന്ന ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ലൊറെൻസോ അഗോസ്റ്റിനോയും തുൻബർഗിനോടുള്ള മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി. ധൈര്യശാലിയായ ഗ്രേറ്റ തുൻബർഗിന് 22 വയസ്സ് മാത്രമാണ് പ്രായം. അവരെ അപമാനിക്കുകയും ഒരു ട്രോഫി പോലെ ഇസ്റാഈൽ പതാകയിൽ പൊതിഞ്ഞ് പ്രദർശിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

മറ്റ് ആക്ടിവിസ്റ്റുകളും കടുത്ത ദുരനുഭവങ്ങൾ വിവരിച്ചു.

“അവർ ഞങ്ങളോട് നായ്ക്കളോടെന്ന പോലെ പെരുമാറി. മൂന്ന് ദിവസം പട്ടിണിക്കിട്ടു. വെള്ളം തരാതിരുന്നതുകൊണ്ട് ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം കുടിക്കേണ്ടി വന്നു… കഠിനമായ ചൂടുള്ള ദിവസമായിരുന്നു” – തുർക്കിഷ് ടി.വി അവതാരക ഇക്ബാൽ ഗുർപിനാർ പറഞ്ഞു. ഈ ദുരിതം ഗസ്സൻ ജനത അനുഭവിക്കുന്നതെന്താണെന്ന് നന്നായി മനസ്സിലാക്കാൻ സഹായിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

ജയിലിലെ രക്തക്കറ പുരണ്ട ചുമരുകളെക്കുറിച്ചും മുൻ തടവുകാർ എഴുതിവെച്ച കുറിപ്പുകളെക്കുറിച്ചും തുർക്കിഷ് ആക്ടിവിസ്റ്റ് അയ്‍സിൻ കാന്റോഗ്ലു വിവരിച്ചു. അമ്മമാർ അവരുടെ കുട്ടികളുടെ പേരുകൾ ചുമരുകളിൽ എഴുതിയതായി ഞങ്ങൾ കണ്ടു. ഫലസ്തീനികൾ കടന്നുപോകുന്നതിൻ്റെ ഒരു ചെറിയ ഭാഗം ഞങ്ങൾ അനുഭവിച്ചുവെന്നും അവർ പറഞ്ഞു.

ഇസ്റാഈൽ തടവിലാക്കിയ 26 ഇറ്റാലിയൻ പൗരന്മാരെ നാടുകടത്തിയെന്നും, 15 പേർ ഇപ്പോഴും തടവിൽ തുടരുകയാണെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി പറഞ്ഞു. നിയമപരമായി പ്രവർത്തിച്ചത് ബോട്ടുകളിലെ ആളുകളാണെന്നും അവരെ ഗസ്സയിൽ എത്താൻ അനുവദിക്കാതെ തടഞ്ഞവരാണ് നിയമവിരുദ്ധമായി പ്രവർത്തിച്ചതെന്നും ഫ്ലോട്ടിലയിൽ ഉണ്ടായിരുന്ന ഇറ്റാലിയൻ എം പി. ആർതുറോ സ്കോട്ടോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, തടവുകാരെ മണിക്കൂറുകളോളം സിപ്-ടൈ ഉപയോഗിച്ച് കൈകൾ ബന്ധിച്ച് മുട്ടുകുത്തി നിർത്തിയെന്നും, മരുന്നോ, അഭിഭാഷകരുമായി സംസാരിക്കാനുള്ള അനുമതിയോ നൽകിയില്ലെന്നും തടവുകാർ റിപ്പോർട്ട് ചെയ്തതായി ഇസ്റാഈലിലെ അവകാശ സംഘടനയായ അദാല (ഐ ഡി എഫ്.) അറിയിച്ചു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം നുണകളാണ് എന്ന് പറഞ്ഞ് ഇസ്റാഈൽ വിദേശകാര്യ മന്ത്രാലയം തള്ളി. എല്ലാ തടവുകാരോടും നിയമപ്രകാരം മാത്രമേ പെരുമാറിയിട്ടുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു.

ഗസ്സയിലേക്ക് സഹായവുമായി പോയ ഏകദേശം 40 ബോട്ടുകൾ ഇസ്റാഈൽ നാവികസേന തടയുകയും 450-ൽ അധികം ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇസ്റാഈൽ നടത്തുന്ന ഉപരോധം നിയമവിരുദ്ധമാണെന്ന് ഈ ആക്രമണം അടിവരയിടുന്നു എന്നും, ഇസ്റാഈൽ യുദ്ധം തുടരുന്നതിനിടെ 23 ലക്ഷം വരുന്ന ഗസ്സൻ ജനതയെ ഇത് ഒറ്റപ്പെടുത്തുന്നു എന്നും വിമർശകർ പറയുന്നു. ഓഗസ്റ്റ് അവസാനം ആരംഭിച്ച ഈ ഫ്ലോട്ടില, ഇസ്റാഈലിന്റെ ഉപരോധം തകർത്ത് ഫലസ്തീനികൾക്ക് സഹായം എത്തിക്കാനുള്ള ഏറ്റവും പുതിയ അന്താരാഷ്ട്ര ശ്രമമായിരുന്നു.

---- facebook comment plugin here -----

Latest