International
ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേര്‍
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണം വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്
ഗസ്സ | ഇസ്‌റാഈല്‍ സൈന്യം ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് മൂന്ന് പേരെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണം വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
24 മണിക്കൂറിനിടെ മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. തിരിച്ചറിയാത്ത 35 പലസ്തീനികളുടെ മൃതദേഹങ്ങള്‍ അല്‍-ഷിഫ ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും അവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും സിവില്‍ ഡിഫന്‍സ് ഏജന്‍സി ടെലിഗ്രാമില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു
ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക എണ്ണം 69,000 കവിഞ്ഞു. 2023 ഒക്ടോബര്‍ മുതല്‍ കുറഞ്ഞത് 69,182 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 170,694 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
യുഎസ് മധ്യസ്ഥതയില്‍ ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം ഇസ്‌റാഈല്‍ സൈന്യം കുറഞ്ഞത് 245 ഫലസ്തീനികളെ കൊലപ്പെടുത്തി.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ ഇസ്‌റാഈലില്‍ ആകെ 1,139 പേര്‍ കൊല്ലപ്പെടുകയും ഏകദേശം 200 പേരെ ബന്ദികളാക്കുകയും ചെയ്തു.
ഗസ്സയിലുടനീളമുള്ള അവശിഷ്ടങ്ങള്‍ക്കടിയില്‍ ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി കണക്കാക്കപ്പെടുന്നു.



