Connect with us

Siraj Article

നിയമവാഴ്ചയുള്ള രാജ്യമല്ലേയിത്? സുപ്രീം കോടതി ചോദിക്കുന്നു

റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിമാര്‍ അടങ്ങുന്ന സമിതികളാണ് നിയമനപ്പട്ടികകള്‍ തയ്യാറാക്കിയിരിക്കുന്നത്. അങ്ങനെ തയ്യാറാക്കിയ പട്ടികകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കൂടിക്കാഴ്ചകളിലൂടെ തയ്യാറാക്കിയ അവരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഇവക്കായുള്ള തിരഞ്ഞെടുപ്പ് സമിതികള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നും കോടതി ചോദിച്ചു

Published

|

Last Updated

ട്രൈബ്യൂണലുകളിലെ നിയമനം സര്‍ക്കാറിന് തോന്നിയത് പോലെ നടത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ബുധനാഴ്ച അഭിപ്രായപ്പെട്ടിരിക്കുന്നു. ഭരണഘടനാസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ അതി നിശിതമായ വിമര്‍ശങ്ങളാണ് ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയത്. ചീഫ് ജസ്റ്റിസ് രമണക്കൊപ്പം ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ചാണ് കേന്ദ്ര സര്‍ക്കാറിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. രാജ്യത്തെ വിവിധ ട്രൈബ്യൂണലുകള്‍ വേണ്ടത്ര അംഗങ്ങള്‍ ഇല്ലാതെ ഏറെ വലയുന്നു. പലതിലും അധ്യക്ഷപദവി തന്നെ ഒഴിഞ്ഞു കിടക്കുന്നു. സാങ്കേതിക നിയമ രംഗത്തെ വിദഗ്ധരാണ് അവിടെ നിയമിക്കപ്പെടേണ്ടത്. വേണ്ടത്ര യോഗ്യത ഇല്ലാത്തവരെ തങ്ങളുടെ സ്വാര്‍ഥ താത്പര്യം പരിഗണിച്ചു മാത്രം നിയമനം നടത്തുന്നതിനെയും കോടതി നിശിതമായി വിമര്‍ശിച്ചു. പല ട്രൈബ്യൂണലുകളുടെയും അവസ്ഥ ദയനീയമാണെന്നും അവരെ സമീപിക്കുന്നവര്‍ക്ക് നീതി എന്ന് കിട്ടുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അവര്‍ പെരുവഴിയില്‍ ആണെന്നും കോടതി പറഞ്ഞു. പലര്‍ക്കും വളരെ ദൂരെയുള്ള സ്ഥലങ്ങളില്‍ പോയി ട്രൈബ്യൂണലുകളില്‍ കേസ് നടത്തേണ്ട അവസ്ഥയാണുള്ളത്.

നിരവധി മേഖലകളിലെ സങ്കീര്‍ണ നിയമ പ്രശ്‌നങ്ങള്‍ക്ക് കാര്യക്ഷമമായി പരിഹാരം കാണുന്നതിനുള്ള അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളാണ് ട്രൈബ്യൂണലുകള്‍. ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്ക് പല കേസിലും ഉള്‍പ്പെട്ട വിഷയങ്ങളുടെ വിശകലനത്തിന് വേണ്ട സാങ്കേതിക പരിജ്ഞാനം ഇല്ല എന്നതിനാലാണ് അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തെ അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ അടക്കം വിവിധ ട്രൈബ്യൂണലുകളിലായി 250ല്‍ പരം സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ട്രൈബ്യൂണലുകളുടെ പരിഷ്‌കരണത്തിനായി തയ്യാറാക്കിയ നിയമം (ട്രൈബ്യൂണല്‍ റിഫോംസ് ആക്ട് 2021) ഇതുവരെ പാസ്സാക്കാതിരുന്നതെന്തുകൊണ്ട് എന്നും കോടതി ചോദിച്ചിരുന്നു. നിരവധി ട്രൈബ്യൂണലുകളില്‍ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു എന്നും പുതിയ നിയമം ഇതുവരെ പാസ്സാക്കിയിട്ടില്ല എന്നും പരാതിപ്പെട്ടുകൊണ്ടുള്ള ഹരജികളിലാണ് കോടതിയുടെ ഈ വിമര്‍ശം. ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍, ആദായനികുതി ട്രൈബ്യൂണല്‍ എന്നിവ സംബന്ധിച്ച കേസാണ് കോടതിയുടെ മുന്നില്‍ വന്നത്. ഇന്ത്യയിലെ ട്രൈബ്യൂണലുകള്‍ ശാക്തീകരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം സര്‍ക്കാറിന് അറിയില്ലേ എന്നും കോടതി ചോദിച്ചു.

ഈ സ്ഥാപനങ്ങളിലേക്ക് നിയമിക്കപ്പെടാന്‍ അവയുടെ തിരഞ്ഞെടുപ്പ് സമിതി തയ്യാറാക്കിയ പട്ടിക ഉണ്ട്. റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിമാര്‍ അടങ്ങുന്ന സമിതികളാണ് ഈ നിയമനപ്പട്ടികകള്‍ തയ്യാറാക്കിയിരിക്കുന്നത്. അങ്ങനെ തയ്യാറാക്കിയ പട്ടികകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കൂടിക്കാഴ്ചകളിലൂടെ തയ്യാറാക്കിയ അവരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഇവക്കായുള്ള തിരഞ്ഞെടുപ്പ് സമിതികള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ ഇവരുടെ കാലുവാരുകയാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ചില അംഗങ്ങളെ ഈ പട്ടികകളില്‍ നിന്ന് സര്‍ക്കാര്‍ നിയമിക്കുന്നു. എന്നാല്‍ പലപ്പോഴും പ്രാഥമിക പട്ടികയില്‍ ഉള്ളവരെ തഴഞ്ഞുകൊണ്ട് അതിലെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കുകയും ചെയ്യുന്നു. ഏതായാലും സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ എടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോടതി.

ഇന്ത്യയിലെ വിവിധ ട്രൈബ്യൂണലുകളിലായി സര്‍ക്കാറിന്റെ താത്പര്യ സംരക്ഷണത്തിനായി തിരഞ്ഞെടുപ്പ് സമിതി തയ്യാറാക്കിയ പട്ടിക അട്ടിമറിച്ചതിന്റെ ഉദാഹരണങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. “ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലേക്ക് തിരഞ്ഞെടുത്തവരുടെ പട്ടിക ഞാന്‍ പരിശോധിച്ചു. തിരഞ്ഞെടുപ്പ് സമിതി ഒമ്പത് നിയമ വിദഗ്ധരുടെയും പത്ത് സാങ്കേതിക വിദഗ്ധരുടെയും പേരുള്ള പട്ടികയാണ് തയ്യാറാക്കിയിരുന്നത്. പട്ടികയില്‍ നിന്ന് തോന്നിയതു പോലെ മൂന്ന് പേരെ നിയമിച്ചു. മറ്റുള്ളവരെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് നിയമിക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവില്‍ കണ്ടത്. പട്ടികയില്‍ ബാക്കിയുള്ളവര്‍ തയ്യാറാകുന്നില്ലെങ്കില്‍ മാത്രമേ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ കഴിയൂ എന്നാണ് സര്‍വീസ് നിയമങ്ങള്‍ പറയുന്നത്. ഏതുതരം നിയമനമാണിത്?’ ജസ്റ്റിസ് രമണ ചോദിക്കുന്നു. ഇതിനു മറുപടിയായി, സര്‍ക്കാറിന് സ്വന്തം താത്പര്യ പ്രകാരം നിയമനം നടത്താന്‍ അധികാരമില്ലേ എന്ന് അറ്റോര്‍ണി ജനറല്‍ ചോദിക്കുന്നു. “നമ്മള്‍ പ്രവര്‍ത്തിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ നിയമ വാഴ്ചയുള്ള സമൂഹത്തിലാണ്. നിങ്ങള്‍ക്ക് തോന്നിയത് പോലെ നിയമനം നടത്താന്‍ ആണെങ്കില്‍ പിന്നെന്തിനാണ് ഈ സമിതി ഉണ്ടാക്കിയത്? അവര്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് നിയമനം നല്‍കാന്‍ കഴിയില്ലെങ്കില്‍ ആ സമിതിക്ക് എന്ത് വിലയാണുള്ളത്?’ ചീഫ് ജസ്റ്റിസ് തിരിച്ചടിച്ചു. “തിരഞ്ഞെടുപ്പ് സമിതിക്കല്ല സര്‍ക്കാറിനാണ് അവസാന വാക്കെങ്കില്‍ പിന്നെന്തിനാണ് സമിതി? വളരെ വിശദമായ നടപടി ക്രമങ്ങളില്‍ കൂടിയും അഭിമുഖങ്ങള്‍ നടത്തിയുമാണ് പട്ടിക തയ്യാറാക്കുന്നത്’- ജസ്റ്റിസ് നാഗേശ്വര റാവു ചീഫിനൊപ്പം ചേര്‍ന്നുകൊണ്ട് ചോദിച്ചു. കടം തിരിച്ചു പിടിക്കാനുള്ള ട്രൈബ്യൂണല്‍ (ഡി ആര്‍ ടി), അതിലെ അംഗങ്ങളില്ലാത്തതിനാല്‍ പ്രവര്‍ത്തനരഹിതമായിട്ട് ഏറെക്കാലമായി എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ട്രൈബ്യൂണലുകള്‍ ഉള്ള വിഷയങ്ങളില്‍ കേസുകള്‍ കേള്‍ക്കാന്‍ ഹൈക്കോടതികള്‍ വിസമ്മതിക്കുന്നു. ഒരു ട്രൈബ്യൂണലിലേക്ക് തിരഞ്ഞെടുപ്പ് സമിതി 534 നിയമ വിദഗ്ധരെയും 400 സാങ്കേതിക അംഗങ്ങളെയും കണ്ടെത്തി അഭിമുഖം നടത്തി ഒരു പട്ടിക സര്‍ക്കാറിന് നല്‍കി. എന്നാല്‍ വിരലില്‍ എണ്ണാവുന്നവരെ മാത്രം ആ പട്ടികയില്‍ നിന്ന് എടുത്തു. ബാക്കി ആവശ്യമായവരെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും എടുത്തതായി കോടതി കണ്ടെത്തി. ഈ കൊവിഡ് കാലത്ത് പോലും ഒരു റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ യാത്ര ചെയ്തു ചെന്ന് അഭിമുഖം നടത്തിയാണ് ഈ പട്ടിക ഉണ്ടാക്കുന്നത് എന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്രയൊക്കെ ചെയ്തിട്ടും ആ പട്ടികയില്‍ നിന്ന് ഒരാളെ പോലും നിയമിച്ചില്ല. എന്തൊരു നഷ്ടമാണിത് എന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചക്കകം എല്ലാ ട്രൈബ്യൂണലുകളിലും നിയമനം നടത്തിക്കൊള്ളാമെന്ന് ഉറപ്പ് നല്‍കിയാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ തത്കാലം തടി രക്ഷിച്ചത്. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഞങ്ങള്‍ ഉത്തരവുകള്‍ ഇറക്കും എന്നും കോടതി പറഞ്ഞു.