Connect with us

തെളിയോളം

ഇതൊക്കെത്തന്നെയാണോ ഇനിയും നടക്കുക?

സാമൂഹിക പരിവർത്തനത്തിന് നേതൃത്വം നൽകുന്നവരാണ് എന്ന് സ്വയം പറയുന്നവർ പോലും "ലോകം ആകെ ദുഷിച്ചിരിക്കുന്നു' എന്ന സ്ഥിരം പല്ലവി ആവർത്തിച്ചു പറയുന്നത് കേൾക്കാറുണ്ട്.

Published

|

Last Updated

“ഒരു നല്ല മനുഷ്യനെ കണ്ടെത്താനുള്ള സാധ്യത പോലെ തന്നെ എനിക്ക് ലോട്ടറി അടിക്കാനും സാധ്യതയുണ്ട്.’ ജോർജ് കാർലിന്റെ ഈ വചനത്തിന് തുല്യമാണ് ഏഥൻസിലെ തിരക്കേറിയ ചന്തയിൽ പകൽ വെളിച്ചത്തിൽ കത്തിച്ച ഒരു വിളക്കുമായി ചുറ്റിനടന്ന് “ഞാൻ ഒരു നല്ല മനുഷ്യനെ തിരയുകയാണ്’ എന്ന് പറഞ്ഞ ഡയോജനിസിന്റെ പ്രവൃത്തിയും. “എനിക്ക് മനുഷ്യപ്രകൃതിയിൽ വിശ്വാസമില്ല, അത് എന്റേത് പോലെയാണ്’ എന്ന ഫ്രഞ്ച് കൊമേഡിയൻ സച്ചാ ഗിട്രിയുടെ സർക്കാസം ശരിക്കും ഇവ രണ്ടിനെയും ഒരർഥത്തിൽ കശക്കിയെറിയുന്നതാണ്. ഡയോജനിസ് എന്ന മഹാനായ തത്വചിന്തകൻ തന്റെ പ്രവൃത്തിയിലൂടെ വലിയ ലോക തത്വം വെളിപ്പെടുത്തുകയായിരുന്നു എന്നത് നേരാണ്.എന്നാൽ അത് എടുത്തുപറഞ്ഞ് “സത്യസന്ധരും നല്ലവരുമായ മനുഷ്യർ’ ഇല്ലാത്ത ലോകമാണ് ഇത് എന്ന് തുടരെ തുടരെ പരിഭവിക്കുന്നവർ ഇന്നും ഏറെയുണ്ട്. മാത്രമല്ല ഈ ന്യായം വെച്ച് ചുറ്റുവട്ടത്തെ മുഴുവൻ സംശയദൃഷ്ടിയോടെ മാത്രം കാണുന്ന സമീപനങ്ങളും പല ആളുകളിലും കണ്ടുവരുന്നുണ്ട്.

സാമൂഹിക പരിവർത്തനത്തിന് നേതൃത്വം നൽകുന്നവരാണ് എന്ന് സ്വയം പറയുന്നവർ പോലും “ലോകം ആകെ ദുഷിച്ചിരിക്കുന്നു’ എന്ന സ്ഥിരം പല്ലവി ആവർത്തിച്ചു പറയുന്നത് കേൾക്കാറുണ്ട്. ദോഷൈകദൃക്കുകളാവുക എന്ന ഈ അവസ്ഥ വളരെ ബുദ്ധിപരമാണ് എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. ഇത് ഒരർഥത്തിൽ ഒരു സ്വയം രക്ഷപ്പെടലാണ്. സ്വന്തം ദൗർബല്യങ്ങൾ, നിരാശ, മൂഢത തുടങ്ങിയവയെ ഒളിച്ചുവെക്കാനുള്ള ശ്രമം കൂടിയായി ഇതിനെ മനസ്സിലാക്കാൻ കഴിയും. ലോകർ മൊത്തം ചീത്തയായല്ലോ എന്ന് ചിന്തിക്കുന്നവർ സച്ചാ ഗിട്രിയുടെ ആത്മവിമർശനാത്മകമായ “എന്നെപ്പോലെ’ എന്ന വിചാരശകലം ഓർത്തിരിക്കണം. ലോകമാകെ നശിക്കാൻ പോകുന്നല്ലോ എന്ന ഭയാശങ്കകൾക്കു പകരം “മനുഷ്യസഹജം’ എന്ന വിശാലചിന്തയിൽ വൻ വിപത്തുകളെ വരെ കാണാനും പരിവർത്തനോന്മുകമായിരിക്കാൻ താൻ എന്ത് ഉത്തരവാദിത്വം നിർവഹിക്കണം എന്നതിലേക്ക് കയറിനിൽക്കുകയുമാണ് പ്രതീക്ഷകളിലേക്കും സാധ്യതകളിലേക്കും കുതിക്കാനുള്ള ശരിയായ വഴി.

“ലോകാവസാനമായി’ എന്നാണ് ഒറ്റവാക്കിൽ അശുഭചിന്തകരുടെ “വിലയിരുത്തലിന്റെ’ അന്തിമ നെടുവീർപ്പ്. മനുഷ്യരുടെ തെറ്റുകളും പ്രകൃതി ദുരന്തങ്ങളും ഒക്കെ അതിജയിച്ചാണ് ലോകം ഉള്ളിടത്തോളം കാലം നിലനിൽക്കേണ്ടത്. ജീവിക്കുക എന്നത് ഒരു ക്രിയയായി മനുഷ്യന് ബോധ്യപ്പെടണമെങ്കിൽ അതിജീവിക്കാനുള്ള മനോനിലയിലാകണം അവർ. “എല്ലാം തീർന്നു, ഇനി ഇങ്ങനെയൊക്കെയേ പോകൂ’ എന്നായാൽ എങ്ങനെ മനുഷ്യൻ ക്രിയാത്മകത കൈവരിക്കും. “വഴിയെ നടന്നു പോകുമ്പോൾ എന്നെ ആരെങ്കിലും ആക്രമിക്കുമോ?, പത്രവാർത്തയിൽ കണ്ട കുറുവാ സംഘം ദേ ഈ ഇരുട്ടിൽ പതിയിരിക്കുന്നുണ്ടോ?… ‘ ഇങ്ങനെ “എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് ‘ എന്ന് പരിതപിച്ചും സംശയം പൂണ്ടും ജീവിതം കൂടുതൽ നിഷേധാത്മകമാക്കുന്നവരും “നല്ലവരിൽ’ ഉണ്ട്.

അക്രമ സംഭവങ്ങൾ, ചതികൾ, ഭരണകൂട നിഗൂഢതകൾ, വാഗ്ദാന ലംഘനങ്ങൾ, സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും നടക്കുന്ന അരുതായ്മകൾ, അഴിമതി, അവിശ്വാസം, രാഷ്ട്രീയ വൈകല്യങ്ങൾ, തുടർച്ചയായ മോശം വാർത്തകൾ എന്നിവയുടെ ഒരു കാലത്താണ് നാം ജീവിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധികൾ മുതൽ സാമ്പത്തിക അസമത്വം വരെ, ശുഭാപ്തിവിശ്വാസം ഒരു മിഥ്യയാണെന്നും, ബന്ധങ്ങളിൽ നിന്ന് പിന്മാറുന്നത് സ്വയം സംരക്ഷണമാണെന്നും തോന്നുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. “കാലം മാറി’ എന്ന സാമാന്യ വാക്യത്തിൽ ഇവയെ നിസ്സംഗമായി കാണുന്നത് “ബുദ്ധിശക്തി’യുടെ അടയാളമല്ല.

“ഇവിടെ ഈ സാഹചര്യങ്ങളിൽ തന്നെ എന്താണ് സാധ്യമാകുന്നത്?, നന്മകളെ അല്ലെങ്കിൽ മികവുകളെ പരിപോഷിപ്പിക്കാൻ നിലവിലുള്ള പരിസ്ഥിതിയിൽ എന്താണ് പുതിയ വഴി?’ തുടങ്ങിയ ധനാത്മക ചിന്തകളിലേക്ക് അതിവേഗം സഞ്ചരിച്ചു പോകുന്നതിലാണ് വിവേകികൾ വിജയിക്കുക. കൂടുതൽ ജിജ്ഞാസയോടെ ധൈര്യസമേതം “മനുഷ്യരിലേക്ക് ‘ അന്വേഷണം നടത്താൻ കഴിയുന്നതാണ് ശരിയായ ജ്ഞാനമാനം.

Latest