Connect with us

siraj editorial

ആം ആദ്മി ബി ജെ പിയുടെ വഴിയേ?

മൃദു ഹിന്ദുത്വം കൊണ്ട് യു പിയിലും ഉത്തരാഖണ്ഡിലുമെല്ലാം നേട്ടം കൊയ്യാമെന്ന ആം ആദ്മിയുടെ കണക്കുകൂട്ടല്‍ വൃഥാവിലാണ്. ഡല്‍ഹിയില്‍ ആം ആദ്മിക്ക് വന്‍വിജയം നേടാനായത് പാര്‍ട്ടി നടപ്പാക്കിയ ജനകീയ പദ്ധതികള്‍ കൊണ്ടാണ്. മൃദു ഹിന്ദുത്വ സമീപനം കൊണ്ടല്ല

Published

|

Last Updated

പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ രാഷ്ട്രീയം ആം ആദ്മി പാര്‍ട്ടിയെ പ്രാരംഭ ഘട്ടത്തില്‍ നോക്കിക്കണ്ടത്. അണ്ണാഹസാരെ ഉയര്‍ത്തിവിട്ട അഴിമതിവിരുദ്ധ വികാരത്തില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചാണ് 2011ല്‍ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഓക്ടോബര്‍ രണ്ടിന് അരവിന്ദ് കെജ്‌രിവാള്‍ പാര്‍ട്ടി രൂപവത്കരണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഡല്‍ഹിയില്‍ ആധിപത്യം സ്ഥാപിച്ച ആം ആദ്മി സാധാരണക്കാരന്റെ പാര്‍ട്ടി എന്ന നിലയിലാണ് വികസിച്ചത്. ബി ജെ പിയുടെ ഹിന്ദുത്വ അജന്‍ഡയെ പ്രതിരോധിക്കാന്‍ കെല്‍പ്പുറ്റ ഒരു പ്രസ്ഥാനമെന്ന നിലയില്‍ കൂടി പാര്‍ട്ടിയില്‍ മതേതര ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. ഡല്‍ഹി രാഷ്ട്രീയത്തില്‍ കേന്ദ്ര സര്‍ക്കാറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കെജ്‌രിവാള്‍ നടത്തിയ പോരാട്ടം വര്‍ഗീയ ഫാസിസത്തിനെതിരെയുള്ള പോരാട്ടമായി ധരിക്കപ്പെട്ടു.

എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിക്കു പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനായി ഹിന്ദുത്വ രാഷ്ട്രീയമെന്ന ബി ജെ പിയുടെ തന്ത്രത്തിലേക്ക് നീങ്ങുകയാണെന്നാണ് അവരുടെ പുതിയ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമെന്ന പേരില്‍ പാര്‍ട്ടി “തിരംഗ സങ്കല്‍പ് യാത്ര’ എന്ന പേരില്‍ ഒരു യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 14ന് യു പിയില്‍ നടക്കാനിരിക്കുന്ന യാത്രയുടെ വേദിയായി തിരഞ്ഞെടുത്തത് അയോധ്യയെയാണ്. ഹിന്ദുത്വ ദേശീയതയും താത്പര്യങ്ങളും കൂടിച്ചേരുന്നതായിരിക്കും ഈ യാത്രയെന്നാണ് റിപ്പോര്‍ട്ട്. എന്താണ് ശരിയായ ദേശീയതയെന്ന് ജനങ്ങളോട് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് യാത്രാ വിവരം വെളിപ്പെടുത്തിയ യു പി. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിന്റെ പ്രസ്താവം. താനൊരു രാമഹനുമാന്‍ ഭക്തനാണെന്നും ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ ജനങ്ങളെ സേവിക്കുന്നത് രാമരാജ്യം എന്ന സങ്കല്‍പ്പത്തിലെ പത്ത് ആശയങ്ങളില്‍ നിന്നുകൊണ്ടാണെന്നും ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുറന്നു പറയുകയുമുണ്ടായി. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം കഴിയുമ്പോള്‍ പ്രായമുള്ളവരെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ദര്‍ശനത്തിന് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ സംസ്ഥാനത്തും അവിടുത്തെ ഹിന്ദുത്വ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്നതാണ് ആം ആദ്മിയുടെ പുതിയ രാഷ്ട്രീയ തന്ത്രം. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡെറാഡൂണില്‍ നടത്തിയ “ദേവ്ഭൂമി സങ്കല്‍പ് യാത്ര’യില്‍ പ്രസംഗിക്കവെ, സംസ്ഥാനത്ത് ആം ആദ്മി ഭരണത്തിലെത്തിയാല്‍ ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. യാത്രക്ക് നേതൃത്വം നല്‍കിയതും കെജ്‌രിവാളായിരുന്നു. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ടെലിവിഷന്‍ അഭിമുഖത്തിനിടെ കെജ്‌രിവാള്‍ ഹനുമാന്‍ കീര്‍ത്തനം ഉരുവിടുകയും പോളിംഗിനു മുമ്പ് ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടുകയും ചെയ്തുവെന്ന് മാത്രമല്ല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയം നേടിയപ്പോള്‍ ഇത് ഹനുമാന്‍ സ്വാമിയുടെ വിജയമാണെന്ന് പ്രസ്താവിക്കുകയുമുണ്ടായി. കേരളത്തിന്റെ “ഓണാഘോഷത്തെ’ വാമനജയന്തിയെന്ന് വിളിച്ച് ആശംസാ പോസ്റ്റിട്ടതും കെജ്്രിവാളിന്റെ ഹിന്ദുത്വ വിധേയത്വം വ്യക്തമാക്കുന്നു.

നേരത്തേ പൗരത്വ വിഷയത്തിലും ഡല്‍ഹി കലാപ വേളയിലും കശ്മീര്‍ പ്രശ്‌നത്തിലുമെല്ലാം പ്രകടമായിട്ടുണ്ട് കെജ്‌രിവാളിന്റെ ഹിന്ദുത്വ ചായ്‌വ്. പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭകരെ വേട്ടയാടാന്‍ ഡല്‍ഹി പോലീസിനെ കയറൂരിവിട്ട അമിത് ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മതേതര പാര്‍ട്ടികളെല്ലാം ആഞ്ഞടിച്ചപ്പോല്‍ ഡല്‍ഹി ഭരണകക്ഷിയായ ആം ആദ്മി നിശ്ശബ്ദമായിരുന്നു. ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍ക്കു നേരേ ആക്രമണമുണ്ടായപ്പോഴും ജെ എന്‍ യുവില്‍ രാത്രി ഗുണ്ടാ സംഘം കയറി അക്രമം അഴിച്ചുവിട്ടപ്പോഴും കെജ്‌രിവാള്‍ ഒരു വാക്കുപോലും ഉരിയാടിയില്ല. ഫാസിസത്തിനെതിരെ പോരാടുന്ന കനയ്യ കുമാറിനെതിരെ ദേശദ്രോഹ കുറ്റം ചുമത്താനുള്ള അനുമതി നല്‍കിയതും അദ്ദേഹത്തിന്റെ ഹിന്ദുത്വ നിലപാട് വെളിപ്പെടുത്തുന്നു. സി എ എക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി വിട്ടുനിന്നു. അതേസമയം കര്‍ഷക പ്രക്ഷോഭകരെ ദേശവിരുദ്ധരെന്ന് ആരോപിച്ച ബി ജെ പി നേതാക്കളെയും മന്ത്രിമാരെയും രൂക്ഷമായി വിമര്‍ശിക്കാന്‍ കെജ്‌രിവാള്‍ മറന്നുമില്ല. കര്‍ഷക നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആം ആദ്മി നേതാവും ഡല്‍ഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രംഗത്തുവരികയുമുണ്ടായി.

രാജ്യത്ത് രാഷ്ട്രീയം വേരുപിടിക്കണമെങ്കില്‍ മതേതരത്വം കൈവിട്ട് ഹിന്ദുത്വമോ മൃദു ഹിന്ദുത്വമോ സ്വീകരിക്കണമെന്ന ചിന്താഗതി രാഷ്ട്രീയ ഭൂമികയില്‍ വിശിഷ്യാ ഉത്തരേന്ത്യയില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ഇത് അപകടകരവും രാജ്യം അടിസ്ഥാന തത്വമായി അംഗീകരിച്ച മതേതരത്വത്തിന്റെ അടിവേരറുക്കുന്നതുമാണ്. നേരത്തേ കോണ്‍ഗ്രസ്സാണ് ഇതിനു തുടക്കമിട്ടത്. 1949 ഡിസംബര്‍ 22ന് അര്‍ധരാത്രി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദില്‍ അതിക്രമിച്ചു കയറി സ്ഥാപിച്ച രാമവിഗ്രഹം എടുത്തുമാറ്റാന്‍ വിസമ്മതിച്ചതു മുതല്‍ തുടങ്ങുന്നു കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ യാത്ര. അതിന്നും തുടര്‍ന്നു വരുന്നു. തിരഞ്ഞെടുപ്പ് വേളകളില്‍ ക്ഷേത്ര സന്ദര്‍ശനം രാഹുല്‍ ഗാന്ധിയുടെ പതിവ് ചടങ്ങാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം 26 ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പൂജയില്‍ പങ്കെടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും നടത്തി അദ്ദേഹം ക്ഷേത്ര സന്ദര്‍ശനങ്ങള്‍. പക്ഷേ, ബി ജെ പിയുടെ തീവ്ര ഹിന്ദുത്വത്തെ കീഴടക്കാന്‍ രാഹുലിന്റെ മൃദു ഹിന്ദുത്വത്തിന് സാധിച്ചില്ല. ആം ആദ്മിയുടെ അനുഭവവും മറിച്ചാകാന്‍ തരമില്ല. മൃദു ഹിന്ദുത്വം കൊണ്ട് യു പിയിലും ഉത്തരാഖണ്ഡിലുമെല്ലാം നേട്ടം കൊയ്യാമെന്ന പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ വൃഥാവിലാണ്. ഡല്‍ഹിയില്‍ ആം ആദ്മിക്ക് വന്‍വിജയം നേടാനായത് പാര്‍ട്ടി നടപ്പാക്കിയ ജനകീയ പദ്ധതികള്‍ കൊണ്ടാണ്. മൃദു ഹിന്ദുത്വ സമീപനം കൊണ്ടല്ല. ബി ജെ പിയുടെ തീവ്ര ഹിന്ദുത്വത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ ബദലും കറകളഞ്ഞ മതേതര പ്രസ്ഥാനവുമായി ആം ആദ്മി വളര്‍ന്നു വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.