Connect with us

Editorial

അതിദാരിദ്ര്യ മുക്തമായാല്‍ മതിയോ?

കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നുവെന്ന് അഭിമാനപൂര്‍വം പറയുമ്പോഴും ആദിവാസികള്‍ തുടങ്ങി അരുവത്കരിക്കപ്പെട്ടവരുടെയും മുസ്‌ലിം സമുദായത്തില്‍ വലിയൊരു വിഭാഗത്തിന്റെയും ജീവിത നിലവാരത്തില്‍ എത്രത്തോളം മാറ്റം വന്നു എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്.

Published

|

Last Updated

2025 നവംബര്‍ ഒന്നോടെ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളുടെ അഭാവം അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ 64,000 പേരെയാണ് സംസ്ഥാന സര്‍ക്കാര്‍ അതിദരിദ്രരായി കണ്ടെത്തിയത്. 1,034 തദ്ദേശഭരണ സ്ഥാപനത്തിലെ 19,489 വാര്‍ഡില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ്് സര്‍വേ നടത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, പഠന സൗകര്യങ്ങള്‍ ഒരുക്കല്‍, സ്ഥിരമായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഭക്ഷണം ഉറപ്പാക്കല്‍, അശരണരുടെ പുനരധിവാസം, തൊഴില്‍ കാര്‍ഡ് ലഭ്യമാക്കല്‍ എന്നിങ്ങനെ എല്ലാതലത്തിലും സര്‍ക്കാര്‍ കൈത്താങ്ങുറപ്പാക്കുന്നതാണ് അതിദാരിദ്ര്യ മുക്ത കേരളം പദ്ധതി.

ദാരിദ്ര്യ നിര്‍മാര്‍ജനമായിരുന്നു നേരത്തേ സര്‍ക്കാറിന്റെ മുദ്രാവാക്യം. ഇപ്പോഴിത് അതിദാരിദ്ര നിര്‍മാര്‍ജനത്തിലേക്ക് മാറിയത് ആളുകളുടെ എണ്ണം കുറക്കാനും സാമ്പത്തിക ഭാരം കുറക്കാനുമായിരിക്കാം. എന്നാലും 64,000 പേരുടെ അതിദാരിദ്ര്യത്തിനു അറുതി വരുത്താനായാല്‍ അതൊരു വലിയ നേട്ടം തന്നെ. പൗരന് അടിസ്ഥാന അവകാശങ്ങള്‍ ലഭ്യമാക്കുകയെന്നത് ഏറെ പ്രധാനവും ഭരണകൂടങ്ങളുടെ ബാധ്യതയുമാണ്. രണ്ടര വര്‍ഷത്തിനകം സര്‍ക്കാറിന് ഈ നേട്ടം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം ദാരിദ്ര്യവുമായി ബന്ധപ്പെട്ട് നിതി ആയോഗ് 2021ല്‍ പ്രസിദ്ധീകരിച്ച സൂചികയനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 0.71 ശതമാനം അഥവാ 2,54,492 പേര്‍ ദരിദ്രരാണ്. 2021ലാണ് പട്ടിക പ്രസിദ്ധീകരിച്ചതെങ്കിലും ഇതിന്റെ വിവര സമാഹരണം നടത്തിയത് 2014ലാണ്. അഥവാ കൊവിഡിനു മുമ്പത്തെ പഠനമാണിത്. കൊവിഡിന്റെ ആഘാതം റിപോര്‍ട്ടില്‍ പ്രതിഫലിക്കുന്നില്ല. കൊവിഡ് കാലത്തെ രണ്ട് വര്‍ഷക്കാലം കൊണ്ട് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വന്‍തകര്‍ച്ചയുണ്ടായി. ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വര്‍ധിച്ചു. ഇതുമൂലം 4.6 കോടി ജനങ്ങള്‍കൂടി ദരിദ്രരുടെ പട്ടികയിലേക്ക് കടന്നു വന്നിട്ടുണ്ടെന്നാണ് പഠനം കാണിക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രതികൂല സാഹചര്യം മൂലം കാര്‍ഷിക മേഖല വിടേണ്ടി വന്നവരും ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് വെറുംകൈയോടെ നാട്ടിലെത്തിയ പ്രവാസികളും നിതി ആയോഗിന്റെ കണക്കുകള്‍ക്കു പുറത്താണ്. ഇവ കൂടി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തെ ദരിദ്രരുടെ എണ്ണം 0.71 ശതമാനത്തില്‍ ഒതുങ്ങില്ല.

ദാരിദ്ര്യത്തിന്റെ നിര്‍വചനവും വ്യാപ്തി കണക്കാക്കലും സങ്കീര്‍ണമാണെങ്കിലും മിനിമം ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത, ജീവിക്കാനാവശ്യമായ അടിസ്ഥാന വസ്തുക്കള്‍ ലഭ്യമല്ലാത്ത സ്ഥിതിവിശേഷമാണ് ദാരിദ്ര്യം കൊണ്ടു പൊതുവെ വിവക്ഷിക്കപ്പെടുന്നത്. ഭക്ഷ്യക്കുറവ് മാത്രമല്ല, പോഷകാഹാരക്കുറവ്, ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത അവസ്ഥ, വിദ്യാഭ്യാസക്കുറവ്, ജാതീയവും മതപരവുമായ വിവേചനം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. നിതി ആയോഗ് കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ കണക്കിെലടുക്കുമ്പോള്‍ ഇത്രയും പേര്‍ ദരിദ്രരായി ഇനിയും അവശേഷിക്കുന്നത് ഭൂഷണമല്ല. പുതിയ കേരളം പടുത്തുയര്‍ത്തുക എന്നതാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായുള്ള ദീര്‍ഘകാല പദ്ധതികളും ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കുവാനുള്ള സത്വര ക്ഷേമനടപടികളും ഉള്‍ച്ചേരുന്ന ദ്വിമുഖ നയപരിപാടിയെന്നാണ് എല്‍ ഡി എഫ് ഇതിനെ പരിചയപ്പെടുത്തുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ നടന്ന വികസനങ്ങളുടെ ഗുണഫലങ്ങള്‍ വേണ്ടത്ര അനുഭവിക്കുവാന്‍ കഴിയാത്തവരോ വികസനപ്രക്രിയയില്‍ അവഗണിക്കപ്പെട്ടരോ ആയ ലക്ഷക്കണക്കിനാളുകള്‍ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. അനാഥര്‍, അബലര്‍, നിരാലംബര്‍, വിധവകള്‍, വയോധികര്‍, സാംക്രമിക രോഗ ബാധിതര്‍, തെരുവുകുട്ടികള്‍ തുടങ്ങി ധാരാളമാളുകള്‍ ഇപ്പോഴും ദാരിദ്ര്യത്തിന്റെ പിടിയിലാണ്. ആദിവാസി മേഖലയില്‍ പോഷകാഹാരക്കുറവും പട്ടിണിയും അപരിഹാര്യ പ്രശ്‌നമായി അവശേഷിക്കുന്നു. 2021-ല്‍ ഒമ്പത് കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവു മൂലം അവിടെ മരിച്ചത്. കൊടുംപട്ടിണി മൂലം ഭക്ഷണം തേടി നാട്ടിലിറങ്ങിയതിനെ തുടര്‍ന്നാണല്ലോ അട്ടപ്പാടിയില്‍ മധു ദാരുണമായി കൊല്ലപ്പെട്ടത്. മലയാളികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും വിദ്യാഭ്യാസ നിലവാരം ഉയരുകയും ചെയ്‌തെങ്കിലും അട്ടപ്പാടിയിലെ ആയുര്‍ദൈര്‍ഘ്യം ശരാശരി 49 വയസ്സാണെന്നാണ് ഒരു പഠനം പറയുന്നത്. മാത്രമല്ല, പട്ടിണി മരണങ്ങള്‍ ആദിവാസി മേഖലക്കു പുറത്തും റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നുവെന്ന് അഭിമാനപൂര്‍വം പറയുമ്പോഴും ആദിവാസികള്‍ തുടങ്ങി അരുവത്കരിക്കപ്പെട്ടവരുടെയും മുസ്‌ലിം സമുദായത്തില്‍ വലിയൊരു വിഭാഗത്തിന്റെയും ജീവിത നിലവാരത്തില്‍ എത്രത്തോളം മാറ്റം വന്നു എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വികസനം കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ വിഭാഗതിന്റെയും സാമൂഹികവും അടിസ്ഥാനപരവുമായ മാറ്റവും പുരോഗമനവുമാണ്. അതിജീവനത്തിനായി കഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുന്നതു വഴി അവര്‍ക്കു സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങുമെന്നാണ് “അതിദാരിദ്ര്യ മുക്ത കേരള’ത്തെ പരിചയപ്പെടുത്തവേ മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ കണക്കിലുള്ള 64,000 പേരില്‍ പരിമിതപ്പെടുത്താതെ ജീവിത പ്രയാസങ്ങള്‍ അനുഭവിക്കുന്ന മുഴുവന്‍ പേര്‍ക്കും സന്തോഷ ജീവിതം ഉറപ്പ് വരുത്താനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ടത്.

Latest