Connect with us

Kozhikode

കമ്മ്യൂണിസമോ വഹാബിസമോ കൂടുതൽ അപകടകാരി?; ഇ കെ വിഭാഗത്തിൽ ചർച്ച സജീവം

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും റഹ്‌മത്തുല്ല ഖാസിമി മുത്തേടവുമാണ് വഹാബിസത്തിനെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | കമ്മ്യൂണിസമോ വഹാബിസമോ കൂടുതൽ അപകടകാരിയെന്ന ചർച്ചയിൽ ഇ കെ വിഭാഗം നേതാക്കൾ. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും റഹ്‌മത്തുല്ല ഖാസിമി മുത്തേടവുമാണ് വഹാബിസത്തിനെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ചെമ്മാട് ദാറുൽഹുദാ പൂർവ വിദ്യാർഥിയും ഈ സ്ഥാപനത്തിലെ പ്രിൻസിപ്പലുമായ ശറഫുദ്ദീൻ ഹുദവി ആനമങ്ങാട് ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ചർച്ച സജീവമായത്. അതേസമയം, കമ്മ്യൂണിസത്തേക്കാൾ അപകടകരമാണ് വഹാബിസം എന്ന തലക്കെട്ടിൽ റഹ്‌മത്തുല്ല ഖാസിമി മുത്തേടം പാഴൂർ ദാറുൽ ഖുർആനിൽ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. എന്നാൽ, വഹാബിസം, ലിബറലിസം, മതനിരാസം എന്ന വിഷയത്തിൽ ദാറുൽ ഹുദാ സ്റ്റുഡന്റ്‌സ് യൂനിയൻ ദ്വൈമാസ ക്യാമ്പയിനിന് തുടക്കം കുറിച്ചിട്ടുണ്ട്. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്.

നമ്മുടെ ഉള്ളിൽ നിന്ന് കാർന്നുതിന്നുന്ന വെഞ്ചെതലാണ് വഹാബിസമെന്നായിരുന്നു ഇ കെ വിഭാഗം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിച്ചത്. ഖുർആനും ഹദീസും പറഞ്ഞ് ഉള്ളിലൂടെ അരിച്ചുവരുന്ന മത പരിഷ്‌കരണ വാദികൾ അത്യന്തം അപകടകാരികളാണെന്നും കമ്മ്യൂണിസം മതനിഷേധമാണെങ്കിൽ അതിലേക്കുള്ള പാലമാണ് വഹാബിസം. കമ്മ്യൂണിസത്തിനെതിരെ ലേഖനങ്ങളും പഠന ക്ലാസ്സുകളും നടത്തുന്നവരാണ് മുസ്‌ലിം സംഘടനകൾ. കമ്മ്യൂണിസം പുറത്തെ ശത്രുവാണെങ്കിൽ വഹാബിസം അകത്തെ ശത്രുവാണ്. കഴിഞ്ഞ കുറച്ചു കാലമായി നാം നേരിടുന്ന പ്രശ്‌നമാണ് ലിബറലിസവും വഹാബി ലളിതവത്കരണവും. ശരീഅത്ത് ഭേദഗതി ചെയ്യൽ തെറ്റല്ലെന്ന് വാദിക്കുന്ന ഇക്കൂട്ടർ ചില സമന്വയ സ്ഥാപനങ്ങളിലെ ബിരുദധാരികളാണെന്നത് ഖേദകരമാണ്.

ബിദ്അത്തുകാരുമായി അകലം പാലിക്കൽ സമസ്തയുടെ പ്രഖ്യാപിത നിലപാടാണെങ്കിൽ, ആ അകലം കുറച്ചു എന്ന് മാത്രമല്ല സലഫി സംസ്ഥാന സമ്മേളനത്തിൽ വിഷയാവതരണം വരെ നടത്തുന്ന പ്രവണതകൾ കമ്മ്യൂണിസ്റ്റ് ആരോപണത്തിന്റെ മറവിൽ വിസ്മരിക്കാവുന്നതല്ലെന്നും അമ്പലക്കടവ് ഓർമപ്പെടുത്തുന്നു. എന്നാൽ, മുസ്‌ലിം ലീഗിനെയും സമസ്തയെയും വിള്ളലില്ലാതെ മുന്നോട്ട് കൊണ്ടു പോകണമെന്ന് ചെമ്മാട് ദാറുൽ ഹുദാ പ്രിൻസിപ്പലും സ്ഥാപനത്തിലെ മുൻ വിദ്യാർഥിയുമായ ശറഫുദ്ദീൻ ഹുദവി ആനമങ്ങാട് പ്രതികരിച്ചു. വഹാബിസം കമ്മ്യൂണിസത്തേക്കാൾ അപകടകരമാണെന്ന് പറയാൻ ഹുദവികളെ കിട്ടില്ല. സൈനുൽ ഉലമ(ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ) ഞങ്ങളെ പഠിപ്പിച്ചത്, നൂറിൽ നൂറ് സുന്നിയാവാനാണ്. 110 ആവാനല്ലെന്നും ദാറുൽഹുദായിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
കമ്മ്യൂണിസത്തക്കാൾ അപകടകരമല്ല വഹാബിസമെന്ന് പറയാൻ തക്കവണ്ണം നമ്മുടെ അനുജൻമാരുടെ മനസ്സ് അവർക്ക് മാറ്റാൻ കഴിഞ്ഞുവെങ്കിൽ അവരുടെ പണി എത്രയായിരിക്കുമെന്ന് റഹ്‌മത്തുല്ല ഖാസിമി മുത്തേടം പ്രഭാഷണത്തിൽ ചോദിച്ചു. വഹാബിസവും കമ്മ്യൂണിസവും എതിർക്കപ്പെടണം എന്നാണ് പറയേണ്ടത്.

കമ്മ്യൂണിസം തേടിപ്പോയവൻ ദുൻയാവിനെ(ഇഹലോകം) തേടിപ്പോയവരാണ്. എന്നാൽ, വഹാബിസത്തിലേക്ക് പോയവർ സ്വർഗം തേടിപ്പോയവരാണ്. അവരെയാണ് ആയത്തും ഹദീസും ഓതി നാശമാക്കിയതെന്നും റഹ്‌മത്തുല്ല ഖാസിമി വ്യക്തമാക്കി. ഇവരെ എതിർക്കാൻ ഞങ്ങളില്ല എന്ന് പറയുന്നവർ പിന്നെ എന്താണ് മുസ്‌ലിമിന് പണിയെന്ന് പറയണം. ലോകത്തുള്ള സകല ഭീകരവാദത്തിന്റെയും തുടക്കം വഹാബികളാണ്. ജയ്ശെ മുഹമ്മദ്, ഹർകത്തുൽ മുജാഹിദീൻ എന്നീ സംഘടനകൾ ഇതിന് ഉദാഹരണം. വഹാബിസം ക്രൂരമാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വർഗീയത വളർത്തിയത് എം എം അക്ബറും സാകിർ നായികുമാണ്. ആധുനിക മുസ്‌ലിം സമൂഹത്തിലെ ആദ്യത്തെ ഭീകരവാദി വഹാബി സ്ഥാപകൻ മുഹമ്മദ്ബ്‌നു അബ്ദുൽ വഹാബാണെന്നും സയ്യിദൻമാരെയും ആലിമീങ്ങളെയുമടക്കം ലക്ഷങ്ങളെയാണ് ലോകത്ത് കൊന്നു തള്ളിയതെന്നും ഖാസിമി പറയുന്നു. പഠിക്കണം, കുളത്തിലെ തവളയാകരുത്. വഹാബിസത്തെ താലോലിക്കുന്നവരുടെ ലക്ഷ്യം എനിക്കറിയാമെന്നും ഖാസിമി വിശദീകരിച്ചു. ഇതിനെല്ലാം പുറമെ, വഹാബിസത്തെയും കമ്മ്യൂണിത്തെയും പറ്റി മൂർഖനും അണലിയുമായി വിശേഷിപ്പിച്ചും ചർച്ച നടക്കുന്നുണ്ട്. ഏതിനാണ് കൂടുതൽ വിഷമെന്നാണ് പ്രതീകാത്മകമായി നടക്കുന്ന ചർച്ചയിലെ വിഷയം.

‘സലഫികളുമായി ശാശ്വതമായ ഐക്യമില്ല’

കോഴിക്കോട് | കേവല മുസ്‌ലിം നാമധാരികളെ സൃഷ്ടിക്കാൻ വേണ്ടി സയണിസ്റ്റ് ഏജന്റുകൾ സൃഷ്ടിച്ചെടുത്ത ആദർശമാണ് സലഫിസമെന്ന് മലപ്പുറത്തെ സമസ്ത ഇ കെ വിഭാഗം സമ്മേളനത്തിൽ പ്രസംഗിക്കവേ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
പാണക്കാട് തങ്ങളും ജിഫ്‌രി തങ്ങളും വഹാബികൾക്ക് മുശ്‌രിക്കുകളാണ്. ഐക്യമെന്ന് സലഫികൾ വെറുതെ പറയുന്നതാണ്. നാവിൽ നിന്ന് പുറത്തേക്കും ചുണ്ടിൽ നിന്ന് അകത്തേക്കും ആ പദം കടക്കുന്നില്ല. ആർ എസ് എസും ബി ജെ പിയും വരെ പാണക്കാട് തങ്ങന്മാരെ അവഹേളിക്കാറില്ല. എന്നാൽ, സലഫികൾ അങ്ങനെയല്ല. അറബ് രാജ്യങ്ങളിൽ പാണക്കാട് തങ്ങന്മാരെ പറ്റി അപരാധം പ്രചരിപ്പിച്ചു. ഇ കെ ഹസൻ മുസ്‌ലിയാർ മരണശയ്യയിൽ കിടക്കുമ്പോൾ നിങ്ങൾ മുശ്‌രിക്കാണെന്നും മുസ്‌ലിമാവണമെന്നും ആവശ്യപ്പെട്ട് കത്തെഴുതിയ ആളാണ് മുജാഹിദ് നേതാവ് കെ ഉമർ മൗലവി. സലഫി വിഭാഗങ്ങളുമായി ശാശ്വതമായ ഐക്യം നമുക്കില്ല.
മുജാഹിദ്, ജമാഅത്ത്, സുന്നി തുടങ്ങിയ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുസ്‌ലിം ഐക്യവേദി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് സമസ്തക്ക് മുസ്‌ലിം യൂത്ത് ലീഗ് കത്തെഴുതിയിരുന്നുവെന്നും ആദ്യം ഞങ്ങൾ മുസ്‌ലിംകളാണെന്ന് അംഗീകരിക്കാൻ സലഫി വിഭാഗം തയ്യാറാകട്ടേയെന്നായിരുന്നു നേതാക്കളുടെ മറുപടിയെന്നും അമ്പലക്കടവ് വ്യക്തമാക്കി.