From the print
കൈയേറ്റങ്ങള്‍ കണ്ടുനില്‍ക്കരുത്, ഇന്ത്യ ഇടപെടണം: കാന്തപുരം
അമേരിക്കയുടെ കൈയേറ്റങ്ങള്‍ക്കെതിരെ ഇന്ത്യ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കണം. വെനസ്വലക്ക് നേരെയുള്ള ഏകപക്ഷീയ ആക്രമണങ്ങള്‍ ഒരുനിലക്കും അംഗീകരിക്കാന്‍ കഴിയില്ല.
തലമുറയിലേക്ക് ഒഴുകുന്ന കരുതല്‍ | സ്വീകരണസ്ഥലത്തേക്ക് പോകുന്ന കാന്തപുരം ഉസ്താദിന് അഭിവാദ്യം അര്‍പ്പിക്കുന്ന ബാലന്‍
കോഴിക്കോട് | സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ കൈയേറ്റങ്ങളെ ലോകം കൈയുംകെട്ടി നോക്കി നില്‍ക്കരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇന്ത്യ ഇതിനെതിരായി ശബ്ദിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മുതലക്കുളത്ത് കേരള യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ കൈയേറ്റങ്ങള്‍ക്കെതിരെ ഇന്ത്യ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കണം. വെനസ്വലക്ക് നേരെയുള്ള ഏകപക്ഷീയ ആക്രമണങ്ങള്‍ ഒരുനിലക്കും അംഗീകരിക്കാന്‍ കഴിയില്ല. ഒരു കാലത്ത് നമ്മുടെ നാട്ടില്‍ രാജ വാഴ്ചയായിരുന്നു. അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടാണ് നമ്മള്‍ ജനാധിപത്യ രാജ്യമായത്. എന്നാല്‍, രാജ്യങ്ങളുടെ പരമാധികാരത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളെ ഏകപക്ഷീയമായി ആക്രമിക്കുന്ന പ്രവൃത്തി ജനാധിപത്യമെന്ന സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കും.
ലോകം പതിയെ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്ന് ആശങ്കയുണ്ട്. ആക്രമിക്കപ്പെടുന്ന ലോകത്തെ എല്ലാ മനുഷ്യരോടുമൊപ്പം നില്‍ക്കാന്‍ നമുക്ക് കഴിയണമെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
കോഴിക്കോട് ഇപ്പോള്‍ സാഹിത്യ നഗരമാണ്. കോഴിക്കോടിന്റെ പഴയകാല പ്രൗഢിയും പുതിയ കാലത്തെ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരു വലിയ സാംസ്‌കാരിക കേന്ദ്രം സര്‍ക്കാര്‍ ആരംഭിക്കണം. ഇന്ത്യയുടെ സംസ്‌കാരിക തലസ്ഥാനമായി കോഴിക്കോടിനെ മാറ്റണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.





