Connect with us

Kerala

മേയര്‍ ആക്കാത്തതില്‍ അതൃപ്തിയില്ല, മാധ്യമങ്ങള്‍ കള്ളക്കഥകള്‍ മെനയുന്നു; മലക്കം മറിഞ്ഞ് ആര്‍ ശ്രീലേഖ

മാപ്രകള്‍ എന്ത് കള്ളം പറഞ്ഞാലും, എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല.

Published

|

Last Updated

തിരുവനന്തപുരം |  മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദപ്രസ്താവനയില്‍ മാധ്യമങ്ങളെ പഴിച്ച് ബിജെപിയുടെ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. മേയറാക്കത്തതില്‍ അതൃപ്തിയില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നും ആര്‍ ശ്രീലേഖ സാമുഹിക മാധ്യമത്തില്‍ കുറിച്ചു

‘ഇന്ന് എന്നെ ഓഫീസില്‍ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് ശല്യം ചെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ ചിലര്‍ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു. മാപ്രകള്‍ എന്ത് കള്ളം പറഞ്ഞാലും, എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല. മഹത്തായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം മാത്രം!’- സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ ശ്രീലേഖ പറയുന്നു.

അതേ സമയം മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ആര്‍ ശ്രീലേഖ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മേയര്‍ ആക്കുമെന്ന തരത്തിലായിരുന്നു പ്രചാരണം. അവസാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് വി വി രാജേഷ് മേയറായതെന്നും ശ്രീലേഖ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

‘എന്നെ തെരഞ്ഞെടുപ്പിന് നിര്‍ത്തിയത് കൗണ്‍സിലറായിട്ട് മത്സരിക്കാന്‍ വേണ്ടിയല്ല. മേയറാകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. മത്സരിക്കാന്‍ ഞാന്‍ വിസമ്മതിച്ചിരുന്നു. ഞാനായിരിക്കും തെരഞ്ഞെടുപ്പിന്റെ മുഖം എന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടയാളെന്നുമാണ് വിചാരിച്ചത്. എന്നാല്‍ കൗണ്‍സിലര്‍ ആകേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചാണ് നിന്നത്. അങ്ങനെതന്നെയാണ് പറഞ്ഞിരുന്നതും അത്തരമൊരു ചിത്രമാണ് എല്ലായിടത്തും കൊടുത്തിരുന്നതും. എല്ലാ പത്രങ്ങളുടെയും ചര്‍ച്ചകള്‍ക്കും എന്നെയാണ് വിട്ടുകൊണ്ടിരുന്നത്. അവസാന നിമിഷം വരെ അങ്ങനെയാണ് കേട്ടിരുന്നത്. എന്തോ കാരണങ്ങള്‍ക്കൊണ്ട് അവസാനനിമിഷം മാറി. രാജേഷിന് ഭേദപ്പെട്ട രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ആശയ്ക്ക് നല്ല ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കേന്ദ്രത്തിന് തോന്നിയതുകൊണ്ടാണ് അത്തരമൊരു തീരുമാനം വന്നതെന്നാണ് എന്റെ കണക്കുകൂട്ടല്‍’. ശ്രീലേഖ പറഞ്ഞു.

കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല. എന്നെ ജയിപ്പിച്ച ആളുകളുണ്ട്. അവരോട് തനിക്ക് ആത്മാര്‍ത്ഥതയും കൂറും ഉണ്ട്. അതിനാലാണ് അഞ്ച് വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരാന്‍ തീരുമാനിച്ചത്. ചിലപ്പോള്‍ അത് നല്ലതിനായിരിക്കുമെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ ഇപ്പോഴത്തെ മലക്കം മറച്ചില്‍